
ഗോഹട്ടി: ഭാരതത്തിലെത്തിയ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന് രണ്ടാം ടെസ്റ്റില്‍ ഭേദപ്പെട്ട തുടക്കം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിരുന്നുകാര്‍ ആദ്യ ദിവസം 247 റണ്‍സെടുത്തെങ്കിലും ആറ് വിക്കറ്റുകള്‍ വീണിട്ടുണ്ട്.
ശക്തമായ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയ്‌ക്ക് മികച്ചൊരു കൂട്ടുകെട്ട് പോലും പടുക്കാന്‍ അവസരം നല്‍കാതെ ഭാരത ബൗളര്‍മാര്‍ കണിശതകാട്ടി. സ്പിന്നര്‍ കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി മുന്നില്‍ നിന്ന നയിച്ചപ്പോള്‍ രവീന്ദ്ര ജഡേജ ഒരു വിക്കറ്റ് നേടി. പേസര്‍മാരായ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീതം നേടി.
കഴിഞ്ഞ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി മൂന്ന് പേസര്‍മാരുമായാണ് ഭാരതം ഇറങ്ങിയത്. നിതീഷ് കുമാര്‍ റെഡ്ഡിക്കാണ് അവസരം നല്‍കിയത്. കഴിഞ്ഞ മത്സരത്തിലെ സ്പിന്‍ ബൗള്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെ ഒഴിവാക്കിയാണ് നിതീഷിനെ അന്തിമ ഇലവനില്‍ ഇറക്കിയത്.
ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ അഭാവത്തില്‍ ഋഷഭ് പന്ത് നയിക്കുന്ന ടീമിനെതിരെ ടോസ് വിജയിച്ചത് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബ ബവൂമയാണ്. ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ഓപ്പണര്‍മാരായ എയ്‌ദെന്‍ മാര്‍ക്രവും റയാന്‍ റിക്കിള്‍ട്ടണും ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. 26.5 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ 82 എന്ന ശക്തമായ നിലയില്‍ നില്‍ക്കെയാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ വിക്കറ്റ് വീണത്.
രണ്ടാം സ്‌പെല്ലിനെത്തിയ ബുംറ മികച്ചൊരു ഇന്‍സ്വിങ്ങറിലൂടെ മാര്‍ക്രത്തിന്റെ(38) കുറ്റി തെറിപ്പിക്കുകയായിരുന്നു. അധികം വൈകാതെ റിക്കിള്‍ട്ടണിനെ(35) പുറത്താക്കി കുല്‍ദീപ് പണി തുടങ്ങി. മൂന്നാം വിക്കറ്റില്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സും ബവൂമയും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ വീണ്ടും ശക്തിപ്പെടുത്തി. രവീന്ദ്ര ജഡേജയുടെ പന്തില്‍ ബവൂമയ്‌ക്ക്(41) ക്രീസ് വിടേണ്ടിവന്നു. ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ അപ്പോഴും മുന്നിന് 166 എന്ന നിലയില്‍ മികച്ചു നിന്നു. സ്റ്റബ്‌സിനെ(49) പുറത്താക്കി കുല്‍ദീപ് വീണ്ടും ദക്ഷിണാഫ്രിക്കയെ പ്രതിസന്ധിയിലാക്കി. ദക്ഷിണാഫ്രിക്കന്‍ ടോട്ടല്‍ 200 കടന്ന ഉടനെ വിയാന്‍ മുള്‍ഡറെ(13) പുറത്താക്കി കുല്‍ദീപ് പിന്നെയും കരുത്തറിയിച്ചു. ഒടുവില്‍ വെളിച്ചക്കുറവ് കാരണം മത്സരം അല്‍പ്പം നേരത്തെ നിര്‍ത്തുന്നതിന് തൊട്ടുമുമ്പ് സിറാജ് സ്വന്തം പന്തില്‍ ടോണി ഡി സോര്‍സിയെ(28) പിടികൂടി പറഞ്ഞയച്ചു.









