
വാഷിങ്ടൺ: സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ചൈനീസ് പൗരൻമാർക്ക് വിലക്ക് ഏർപ്പെടുത്തി നാസ. നാസയുടെ ബഹിരാകാശ പദ്ധതികളിൽ നിന്ന് ചൈനീസ് പൗരൻമാരെ ഒഴിവാക്കുന്നതായാണ് റിപ്പോർട്ട്. ചൈനീസ് പൗരൻമാരായ കരാർ തൊഴിലാളികൾക്കോ ഗവേഷക വിദ്യാർഥികൾക്കോ ആണ് നേരത്തെ നാസയിൽ ജോലിക്ക് അവസരം ഉണ്ടായിരുന്നത്. സെപ്റ്റംബർ അഞ്ച് മുതൽ ചൈനീസ് പൗരൻമാർക്ക് നാസയുടെ എല്ലാ സംവിധാനങ്ങളിലേക്കുമുള്ള പ്രവേശനം പൂർണമായും ഇല്ലാതായെന്നാണ് ബ്ലൂംബർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നാസ ചൈനീസ് പൗരൻമാർക്ക് വിലക്ക് ഏർപ്പെടുത്തിയത്. തങ്ങളുടെ സൗകര്യങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് ചൈനക്കാരെ വിലക്കിയതായി നാസ സ്ഥിരീകരിച്ചിട്ടുണ്ട്.
ALSO READ: ഇന്ത്യ-യു.എസ് മഞ്ഞുരുകുന്നു; അണിയറയിൽ ഒരുങ്ങുന്നത് ശതകോടികളുടെ പ്രതിരോധ കരാർ
നമ്മുടെ ബഹിരാകാശ പദ്ധതികളുടെ സുരക്ഷ ഉറപ്പാക്കാൻ വിവിധ സൈബർ സുരക്ഷയുള്ള സംവിധാനങ്ങളിലേക്കും സൗകര്യങ്ങളിലേക്കും മറ്റു നെറ്റ്‌വർക്കിലേക്കുമുള്ള ആക്സസ് നിയന്ത്രിക്കുന്നതിനായി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് നാസയുടെ പ്രസ് സെക്രട്ടറി ബെഥാനി സ്റ്റീവൻസ് ബുധനാഴ്ച എഎഫ്പിയോട് പറഞ്ഞു. ചൈനീസ് പൗരന്മാർക്കെതിരെ നാസ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു.
നാസയുടെ ഡാറ്റ ചൈനയുമായി പങ്കിടുന്നത് വാഷിങ്ടൺ വിലക്കിയതിനാൽ ചൈനീസ് ബഹിരാകാശ യാത്രികരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഇതിനകം ഒഴിവാക്കിയിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക രംഗത്ത് ഇരു രാജ്യങ്ങളും തമ്മിൽ കടുത്ത മത്സരം നിലനിൽക്കുന്ന സാഹചര്യത്തിൽ നാസ തങ്ങളുടെ രഹസ്യങ്ങൾ ചോരാതിരിക്കാൻ നടത്തുന്ന ജാഗ്രതയുടെ ഭാഗം കൂടിയാണ് ഈ വിലക്ക് എന്നാണ് വിലയിരുത്തപ്പെടുന്നത്.
The post ബഹിരാകാശ പദ്ധതികളിൽ നിന്ന് ചൈനീസ് പൗരൻമാരെ ഒഴിവാക്കി നാസ appeared first on Express Kerala.









