ലോകത്തിലെ ഏറ്റവും മനോഹരമായ നഗരങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഫ്രാൻസിന്റെ തലസ്ഥാനമായ പാരിസ് എല്ലാ തരത്തിലുമുള്ള യാത്രികരെയും മോഹിപ്പിക്കുന്ന ഒരു സ്ഥലമാണ്. ലോകപ്രശസ്തമായ സ്മാരകങ്ങൾ, മ്യൂസിയങ്ങൾ, ഗാലറികൾ എന്നിവയുള്ള പാരിസ് കലയുടെയും വാസ്തുവിദ്യയുടെയും കാര്യത്തിൽ സഞ്ചാരികള്‍ക്ക് നല്‍കുന്നത് ഒരു സ്വപ്നസാക്ഷാത്കാരമാണ്. ഈഫൽ ടവർ, ലൂവ്ര് മ്യൂസിയം, നോട്ടർഡാം കത്തീഡ്രൽ, ആര്‍ക് ഡെ ട്രിയാംഫെ, ചാമ്പ്സ് ഏലയാസിസ്,… അങ്ങനെ ലോകമെമ്പാടുമുള്ള ആളുകൾ കാണാൻ കൊതിക്കുന്ന എത്രയെത്ര കാഴ്ചകള്‍ ഇവിടെയുണ്ട്. ലോകത്തിന്റെ ഫാഷന്‍ തലസ്ഥാനം എന്നറിയപ്പെടുന്ന പാരിസിന് അനേകം വിളിപ്പേരുകളുണ്ട് – വെളിച്ചത്തിന്റെ നഗരം, കലയുടെ നഗരം, പ്രണയത്തിന്റെ നഗരം എന്നിവ ഇതിൽ ചിലതാണ്.

ഓരോരുത്തരും ഏതു രീതിയിൽ ഈ നഗരത്തെ നോക്കിക്കാണുന്നുവോ ആ പേര് ചേർത്ത് പാരിസിനെ വിളിക്കാം. പാരിസ് എന്ന് കേൾക്കുമ്പോൾ ഏവരുടെയും മനസ്സിലേക്ക് പെട്ടെന്ന് ഓടിയെത്തുക സീൻ നദിക്കരയിലുള്ള ഫ്രഞ്ചുകാരുടെ സ്വകാര്യ അഹങ്കാരമായ ഈഫൽ ഗോപുരം തന്നെയാണ്. പിന്നെ ഡാവിഞ്ചിയുടെ ലോകത്തിനു പ്രിയങ്കരിയായ മൊണാലിസ എന്ന സൗന്ദര്യധാമത്തിന്റെ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്ന ലൂവ്ര് മ്യൂസിയവും. പാരിസ് യാത്രാവേളയില്‍ വലുപ്പം കൊണ്ടും പ്രദര്‍ശനസമ്പത്ത് കൊണ്ടും ലോകത്തിലെ ഏറ്റവും വലുതും ജനപ്രിയവുമായ ലൂവ്ര് (Louvre) മ്യൂസിയത്തിലേക്ക് നടത്തിയ സന്ദര്‍ശനത്തിന്‍റെ വിശേഷങ്ങള്‍ നോക്കാം.

