
തിരുവനന്തപുരം: ഒളിമ്പിക്‌സ് മാതൃകയിലുള്ള 67ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്‌ക്ക് ഒരുങ്ങി തലസ്ഥാനം. 21 മുതല്‍ 28 വരെയാണ് കായികമേള്. 21ന് വൈകുന്നേരം 4 മണിക്ക് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും.
കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റോടെയാകും ഉദ്ഘാടനച്ചടങ്ങ്. തുടര്‍ന്ന് ഇന്ത്യന്‍ ഫുട്‌ബോളിന്റെ അഭിമാനതാരം ഐ.എം.വിജയന്‍ മന്ത്രി വി.ശിവന്‍കുട്ടിയ്‌ക്കൊപ്പം ദീപശിഖ കൊളുത്തും. ക്രിക്കറ്റ് താരം സഞ്ജു സാംസണാണ് മേളയുടെ ബ്രാന്റ് അംബാസഡര്‍. ചലച്ചിത്ര താരം കീര്‍ത്തി സുരേഷ് മേളയുടെ ഗുഡ്വില്‍ അംബാസഡറും. ഉദ്ഘാടന ചടങ്ങിന് ശേഷം കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന കലാപരിപാടികള്‍ അരങ്ങേറും. മൂവായിരത്തോളം കുട്ടികള്‍ പങ്കെടുക്കുന്ന സാംസ്‌കാരിക പരിപാടികളും ഓരോ ജില്ലയില്‍ നിന്നും മുന്നൂറ് കുട്ടികള്‍ പങ്കെടുക്കുന്ന വിപുലമായ മാര്‍ച്ച് പാസ്റ്റുമാണ് ഒരുക്കിയിരിക്കുന്നത്. പതിനാറോളം സബ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മേളയ്‌ക്കായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.
22 മുതല്‍ 28 വരെ 12 വേദികളിലായി കായിക മത്സരങ്ങള്‍ നടക്കും.









