
തിരുവനന്തപുരം: പത്തനംതിട്ടയില്‍ നിന്ന് എത്തിയ ഇന്‍ക്ലുസീവ് വിഭാഗം ത്രോ ബോള്‍ കുട്ടികള്‍ക്ക് എല്ലാമെല്ലാമാണ് പരിശീലകയായ അനിത ടീച്ചര്‍. തലസ്ഥാനനഗരിയിലെത്തിയിരിക്കുന്ന ഈ ത്രോ ബോള്‍ സംഘത്തെ ഒരുക്കുന്നതില്‍ ടീച്ചര്‍ മുന്നിട്ട് നിന്ന് വലിയ പ്രയത്‌നമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ഇവര്‍ക്കായി പ്രത്യേക രീതിയില്‍ വേണ്ട പരിശീലനം നല്‍കാന്‍ പ്രത്യേക ടീം തന്നെ സജ്ജമാണെന്ന് ടീച്ചര്‍ പറയുന്നു. കുട്ടികളില്‍ ബിഎ, എച്ച്എ, ഐഡി എന്നിങ്ങനെയാണ് ഓരോ ടീമിനും പരിശീലനം നല്‍കുന്നത്. ഇവരോടൊപ്പം ഒരു ജനറല്‍ കുട്ടി ഉണ്ടായിരിക്കും. മറ്റു കുട്ടികളില്‍ നിന്ന് ഇവരെ മാറ്റി നിര്‍ത്താതിരിക്കാന്‍ ഇത് ഏറെ സഹായകമായിരിക്കും. അങ്ങനെ ഓരോ കാര്യത്തിലും കരുത്തും കരുതലുമായാണ് ടീച്ചര്‍ ഇവര്‍ക്കൊപ്പം നില്‍ക്കുന്നത്. കൃത്യമായ പരിശീലനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. രാവിലെ 10 മുതല്‍ ഉച്ചയ്‌ക്ക് 12 വരെ സമയം ഇതിനായി നീക്കിവയ്‌ക്കും. കഴിഞ്ഞ വര്‍ഷം ഇതേ അനിത ടീച്ചറുടെ നേതൃത്വത്തില്‍ എറണാകുളത്തെത്തിയ ത്രോബോള്‍ സംഘം വെള്ളി നേട്ടവുമായി മടങ്ങി. ഫൈനലിലേറ്റ പരാജയം ഒട്ടും നിരാശപ്പെടുത്തിയിട്ടില്ല. ഇത്തവണ സ്വര്‍ണമാക്കിമാറ്റാനാണ് ശ്രമം. അതിന് സാധിച്ചില്ലെങ്കില്‍ അതിനെ കുറിച്ചോര്‍ക്കേണ്ടതില്ല, ഇന്നത്തെ മത്സരം നമുക്ക് അനുകൂലമല്ല, അത്രയേ ഉള്ളൂ- ടീച്ചറുടെ വാക്കുകള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമായി.