പാരിസിലെ കാഴ്ചകൾ കാണാൻ പോകുന്നതിനായി ഞാൻ തിരഞ്ഞെടുത്തത് ബിഗ് ബസ് കമ്പനിക്കാരുടെ ‘ഹോപ്പ് ഓൺ – ഹോപ്പ് ഓഫ’ ബസ് ടൂർ ആയിരുന്നു. പാരിസ് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷൻ സമീപത്തുനിന്നും ബസില്‍ കയറി. നല്ല തണുപ്പുണ്ടെങ്കിലും മുകളിലത്തെ നിലയിലെ ഓപ്പണ്‍ ഡെക്കില്‍ തന്നെ കാഴ്ചകൾ കണ്ട് ഇരിപ്പുറപ്പിച്ചു. ഈഫൽ ഗോപുരത്തിന്റെ സ്റ്റോപ്പിലാണ് ആദ്യം ഇറങ്ങിയത്. അവിടമെല്ലാം വിശദമായി കണ്ടതിനുശേഷം ബസിൽ സീന്‍ നദീതീരത്തു തന്നെയുള്ള ലൂവ്ര് മ്യൂസിയത്തിലേക്കാണ് പിന്നീട് പോയത്. അതീവ സുരക്ഷയുള്ള ഇവിടെ നിന്ന് ഒമ്പത് വസ്തുക്കൾ മോഷ്ടിക്കപ്പെട്ടതോടുകൂടി വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് ലൂവ്ര് മ്യൂസിയം ഇപ്പോൾ. ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന മ്യൂസിയമായ ലൂവ്രിൽ അമൂല്യങ്ങളായ പുരാവസ്തുക്കളുടെയും പെയിന്റിങ്ങുകളുടെയും, ശിൽപങ്ങളുടെയും ഒരു ബൃഹദ്ശേഖരമാണുള്ളത്.

60,600 ചതുരശ്ര മീറ്ററിൽ 38,000ത്തി ലധികം ചരിത്രവസ്തുക്കളും 35,000 കലാസൃഷ്ടികളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രതിവർഷം 8-9 മില്യൺ സന്ദർശകരെ ആകർഷിക്കുന്ന ലൂവ്ര് മ്യൂസിയം പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനം ഫിലിപ്പ് രണ്ടാമൻ പണികഴിപ്പിച്ച ലൂവ്ര് കൊട്ടാരത്തിലാണ് ഒരുക്കിയിരിക്കുന്നത്. 1793 ലാണ് ഈ കൊട്ടാരം ഒരു മ്യൂസിയം ആക്കി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. 1985-’88 കാലഘട്ടത്തില്‍ ലൂവ്ര് കൊട്ടാരവും മ്യൂസിയവും ആധുനികമായി നവീകരിക്കുന്നതിന്റെ ഭാഗമായി ലോക പ്രസിദ്ധനായ ആർക്കിടെക്ട് ഐ.എം. പേയ് ആണ് നടുവിൽ ഒരു വലിയ ഗ്ലാസ് പിരമിഡും, വശങ്ങളിലായി, മൂന്നു ചെറിയ ഗ്ലാസ് പിരമിഡുകളും നിർമിച്ച് മ്യൂസിയം ഇന്ന് കാണുന്ന രീതിയിൽ പരിഷ്കരിച്ചത്.

ഞാന്‍ ഗ്ലാസ് പിരമിഡിന്റെ സമീപമെത്തി, ഇതിന്റെ അടിയിലായാണ് ലൂവ്ര് മ്യൂസിയത്തിന്റെ പ്രധന കവാടം. വലിയ തിരക്കായിരുന്നു ഉള്ളിലേക്ക് പ്രവേശിക്കാൻ. മ്യൂസിയം ടിക്കറ്റ് ഓൺലൈനിൽ നേരത്തേ എടുത്തതിനാല്‍ വരി നില്‍ക്കേണ്ടി വന്നില്ല. ലൂവ്ര് മ്യൂസിയത്തിന്റെ ഒരു ഭാഗത്ത് ഷോപ്പിങ് മാൾ ആണ്. ലോകത്തെ വിവിധ ഭാഗങ്ങളിലെ പുരാതന നാഗരികതകളിൽനിന്നുള്ള ശിൽപങ്ങൾ, പെയിന്റിങ്ങുകൾ, പുരാവസ്തുക്കൾ എന്നിവയുൾപ്പെടെ വിവിധ കാലഘട്ടങ്ങളിലെയും ശൈലികളിലെയും കലാസൃഷ്ടികളുടെ വിപുലമായ ശേഖരം കൊണ്ട് സമ്പന്നമായ ഈ മ്യൂസിയം മുഴുവനായി ആസ്വദിച്ച് കണ്ടുതീർക്കാൻ ചിലപ്പോൾ ആഴ്ചകൾ തന്നെ വേണ്ടി വരും, അത്രയേറെ കാര്യങ്ങളാണ് ഇവിടെയുള്ളത്.

