
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ മുഖത്തടിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. കുരുവട്ടൂർ സ്വദേശിനിയാണ് അറസ്റ്റിലായത്. എന്നാൽ, ഈ സംഭവത്തിന് പിന്നാലെ നടന്ന അന്വേഷണത്തിൽ, ഡോക്ടറുടെ പേരിൽ യുവതിക്ക് അശ്ലീല സന്ദേശമയക്കുകയും പണം തട്ടുകയും ചെയ്ത മുഹമ്മദ് നൗഷാദും അറസ്റ്റിലായി.
ഡോക്ടറുടെ പേരിൽ ആൾമാറാട്ടം, 49,000 രൂപ തട്ടി
കഴിഞ്ഞ ദിവസം സർജറി ഒ.പിയിൽ ഡ്യൂട്ടിക്കിടെയാണ് യുവതിയെത്തി ഡോക്ടറെ മർദ്ദിച്ചത്. നിരന്തരമായി തന്റെ മൊബൈലിലേക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതും വിവാഹ വാഗ്ദാനം നൽകിയതും ഈ ഡോക്ടറാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു യുവതിയുടെ ആക്രമണം. ഡോക്ടറുടെ പരാതിയിൽ മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് യുവതിയെ തിരിച്ചറിഞ്ഞത്.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ യുവതി പിതാവിന്റെ ചികിത്സാർത്ഥം ആശുപത്രിയിൽ എത്തിയിരുന്നു. ഇതേ വാർഡിൽ സുഹൃത്തിന്റെ കൂട്ടിരിപ്പുകാരനായി പെരിങ്ങളം സ്വദേശിയായ മുഹമ്മദ് നൗഷാദും ഉണ്ടായിരുന്നു. ഈ സമയം യുവതിയുടെ ഫോൺ നമ്പർ ശേഖരിച്ച നൗഷാദ്, ഒരു പുതിയ സിം കാർഡ് എടുത്ത് യുവതിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടറുടെ പേരിൽ വാട്ട്‌സ്ആപ്പ് അക്കൗണ്ട് തുടങ്ങി സന്ദേശം അയക്കുകയായിരുന്നു.
ഈ ആൾമാറാട്ടം വഴി ഇയാൾ യുവതിയിൽ നിന്ന് 49,000 രൂപയും തട്ടിയെടുത്തു എന്ന് പോലീസ് കണ്ടെത്തി. മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് ഡോക്ടറെ മർദ്ദിച്ച യുവതിയെയും, തട്ടിപ്പിനായി ഡോക്ടറുടെ പേരിൽ അശ്ലീല സന്ദേശം അയച്ച മുഹമ്മദ് നൗഷാദിനെയും അറസ്റ്റ് ചെയ്തത്.
The post അശ്ലീല സന്ദേശമയച്ചെന്ന് തെറ്റിദ്ധരിച്ച് ഡോക്ടറുടെ മുഖത്തടിച്ചു; യുവതിയും ആൾമാറാട്ടം നടത്തിയ പ്രതിയും അറസ്റ്റിൽ appeared first on Express Kerala.









