
സംസ്ഥാന സ്‌കൂള്‍ കായിക മേളയ്‌ക്ക് ഇന്ന് എന്തൊരു പകിട്ടാണ്. ഒളിമ്പിക്‌സിന്റെ മാതൃകയില്‍ എല്ലാ കായികങ്ങളുടെയും സമ്മേളനം. കുട്ടികള്‍ക്ക് ലഭിക്കുന്ന പ്രോത്സാഹനം വളരെ വലുത്. ഈ സമയം, എന്റെ മനസ് 49 വര്‍ഷം പിന്നിലേക്ക് പോവുകയാണ്. – പറയുന്നത് മറ്റൊരുമല്ല, കേരളത്തിന്റെ അഭിമാനമായ അത്‌ലറ്റ് എം.ഡി. വത്സമ്മ. ‘പാലായില്‍ നടന്ന സ്‌കൂള്‍ മീറ്റിലായിരുന്നു തുടക്കം.
വര്‍ഷം 1976. ആ വര്‍ഷം തന്നെയാണ് സ്‌പോര്‍ട്‌സ് തുടങ്ങിയതുപോലും. ആലക്കോട് എന്‍എസ്എസ് സ്‌കൂളിലെ എന്‍. ജെ. പോള്‍ എന്ന പി.ടി. മാഷിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഒരു കൗതുകത്തിനാണ് പരിശീലനം നടത്തിയത്. എന്റെ സ്‌കൂളില്‍നിന്നു ഞാന്‍ മാത്രം. കോച്ചിനൊപ്പമായിരുന്നു പാലായിലെത്തിയത്. അന്ന് ഒരു ജേഴ്‌സിയോ ഒന്നും നിര്‍ബന്ധമില്ല. അതുകൊണ്ട് ധരിച്ചുകൊണ്ടുവന്ന സ്‌കേര്‍ട്ടായിരുന്നു മത്സരിക്കുമ്പോഴുമുള്ള വേഷം. ബെയര്‍ ഫുട്ടിലായിരുന്നു ചാട്ടം. യാതൊരു പരിചയവുമില്ലാതെ മത്സരിച്ചു.
മത്സരിക്കാനെത്തിയ മറ്റുള്ളവരില്‍ പലരും എന്നേക്കാള്‍ പ്രൊഫഷണലായിരുന്നെന്നു മനസിലായി. എന്തായാലും ആദ്യ പോരാട്ടത്തില്‍ത്തന്നെ വെങ്കലമെഡല്‍. കൂടെ മത്സരിച്ചവരില്‍ ഏറ്റവും പ്രമുഖയായിരുന്നു മേഴ്‌സി മാത്യു അഥവാ ഇന്നത്തെ മേഴ്‌സിക്കുട്ടന്‍. പിന്നെ ഒരു മല്ലികയും ഇരുവര്‍ക്കുമായിരുന്നു സ്വര്‍ണവും വെള്ളിയും. ഇന്നൊക്കെയാണേല്‍ മെഡലുകള്‍ വാങ്ങി സ്‌കൂളിന്റെ അഭിമാനമാകുന്നവര്‍ക്ക് പ്രത്യേക അഭിനന്ദനങ്ങളൊക്കെ നല്‍കുന്നത് കാണാറുണ്ട്. എന്നാല്‍, അത്തരത്തിലുള്ള അഭിനന്ദനമോ പാരിതോഷികങ്ങളോ ഒന്നും ആരില്‍നിന്നും ലഭിച്ചിട്ടില്ല. കിട്ടിയ മെഡല്‍ വീട്ടില്‍കൊണ്ടുപോയി ഭദ്രമായി വച്ചു. അച്ഛനും അമ്മയ്‌ക്കും സന്തോഷം. അവിടെനിന്നാണ് എല്ലാ തുടങ്ങിയത്.’ -വത്സമ്മ പറയുന്നു.
സ്‌കൂള്‍ വിട്ടതോടെ ലോങ് ജംപും വിട്ടു. പിന്നീട് കേരളത്തിലെ ആദ്യത്തെ സ്‌പോര്‍ട്‌സ് ഹോസ്റ്റലായ മേഴ്‌സി കോളേജിലെത്തിയ വത്സമ്മ അവിടെ കരിയര്‍ വളര്‍ത്തുകയും ചെയ്തു. നാനൂറ് മീറ്ററിലും ഹര്‍ഡില്‍സ് മത്സരങ്ങളിലുമൊക്കെ മത്സരിച്ച് ദേശീയവും അന്തര്‍ദേശീയവുമായി നിരവധി മെഡലുകള്‍ നേടി.









