മലപ്പുറം: പ്രായാധിക്യ അവശതകൾ മാറ്റിവെച്ച് മനസ്സ് ചെറുപ്പമാക്കി നഗരസഭയിലെ വയോജനങ്ങൾ വയനാട് ഉല്ലാസയാത്ര മനോഹരമാക്കി. 60 മുതൽ 104 വയസ്സ് വരെയുള്ള 3180 പേരാണ് 83 ബസുകളിലായി വയനാടിന്റെ മനോഹാരിത ആസ്വദിക്കാനായി രാവിലെ ചുരം കയറിയത്. രാവിലെ ആറിന് കോട്ടക്കുന്നിൽ 104 വയസ്സുള്ള ആലത്തൂർപടി സ്വദേശി അണ്ടിക്കാടൻ അലീമ ഉമ്മ ഫ്ലാഗ്ഓഫ് ചെയ്തു. തുടർന്ന് യാത്രക്കാർ ഒരുമിച്ച് കോട്ടക്കുന്ന് മൈതാനിയിൽ വർണക്കുട ചൂടി യാത്രക്ക് തുടക്കംകുറിച്ചു. നഗരസഭാധ്യക്ഷൻ മുജീബ് കാടേരി, സ്ഥിരം സമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ അടക്കം കോട്ടക്കുന്നിൽ സന്നിഹിതരായിരുന്നു.
ഏറ്റവും വലിയ വയോജന ഉല്ലാസയാത്ര എന്ന ഖ്യാതിയോടെയാണ് ‘ഗോൾഡൻ വൈബ്’ എന്ന പേരിൽ യാത്ര സംഘടിപ്പിച്ചത്. മലപ്പുറം നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മെഗാ വയോജന യാത്ര. രാവിലെ കോട്ടക്കുന്നിൽനിന്നു പുറപ്പെട്ട യാത്ര അരീക്കോട് പ്രത്യേകം തയാറാക്കിയ രണ്ടു ഓഡിറ്റോറിയത്തിൽനിന്നും പ്രഭാതഭക്ഷണം കഴിച്ചശേഷം വയനാട് ജില്ലയിലെ പൂക്കോട് തടാകം, കാരാപ്പുഴ ഡാം എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.
ഉച്ചക്ക് വയനാട് മുട്ടിൽ എം.ആർ ഓഡിറ്റോറിയത്തിൽ പ്രത്യേകം തയാറാക്കിയ ഹാളുകളിൽ ഉച്ചഭക്ഷണം നൽകി. ഓരോ വാർഡിൽനിന്നും മൂന്ന് വളന്റിയർമാർ ഓരോ ബസിലും അനുഗമിച്ചിരുന്നു. യാത്രയിലെ ഗതാഗതതടസ്സം നേരിടുന്നതിന് ആർമി റിക്രൂട്ട്മെന്റ് പരിശീലനസ്ഥാപനത്തിലെ പഠിതാക്കൾ, ചുരം സംരക്ഷണ സമിതി എന്നിവർ യാത്രയെ അനുഗമിച്ചു. ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ് അടങ്ങിയ ആംബുലൻസ് ഉൾപ്പെടുന്ന മെഡിക്കൽ ടീമുകൾ യാത്രയുടെ ഭാഗമായി.
യാത്രയിൽ പങ്കെടുത്ത മുഴുവൻ പേർക്കും നഗരസഭയുടെ സ്നേഹോപഹാരം നൽകി. രാത്രി ഭക്ഷണവും നൽകിയാണ് യാത്ര പൂർത്തിയാക്കിയത്. നാടിന്റെ ഓരോ ചലനത്തിലും നിറഞ്ഞുനിൽക്കുകയും വഴികാണിക്കുകയും ചെയ്തവരോടുള്ള കടപ്പാട് കൂടിയായാണ് യാത്ര സംഘടിപ്പിച്ചത്. നഗരസഭയുടെ പ്ലാൻ ഫണ്ടിൽനിന്ന് 40 ലക്ഷം രൂപ യാത്രക്കായി വകയിരുത്തിയിരുന്നു. സ്വകാര്യ ടൂർസ് ആൻഡ് ട്രാവൽ കമ്പനിയാണ് ടെൻഡർ ഏറ്റെടുത്തത്.









