
തിരുവനന്തപുരം: ”റിഫൈനേ… ചാടിക്കോടാ… ടീച്ചര്‍ ഇവിടെയുണ്ടേ…” അത് കേള്‍ക്കേണ്ട താമസം പരിഭ്രമം മറന്ന് റിഫൈന്‍ ഒന്ന് പുഞ്ചിരിച്ചു. പിന്നാലെ രണ്ട് കൈയും ആവേശത്തോടെ പല തവണ ഉയര്‍ത്തിത്താഴ്‌ത്തി ശബ്ദം കേട്ട ഭാഗത്തേക്ക് സര്‍വ ശക്തിയുമെടുത്ത് കുതിച്ചുയര്‍ന്നൊരു ചാട്ടം… നേരേ ടീച്ചറുടെ മുന്നിലേക്ക്. ലോങ്ജംപ് ഒഫിഷ്യല്‍സ് ദൂരം രണ്ട് മീറ്ററെന്ന് പറഞ്ഞപ്പോള്‍ കൂട്ടുകാരുടെ നിറഞ്ഞ കൈയടിയും ഇരുവരുടെയും മുഖത്ത് സന്തോഷവും.
മലപ്പുറം പാലവട്ടി ജിഎച്ച്എസ്എസിലെ ഒന്‍പതാംക്ലാസുകാരനായ മുഹമ്മദ് റിഫൈന്‍ ആറുവര്‍ഷമായി ചുറ്റുമുള്ള കാഴ്ചകള്‍ കാണുന്നതും അറിയുന്നതും മിഥില ടീച്ചറുടെ ശബ്ദത്തിലൂടെയാണ്. ജന്മനാ അന്ധനായ റിഫൈന്റെ കാഴ്ചയാണ് മിഥില ടീച്ചറുടെ ശബ്ദം. അത് കേട്ടില്ലെങ്കില്‍ റിഫൈന്‍ പരിഭ്രാന്തനാകും. പിന്നെ ഒന്നിനും സാധിക്കില്ല. അതുകൊണ്ട് മിഥില ടീച്ചര്‍ ലോങ്ജംപ് പിറ്റിലേക്ക് ഇറങ്ങി നിന്നാണ് റിഫൈന് നിര്‍ദേശം നല്കിയത്. അതനുസരിച്ച് റിഫൈന്‍ ചാടുകയും ചെയ്തു. ആറ് വര്‍ഷം മുമ്പാണ് പൊന്നാനി അര്‍ബന്‍ റിസോഴ്സ് സെന്റര്‍ വഴി സ്പെഷല്‍ എജ്യൂക്കേറ്ററായ മിഥില ടീച്ചറുടെ അടുത്തേക്ക് റിഫൈന്‍ എത്തുന്നത്. പ്രജോഷ് എന്ന അദ്ധ്യാപകനാണ് റിഫൈനെ സ്‌കൂളിലേക്ക് എത്തിക്കുന്നതും അവനില്‍ ഒരു ചാട്ടക്കാരനുണ്ടെന്ന് കണ്ടെത്തിയതും. തിരുവന്തപുരത്തെ ഒരു മാസത്തെ പരിശീലനം കൊണ്ടാണ് സംസ്ഥാന കായികമേളയിലേക്ക് എത്തിയത്.
ചാട്ടക്കാരന്‍ മാത്രമല്ല സംഗീതത്തിലും താരമാണ് റിഫൈന്‍. ഒന്‍പതാം ക്ലാസിലാണ് പഠനമെങ്കിലും ഇന്‍സ്റ്റഗ്രാമില്‍ 51.1കെ വ്യൂവേഴ്സുണ്ട്. റിഫൈന്‍ പാടുന്ന പാട്ടുകള്‍ക്ക് ആരാധകരേറെ. നൂറിലധികം പാട്ടുകളുണ്ട് ഇന്‍സ്റ്റ അക്കൗണ്ടില്‍. യൂട്യൂബ് കേട്ടാണ് പഠനം. കൂടാതെ കലോത്സവത്തില്‍ ലളിതഗാനത്തിനും മാപ്പിളപ്പാട്ടിനുമൊക്കെ ഒന്നാമനാണ്. സംഗീത സംവിധായകനാകണമെന്നാണ് റിഫൈനിന്റെ ആഗ്രഹം. സ്വന്തമായി എഴുതി സംഗീതം ചെയ്ത ഒരു ഗാനം ഫോണിലുണ്ട്. അത്ലറ്റിക്സ് കഴിഞ്ഞ് വീട്ടിലെത്തിയാലുടന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യണം. മലപ്പുറം പാലപ്പെട്ടി പുതുവീട്ടില്‍ പരേതനായ മുഹമ്മദിന്റെയും-ആമിനക്കുട്ടിയുടെയും അഞ്ച് മക്കളില്‍ ഇളയവനാണ് റിഫൈന്‍. ജ്യേഷ്ഠന്റെ വരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം. എങ്കിലും റിഫൈനിന്റെ എല്ലാ കാര്യത്തിനും പിന്തുണയുമായി കുടുംബവും ഒപ്പമുണ്ട്.