മ്യൂസിയം മുഴുവൻ കണ്ടുതീർക്കാനാവില്ലെന്ന് അറിയാവുന്നത് കൊണ്ട് ഒരു മൂന്ന് മണിക്കൂർ സമയപരിധി നിശ്ചയിച്ച് മുന്നിൽ കാണുന്ന കാഴ്ചകൾ കണ്ടു നടക്കാമെന്ന് ഞാൻ തീരുമാനിച്ചു. ലിയനാർഡോ ഡാവിഞ്ചി, ഡെലാക്രോയിക്സ്, മൈക്കലാഞ്ചലോ, റാഫേൽ, റൂബൻസ്, വെർമീർ തുടങ്ങിയ മഹാരഥന്മാരുടെ മഹത്തായ കലാസൃഷ്ടികൾ നേരില്‍ കാണാന്‍ പോകുന്നതിന്റെ ആവേശമാണ് ഉള്ളില്‍. പെട്ടെന്നുതന്നെ ഞാന്‍ കാഴ്ച്ചകളിലേക്കു നീങ്ങി.ഗ്രാൻഡ് ഗാലറിയിലേക്കാണ് എത്തിയിരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ അറിയപ്പെടുന്ന, ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിച്ച, ഏറ്റവും കൂടുതൽ എഴുതപ്പെട്ട, ഏറ്റവും കൂടുതൽ അനുകരിക്കപ്പെട്ട, എറ്റവും വിലപിടിപ്പുള്ള, ചിത്രമായ ലിയനാർഡോ ഡാവിഞ്ചിയുടെ അതിപ്രശസ്തമായ ‘മൊണാലിസ’ എന്ന പെയിന്റിങ്ങിന്റെ അടുത്ത് എത്തിയിരിക്കുകയാണ്. മോണാലിസയുടെ നിഗൂഢമായ മുഖഭാവവും, അതുളവാക്കുന്ന ഇല്യൂഷനും, ചിത്രത്തിൽ മറഞ്ഞിരിക്കുന്ന രഹസ്യങ്ങളും, ഈ ചിത്രത്തിനെ കുറിച്ചുള്ള അവസാനിക്കാത്ത പഠനങ്ങൾക്ക് ഹേതുവാകുന്നു. ഇറ്റാലിയൻ നവോത്ഥാന കാലഘട്ടത്തിലെ കലയുടെ മാസ്റ്റർപീസ് എന്ന് വിശേഷിപ്പിക്കുന്ന ഈ ചിത്രം 1503 നും 1506നും ഇടക്കാണ് ഡാവിഞ്ചി വരച്ചത്. 80cm നീളവും 55cm വീതിയും മാത്രമെ ഇതിനുള്ളൂ.

191-ലെ മോഷണത്തിന് ശേഷമാണ് ഈ ചിത്രത്തിന്റെ പ്രശസ്തി പുറംലോകം അറിഞ്ഞത്. 1956 ൽ ഒരു ആസിഡാക്രമണത്തിനും കല്ലേറിനും ഇരയായി ഈ ചിത്രം. അതുമൂലം ഇതിനുള്ള സുരക്ഷ കർശനമാക്കിയിട്ടുണ്ട്. ഒരു നിശ്ചിത അകലത്തിൽ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്സിനുള്ളിലാണ് ഇപ്പോള്‍ മോണാലിസ ചിത്രത്തെ സൂക്ഷിച്ചിരിക്കുന്നത്. അതുകൊണ്ട് ഈ മ്യൂസിയത്തിലെ മറ്റു പെയിന്റിങ്ങുകളെ പോലെ ഈ ചിത്രം അടുത്തുനിന്ന് കാണാന്‍ സാധിക്കില്ല. നല്ല തിരക്കുണ്ട് അവിടെ. ഈ ചിത്രത്തിന്റെ എത് ഭാഗത്തുനിന്നാലും മോണാലിസ നമ്മളെ തന്നെ നോക്കും എന്ന് കേട്ടിട്ടുള്ളതിനാൽ, ആ മുറിയുടെ പല ഭാഗത്തുനിന്നും മോണാലിസയുടെ മുഖത്തേക്ക് ഞാൻ നോക്കി. അതെ എന്നിലേക്ക് തന്നെയാണ് അവരുടെ വശ്യനിഗൂഢമായ നോട്ടവും മന്ദസ്മിതവും!. 780 മില്യൺ അമേരിക്കൻ ഡോളർ (ഇന്ത്യൻ രൂപ ആറായിരം കോടിക്ക് മുകളിൽ) ആണ് ഈ പെയിന്റിങ്ങിന്റെ ഇൻഷുറൻസ് മൂല്യം.

