
ഹോര്‍സെന്‍: സ്വപ്‌നതുല്യമായ ജയവുമായി ഭാരതം തോമസ് കപ്പ് ബാഡ്മിന്റണ്‍ ക്വാര്‍ട്ടറില്‍ കടന്നു. ഗ്രൂപ്പ് എയില്‍ നിന്നും ആദ്യമായി നോക്കൗട്ടിലെത്തുന്ന ടീം ആകാനും ഭാരതത്തിന് സാധിച്ചു. ഓസ്‌ട്രേലിയക്കെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ 5-0ന്റെ വിജയം സ്വന്തമാക്കിയാണ് ഭാരതം മുന്നേറിയത്. മത്സരത്തില്‍ ഒരു ഗെയിം പോലും നഷ്ടപ്പെടുത്താതെ അതിവേഗ കുതിപ്പാണ് ഭാരതം നടത്തിയത്.
രണ്ട് പുരുഷ ടീമുകളും മൂന്ന് സിംഗിള്‍സ് താരങ്ങളും നേരിട്ടുള്ള ഗെയിം വിജയം സ്വന്തമാക്കിയെന്നതായിരുന്നു മത്സരത്തിന്റെ വലിയ പ്രത്യേകത. ഇത്തരം മിന്നും വിജയത്തിലൂടെ അധികം സമയം പാഴാക്കാതെ ഭാരതത്തിന് മത്സരം തീര്‍ക്കാന്‍ സാധിച്ചു.
കാനഡയ്‌ക്കെതിരായ ആദ്യ മത്സരത്തിലെ ക്ഷീണം തീര്‍ത്തുകൊണ്ടാണ് ലക്ഷ്യ സെന്‍ തുടങ്ങിയത്. സാമിനെ 21-14, 21-16ന് തകര്‍ത്തത് വെറും 37 മിനിറ്റുകൊണ്ട്.
അടുത്ത ഊഴം ആയുഷ് ഷെട്ടിയുടേതായിരുന്നു. ശ്രേയ് ദന്ദിനോടെതിര്‍ത്ത താരം 21-8, 21-6ന്റെ അത്യുഗ്രന്‍ ജയം പിടിച്ചെടുത്തു. അരമണിക്കൂര്‍ തികച്ച് വേണ്ടിവന്നില്ല. 26 മിനിറ്റില്‍ മത്സരം തീര്‍ന്നതോടെ ഭാരത ലീഡ് 2-0 ആയി.
കഴിഞ്ഞ തവണത്തെ മൂന്നാം സിംഗിള്‍സില്‍ പൊരുതിയ കിഡംബി ശ്രീകാന്തിന് വിശ്രമം നല്‍കി എച്ച്.എസ്. പ്രണോയി ആണ് ഇന്നലെ ഇറങ്ങിയത്. കൃത്യം 30 മിനിറ്റില്‍ ഓസ്‌ട്രേലിയക്കായെത്തിയ റിഷി ഹോണ്ട ഭൂപതിയുടെ കഥ തീര്‍ത്തു. 21-11, 21-17
ഡബിള്‍സില്‍ ഭാരതത്തിന്റെ സ്റ്റാര്‍ സഖ്യം സാത്വിക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം അനായാസം ജയിച്ചതിന് പിന്നാലെ മറ്റൊരു ഡബിള്‍സ് സഖ്യം ഹരിഹരന്‍ അംസകരുണന്‍-എം.ആര്‍.അര്‍ജുന്‍ സഖ്യത്തിന്റെ വിജയത്തോടെയാണ് ഭാരതം 5-0 തികച്ചത്. ഓസ്‌ട്രേലിയക്കായി പൊരുതിയ അന്ദിക രമാദിയാന്‍സ്യ-എഫ്രെയിം സ്റ്റീഫന്‍ സാം സഖ്യത്തെ 21-12, 21-10ന് വെറും 23 മിനിറ്റുകൊണ്ടാണ് തോല്‍പ്പിച്ചത്.
ഗ്രൂപ്പ് എയില്‍ രണ്ടാം മത്സരത്തിലാണ് ഭാരതം ത്രസിപ്പിക്കുന്ന ജയം നേടിയത്. ആദ്യ മത്സരത്തില്‍ കാനഡയ്‌ക്കെതിരെ 4-1ന്റെ വിജയം നേടിയിരുന്നു. അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ നിലവിലെ ജേതാക്കള്‍ കൂടിയായ ചൈനയോടാണ് ഭാരതം എതിരിടുക. നാളെയാണ് മത്സരം.









