ദോഹ: ഖത്തറിൽ ഈ വർഷം എത്തിയത് 35 ലക്ഷം സന്ദർശകർ. ആദ്യ ഒമ്പത് മാസങ്ങൾ പിന്നിട്ടപ്പോൾ ഖത്തറിലെത്തിയ ആകെ സന്ദർശകരുടെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 2.2 ശതമാനം വർധനയുണ്ടായതായും ഖത്തർ ടൂറിസം അറിയിച്ചു.
അന്താരാഷ്ട്ര തലത്തിൽ സഞ്ചാരികളുടെ ഇഷ്ടദേശമായി ഖത്തർ തുടരുന്നു എന്നു തെളിയിക്കുന്നതാണ് ഖത്തർ ടൂറിസം പങ്കുവെച്ച കണക്കുകൾ. ഈ വർഷം അവസാനത്തിലും അടുത്ത വർഷം തുടക്കത്തിലും വിവിധ ഇവന്റുകൾക്കായി ഖത്തർ ഒരുങ്ങുന്ന സാഹചര്യത്തിൽ, സന്ദർശകരുടെ വരവിലും താമസസൗകര്യങ്ങളുടെ ആവശ്യകതയിലും കൂടുതൽ ഡിമാൻഡ് തുടരുന്നതായി ഖത്തർ ടൂറിസം വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.
ജി.സി.സി രാഷ്ട്രങ്ങളിൽനിന്നാണ് ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിയത്. സന്ദർശകരിൽ 36 ശതനാനം പേരും ഈ രാജ്യങ്ങളിൽനിന്നുള്ളവരാണ്. യൂറോപ്പിൽനിന്ന് 25 ശതമാനവും ഏഷ്യ -ഓഷ്യാനിയ മേഖലകളിൽനിന്ന് 22 ശതമാനം സന്ദർശകരുമാണ് എത്തിയത്. ഈ വർഷത്തെ മൂന്നാം പാദത്തിൽ ചൈനയിൽനിന്നും ആസ്ട്രേലിയയിൽനിന്നും കൂടുതൽ സഞ്ചാരികളെത്തി. 37 ശതമാനം വർധനയാണ് ചൈനയിൽ നിന്നുള്ളത്. ആസ്ട്രേലിയയിൽ നിന്ന് 31 ശതമാനം വർധനയുണ്ടായി. സന്ദർശകരിൽ 60 ശതമാനം പേർ വിമാനമാർഗവും, 33 ശതമാനം പേർ കര ഗതാഗത മാർഗവും, ഏഴു ശതമാനം പേർ കടൽ മാർഗവുമെത്തി.
മൂന്നാം പാദത്തിലെ ഹോട്ടൽ ഒക്യുപെൻസി നിരക്ക് 68 ശതമാനമായി വർധിച്ചെന്നും ഖത്തർ ടൂറിസം റിപ്പോർട്ടിൽ പറയുന്നു. വർഷാവസാനമെത്തുന്ന ഫോർമുല വൺ, ഫിഫ ഫുട്ബാൾ ചാമ്പ്യൻഷിപ്പുകൾ, ദോഹ മ്യൂസിക് ഫെസ്റ്റിവൽ തുടങ്ങിയ അന്താരാഷ്ട്ര പരിപാടികൾ കൂടുതൽ സന്ദർശകരെ രാജ്യത്തെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ വർഷങ്ങളുടെ തുടർച്ചയായി വിനോദസഞ്ചാര മേഖലയിൽ ഖത്തറിന്റെ കുതിപ്പ് തുടരുകയാണ്. സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിൽ ഒന്നായി ഖത്തർ മാറിയിട്ടുണ്ട്. വർധിച്ചുവരുന്ന സന്ദർശകരുടെ എണ്ണം, ടൂറിസം മേഖലയിലെ മികച്ച സേവനങ്ങൾ, വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന വിവിധങ്ങളായ പരിപാടികൾ തുടങ്ങിയവയുടെ ഫലമായി ഖത്തറിന്റെ ടൂറിസം മേഖല അഭൂതപൂർവമായ മുന്നേറ്റം കൈവരിക്കുകയാണ്. ഇത് പൗരന്മാരെയും താമസക്കാരെയും ആഗോള സഞ്ചാരികളെയും ഒരുപോലെ ആകർഷിക്കുന്നു. ആഭ്യന്തര ടൂറിസം വളർത്തുന്നതിൽ വേനൽക്കാല പ്രവർത്തനങ്ങൾക്കും സാംസ്കാരിക ഉത്സവങ്ങൾക്കും വലിയ പങ്കുണ്ടെന്ന് വിദഗ്ധർ പങ്കുവെക്കുന്നു.