ഗ്രാൻഡ് ഗാലറിയില്‍ മൊണാലിസ കൂടാതെ ലിയനാർഡോ ഡാവിഞ്ചി വരച്ച വേറെ അഞ്ചു ചിത്രങ്ങൾ കൂടിയുണ്ട്. അത് കാണുകയാണ് അടുത്ത ലക്ഷ്യം. ‘The Virgin and Child with St. Anne’, ‘Virgin of the Rocks’, ‘St. John the Baptist, La belle Ferronniere’, ‘Bacchus’ എന്നിവയാണ് ആ അഞ്ചു ചിത്രങ്ങൾ.അടുത്തതായി കണ്ടത് ‘Winged Victory of Samothrace’ എന്ന ശിൽപമാണ്. മൊണാലിസ കഴിഞ്ഞാൽ പിന്നെ ഇവിടെ ഏറ്റവും പ്രസിദ്ധമായത് തലയില്ലാത്ത ഈ മാർബിൾ പ്രതിമയാണ്. ബി.സി രണ്ടാം നൂറ്റാണ്ടിലാണ് ഈ പ്രതിമ നിർമിക്കപ്പെട്ടത് എന്ന് പറയപ്പെടുന്നു. അടുത്തത് ‘Venus de Milo’ എന്ന ഗ്രീക്ക് പ്രതിമയാണ്.

ബി.സി ഒന്നാം നൂറ്റാണ്ടില്‍ Alexandros of Antioch ആണ് ഇത് നിർമിച്ചത് എന്ന് കരുതപ്പെടുന്നു. Jacques-Louis David ന്‍റെ ‘The Intervention of the Sabine Women’, മൈക്കലാഞ്ചലോയുടെ ‘Dying Slave’, ജീൻ ഓഗസ്റ്റ് ഡൊമിനിക് ഇംഗ്രെസ്ന്‍റെ ‘Grande Odalisque’, യൂജിൻ ഡെലാക്രോയിക്സ്ന്‍റെ ‘The Death of Sardanapalus’, ‘Liberty Leading the People’, ജാക്ക്-ലൂയിസ് ഡേവിഡിന്റെ ‘Oath of Horath II’, തിയോഡോർ ജെറിക്കോൾട്ടിന്റെ ‘The Raft of the Medusa’, വെറോണീസിന്‍റെ ‘The Wedding at Cana’, ജിയാംബറ്റിസ്റ്റ പിറ്റോണിയുടേ ‘Susanna and the Elders’, ജോഹന്നാസ് വെർമീറിന്‍റെ ‘The Lacemaker’, ‘The Horse Tamers’, ‘The Winged Bulls’ തുടങ്ങി പുരാതന ഗ്രീക്കോ-റോമൻ കലകളും, നവോത്ഥാന കലകള്‍, ക്ലാസിക്കൽ കലകള്‍ അവയില്‍നിന്ന് പ്രചോദനം ഉൾക്കൊണ്ട നിയോക്ലാസിക് കലകള്‍, റൊമാന്റിക് കലകള്‍, മറ്റ് പുരാതന ശിൽപങ്ങൾ, രാജകീയ കിരീടങ്ങളും ആഭരണങ്ങളും, അങ്ങനെ ലോകത്തെ വിസ്മയിപ്പിച്ച എല്ലാക്കാലത്തും വാഴ്ത്തപ്പെടുന്ന കലാസൃഷ്ടികളും വസ്തുക്കളും കണ്ട് മനംനിറഞ്ഞ് ഞാൻ നടന്നു.

