
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനത്തിന്റെ യാത്രാ പരിപാടിയുടെ വിശദാംശങ്ങൾ രാഷ്ട്രപതി ഭവൻ പ്രോട്ടോക്കോൾ വിഭാഗത്തിനു കൈമാറി. ഇതാദ്യമായാണ് ഒരു രാഷ്ട്രപതി ശബരിമല സന്ദർശനം നടത്തുന്നത്. രാഷ്ട്രപതിയുടെ ദർശനം കണക്കിലെടുത്ത് 21, 22 തീയതികളിൽ ദേവസ്വം ബോർഡ് വെർച്വൽ ക്യൂ ബുക്കിങ്ങിനുള്ള സ്ലോട്ട് ഓപ്പൺ ചെയ്തിട്ടില്ല. അതിനാൽ ഭക്തർക്ക് ഈ ദിവസങ്ങളിൽ ശബരിമല ദർശനം ഉണ്ടായിരിക്കില്ല.
രാഷ്ട്രപതിയുടെ യാത്രാ ഷെഡ്യൂൾ ഇങ്ങനെ…
21-ന് തിരുവനന്തപുരത്തെത്തുന്ന രാഷ്ട്രപതി, വൈകീട്ട് രാജ്ഭവനിൽ വിശ്രമിക്കും. പിറ്റേന്ന് രാവിലെ ഒൻപത് മണിയോടെ തിരുവനന്തപുരത്തുനിന്ന് ഹെലിക്കോപ്റ്ററിൽ നിലയ്ക്കലിലെത്തും. അവിടെനിന്ന് കാർ മാർഗം പമ്പയിലെത്തിയ ശേഷം മരാമത്ത് കോംപ്ലക്‌സിൽ അല്പസമയം വിശ്രമം. തുടർന്ന് പമ്പാ സ്‌നാനം നടത്തുന്നതിനുള്ള ആലോചനയും ഷെഡ്യൂളിലുണ്ട്. രാഷ്ട്രപതി ഭവനിൽ നിന്നുള്ള അറിയിപ്പ്, പ്രോട്ടോക്കോൾ വിഭാഗത്തിനും പോലീസ് സുരക്ഷാ വിഭാഗത്തിനും ലഭിച്ചു. ഇതുപ്രകാരമാണ് പമ്പാ സ്നാനത്തിനുള്ള ഒരു സാധ്യത കുറിച്ചിട്ടത്. രാഷ്ട്രപതി മലകയറുന്നതിന് മുൻപ് പമ്പയിൽനിന്ന് ഇരുമുടിക്കെട്ട് നിറയ്ക്കും. തുടർന്ന് രാവിലെ 11.15-ഓടെ സന്നിധാനത്തേക്ക്. ദേവസ്വം ബോർഡിന്റെ ഗൂർഖ ജീപ്പിലായിരിക്കും യാത്ര. ബ്ലൂബുക്ക് പ്രകാരമുള്ള സുരക്ഷ ബാധകമായതിനാൽ കനത്ത സുരക്ഷയൊരുക്കും.
ALSO READ: മൂന്നര വയസുകാരിയുടെ ചെവി കടിച്ചെടുത്ത തെരുവുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു
ഗൂർഖ എങ്ങനെയായിരിക്കണം പമ്പയിൽനിന്ന് സന്നിധാനത്തേക്ക് പോവേണ്ടത് എന്നത് സംബന്ധിച്ച റിഹേഴ്‌സൽ ചെയ്യുന്നതിന് ഹൈക്കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. അനുമതിക്ക് ശേഷം റിഹേഴ്‌സൽ നടക്കും. രാഷ്ട്രപതിയുടെ വാഹനത്തിൽ അഞ്ചുപേരുണ്ടാകും. മറ്റു അകമ്പടി ജീപ്പുകൾ, മെഡിക്കൽ സംഘം, സുരക്ഷാ സംഘം എന്നിവരുമുണ്ടാകും.
ഉച്ചയ്ക്ക് 12 മണിയോടെ സന്നിധാനത്തെത്തി ദർശനം നടത്തും. പിന്നീട് ദേവസ്വം ഗസ്റ്റ് ഹൗസിലെത്തും. തുടർന്ന് ഇതേ ജീപ്പിൽത്തന്നെ മടങ്ങി മൂന്നേകാലോടെ താഴെ പമ്പയിലെത്തും. പിന്നീട് നിലയ്ക്കലിലേക്കും അവിടെനിന്ന് ഹെലിക്കോപ്റ്ററിൽ തിരികെ തിരുവനന്തപുരത്തേക്കുമെത്തും.
The post സന്നിദാനത്തെത്തുക ഗൂർഖ ജീപ്പിൽ, രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിന്റെ യാത്രാ ഷെഡ്യൂൾ ഇങ്ങനെ… appeared first on Express Kerala.









