
പണ്ടൊക്കെ വീടുകളിൽ വളരെ അപൂർവമായി മാത്രം കണ്ടിരുന്ന ഒന്നാണ് പിസ്ത അഥവാ പിസ്താഷിയോ. ഗൾഫിൽ നിന്ന് അവധിക്കെത്തുന്ന പ്രവാസികൾ തങ്ങളുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും കൊണ്ടുവന്നിരുന്ന അമൂല്യ സമ്മാനങ്ങളിൽ ഒന്നായിരുന്നു പിസ്ത. എന്നാൽ ഇന്ന് നാട്ടിൽ സുലഭമാണ് ഈ കുഞ്ഞൻ.
പലതരം ചോക്ലേറ്റുകൾ, ഈത്തപ്പഴം, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവയുടെ കൂട്ടത്തിൽ, പച്ചനിറത്തിലുള്ള ഈ ചെറിയ നട്സും നമ്മുടെ പ്രിയങ്കരം ആയി കഴിഞ്ഞു. ഓരോ തോടും ശ്രദ്ധാപൂർവം പൊളിച്ച്, അതിനുള്ളിലെ പച്ച പിസ്ത പരിപ്പ് എടുത്ത് വായിലിടുമ്പോൾ അതൊരു പ്രത്യേക അനുഭവം തന്നെയാണ് അല്ലെ?
ALSO READ: പുറത്ത് മാത്രമല്ല വീടിനകത്തും വായുമലിനീകരണം ഉണ്ടാകാറുണ്ട്; ഈ നാല് കാര്യങ്ങൾ ശ്രദ്ധിച്ചോളൂ…
പുതിയൊരു പഠനത്തിൽ പ്രായമാകുമ്പോൾ സംഭവിക്കുന്ന കാഴ്ച മങ്ങൽ മറികടക്കാൻ ദിവസവും രണ്ട് പിടി പിസ്ത കഴിച്ചാൽ മതിയെന്ന് ഗവേഷകർ പറയുന്നു. ടഫ്റ്റ്സ് സർവകലാശാല ഗവേഷകർ നടത്തിയൊരു പഠനത്തിലാണ് ഈ കണ്ടെത്തൽ. പ്രായമായവരിൽ കാഴ്ച നഷ്ടപ്പെടാനുള്ള പ്രധാന കാരണമായ മാക്യുലർ ഡീജനറേഷൻ തടയാൻ പിസ്തയിൽ അടങ്ങിയ ല്യൂട്ടിൻ സഹായിക്കുമെന്ന് കണ്ടെത്തി.
എന്താണ് മാക്കുലാർ ഡീജനറേഷൻ?
കണ്ണിന്റെ റെറ്റിനയിലെ മൂർച്ചയുള്ളതും കേന്ദ്രീകൃതവുമായ കാഴ്ചശക്തിക്ക് കാരണമാകുന്ന ഭാഗമാണ് മാക്കുല. പ്രായമാകുമ്പോൾ മാക്കുലയെ ബാധിക്കുന്ന അവസ്ഥയാണ് മാക്കുലാർ ഡീജനറേഷൻ. ഇത് ക്രമേണ കാഴ്ച നഷ്ടപ്പെടുന്നതിലേക്ക് നയിക്കുന്നു.
ALSO READ: ഒരു എനർജി ഡ്രിങ്കിൻ്റെ റെസിപ്പി നോക്കിയാലോ…!
കണ്ണുകളുടെ ആരോഗ്യത്തിന് പിസ്ത
കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത സസ്യ പിഗ്മെന്റായ ല്യൂട്ടിൻ പിസ്തയിൽ അടങ്ങിയിട്ടുണ്ട്. ഉപ്പില്ലാത്തതും, പുറംതോട് നീക്കം ചെയ്തതും, ഉണക്കി വറുത്തതുമായ രണ്ട് പിടി പിസ്ത ദൈനംദിന ഭക്ഷണത്തിൽ ചേർത്ത ആളുകളുടെ മാക്കുലാർ പിഗ്മെന്റ് ഒപ്റ്റിക്കൽ ഡെൻസിറ്റി (MPOD) വെറും ആറ് ആഴ്ചകൾക്കുള്ളിൽ ഗണ്യമായ പുരോഗതി പ്രകടമാക്കിയതായി ഗവേഷകർ നിരീക്ഷിച്ചു.
പിസ്ത രുചികരമായ ലഘുഭക്ഷണം മാത്രമല്ല, അവയ്ക്ക് കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. കൂടാതെ റെറ്റിനയിലെന്ന പോലെ ല്യൂട്ടിൻ തലച്ചോറിലെ ചിലയിടങ്ങളിൽ സംഭരിക്കപ്പെടുന്നു. അവിടെ ഓക്സിഡേറ്റീവ് സമ്മർദവും വീക്കവും കുറയ്ക്കാൻ ഇത് സഹായിക്കുമെന്നും ഗവേഷകർ പറയുന്നു. കണ്ണുകൾക്ക് വേണ്ടി മാത്രമല്ല, ശരീരഭാരം നിയന്ത്രിക്കാനും കുടലിലെ നല്ല ബാക്ടീരിയകളെ പ്രോത്സാഹിപ്പിക്കാനും ഇവ സഹായിക്കും. രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കാനും ഇവ സഹായിക്കുന്നു.
The post ഇത്തിരി കുഞ്ഞൻ പിസ്താ ചില്ലറക്കാരനല്ല! കാഴ്ച മങ്ങൽ മറികടക്കാൻ സഹായിക്കുമെന്ന് ഗവേഷകർ appeared first on Express Kerala.