ആയിരക്കണക്കിന് മറ്റ് പ്രദർശന വസ്തുക്കളും ഇവിടെയുണ്ട്. ഈജിപ്ഷ്യൻ ഗാലറി, റോമൻ ഗാലറി, ഗ്രീക്ക് ഗാലറി, മുസ്‍ലിം ഹിസ്റ്ററി, വിപ്ലവത്തിന്റെ കഥ പറയുന്ന ഗാലറി. കൂടാതെ ലൂവ്ര് കൊട്ടാരത്തിലെ മുറികളും ഫർണിച്ചറുകളും കാണാൻ അവസരവുമുണ്ട്. കൊട്ടാരത്തിലെ ഡൈനിങ് ഹാൾ മനോഹരമാണ്. ഇത് കൂടാതെ ലൂവ്രിന്റെ ബേസ്‌മെന്റിന്റെ അടിയിൽ കൊട്ടാരത്തിന്റെ ആദ്യ കാലത്തെ ചുവരുകളും മതിലുകളും സന്ദർശിക്കാൻ അവസരമുണ്ട്. അങ്ങനെ എല്ലാം ഓടിനടന്നു കണ്ട് തളർന്നിരുന്നു ഞാൻ അപ്പോഴേക്കും. ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന മ്യൂസിയമായി തുടരുന്ന ലൂവ്രിൽ പ്രതിദിനം ഏകദേശം 15,000 ആളുകൾ സന്ദർശിക്കുന്നതിൽ ഒട്ടും അത്ഭുതം തോന്നുന്നില്ല, കാരണം കലയുടെ ഉത്സവമാണ് ഇവിടെ. സമീപമുള്ള ലൂവ്ര് മാളിൽനിന്നും ഒരു സാൻഡ് വിച്ച് കഴിച്ച ശേഷം മ്യൂസിയത്തിനോട് വിട പറഞ്ഞു.

അവിടന്ന് നെപ്പോളിയന്റെ യുദ്ധവിജയങ്ങളുടെ സ്മാരകമായ ആർക് ഡെ ട്രിയാംഫെ കടന്ന് ഈഫൽ ടവറിന്റെ മുന്നിൽ വീണ്ടുമെത്തി. വൈകുന്നേരത്തെ മഞ്ഞ വെളിച്ചത്തിൽ തിളങ്ങി നിൽക്കുന്ന സുന്ദരിയായ ഈഫൽ ടവര്‍. ഇന്നത്തെ ദിവസം നടന്ന ക്ഷീണമെല്ലാം ഈ കാഴ്ച്ചയിൽ ഇല്ലാതായി. ടാക്സിയിൽ ഹോട്ടലിലേക്ക് മടങ്ങുകയാണ് ഇനി.

രാവിലെ പാരിസിൽ നിന്നും ജർമനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് യാത്രയുണ്ട്.പാരിസ് എല്ലാവരുടെയും സ്വപ്നനഗരം തന്നെയാണ്. കലയുടെയും ഫാഷന്റെയും ആഗോള തലസ്ഥാനം എന്നു വിശേഷിപ്പിക്കാവുന്ന നഗരത്തിൽ ലോകത്തിലെ ഏറ്റവും വലുതും, ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്നതുമായ മ്യൂസിയത്തിലെ അത്ഭുതപ്പെടുത്തുന്ന കാഴ്ചകൾ കണ്ടതിന്റെ നിർവൃതിയായിരുന്നു മനസ്സിൽ. മോണാലിസയുടെ നിഗൂഢ മുഖഭാവവും അവരുടെ വശ്യമായ പുഞ്ചിരിയും ലാസ്യ നോട്ടവും മനസ്സില്‍ നിന്നു ഒരിക്കലും മാഞ്ഞുപോകില്ല.









