
ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ നൽകണമെന്ന് ഇടക്കാല സർക്കാർ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം നടന്ന സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്കിടെ ഹസീന നടത്തിയ പ്രവൃത്തികൾ മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരുമെന്ന് ബംഗ്ലാദേശ് ചീഫ് പ്രോസിക്യൂട്ടർ മുഹമ്മദ് താജുൽ ഇസ്ലാം ആരോപിച്ചു. ചീഫ് പ്രോസിക്യൂട്ടറുടെ ആവശ്യപ്രകാരം ഷെയ്ഖ് ഹസീനയെയും മുൻ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാനെയും രാജ്യത്തെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലിൽ (ഐസിടി) ‘ഒളിവിൽ കഴിയുന്ന കുറ്റവാളികളായി’ വിചാരണ ചെയ്യുകയാണ്. ഈ കേസിൽ മൂന്നാം പ്രതിയായിരുന്ന ചൗധരി അബ്ദുള്ള അൽ-മാമുൻ സംസ്ഥാന സാക്ഷിയായി മാറാൻ സമ്മതിച്ചതാണ് കേസിൽ നിർണായക വഴിത്തിരിവായത്.
ഹസീനയും ഖാനും നടത്തിയ കുറ്റകൃത്യങ്ങളുടെ മുഴുവൻ വിവരങ്ങളും വെളിപ്പെടുത്താമെന്ന് മാമുൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. മാമുന്റെ കുറ്റസമ്മതം സത്യസന്ധവും സമഗ്രവുമാണെന്ന് പ്രോസിക്യൂട്ടർ മുഹമ്മദ് താജുൽ ഇസ്ലാം അഭിപ്രായപ്പെട്ടു. കേസിൽ വിധി പറയുമ്പോൾ മാമുൻ നൽകിയ സഹകരണം ഐസിടി പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചതായി ബംഗ്ലാ ഭാഷയിലുള്ള ‘പ്രോതോം അലോ’ പത്രം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം രാജ്യത്ത് നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാർ സ്വീകരിച്ച നടപടികളാണ് നിലവിലെ കേസിന് ആധാരം.
The post ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് കുരുക്ക് മുറുകുന്നു; ബംഗ്ലാദേശിൽ നാടകീയ നീക്കം! appeared first on Express Kerala.









