
കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളതില്‍ തോല്‍വി തുടര്‍ക്കഥയാക്കിയ ഫോഴ്സ കൊച്ചി എഫ്സി ഇന്ന് ആശ്വാസജയം തേടി ഇറങ്ങുന്നു. കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ ആതിഥേയരായ കണ്ണൂര്‍ വാരിയേഴ്സാണ് എതിരാളികള്‍. രാത്രി 7.30ന് കിക്കോഫ്.
നിലവില്‍ ഏഴ്് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കണ്ണൂര്‍ വാരിയേഴ്സ് രണ്ട് ജയവും നാല് സമനിലയും ഒരു തോല്‍വിയുമടക്കം 10 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. അതുകൊണ്ടുതന്നെ സെമി സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇന്ന് അവര്‍ക്ക് വിജയം അനിവാര്യമാണ്. മലപ്പുറം എഫ്സിക്കും പത്തുപോയിന്റാണെങ്കിലും ഗോള്‍ ശരാശരിയില്‍ കണ്ണൂരിനെ പിന്തള്ളി അവര്‍ നാലാം സ്ഥാനത്താണ്. ഫോഴ്സ കൊച്ചിക്ക് കളിച്ച ഏഴ് കളികളും പരാജയപ്പെട്ട് അക്കൗണ്ട് തുറക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
കണ്ണൂരും ഫോഴ്സ കൊച്ചിയും മഹാരാജാസ് കോളേജ് സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം വാരിയേഴ്സിനായിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ജയിച്ചത്. പരിക്കും ഫിനിഷിങ്ങിലെ പോരായ്‌മയുമാണ് ഫോഴ്സയെ കഴിഞ്ഞ പല മത്സരങ്ങളിലും പിന്നോട്ടടിച്ചത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ നിന്ന് ടീം പതിനൊന്ന് ഗോളാണ് വഴങ്ങിയത്. മുഖ്യപരിശീലകനെ പുറത്താക്കി, ടീമില്‍ അടിമുടി മാറ്റങ്ങളുമായി പുതിയ രണ്ട് വിദേശ താരങ്ങളെയും ടീമിലെത്തിച്ച് തിരുവനന്തപുരം കൊമ്പന്‍സിനെതിരെ നടന്ന അവസാന മത്സരത്തില്‍ ഇറങ്ങിയെങ്കിലും രക്ഷയുണ്ടായില്ല. നിജോ ഗില്‍ബര്‍ട്ടിന്റെ അഭാവവും ടീമിന്് തിരിച്ചടിയാകുന്നുണ്ട്. കെഎസ്ഇബിയെ കേരള പ്രീമിയര്‍ ലീഗില്‍ കിരീടത്തിലേക്ക് നയിച്ച സനുഷ് രാജാണ് നിലവില്‍ ടീമിനെ പരിശീലിപ്പിക്കുന്നത്.
സ്വന്തം മൈതാനത്ത് കളിക്കുമ്പോഴും വിജയം സ്വന്തമാക്കാന്‍ വാരിയേഴ്സിന് കഴിയുന്നില്ല. മൂന്ന് മത്സരങ്ങള്‍ കളിച്ചതില്‍ ഒന്നില്‍ തോല്‍ക്കുകയും രണ്ടില്‍ സമനില വഴങ്ങുകയും ചെയ്തു. ഇന്ന് ലീഗിലെ ഏറ്റവും ദുര്‍ബലരായ ഫോഴ്സ കൊച്ചിയെ വന്‍ മാര്‍ജിനില്‍ പരാജയപ്പെടുത്തി മൂന്നാം സ്ഥാനത്തേക്ക് മുന്നേറാനുറച്ചായിരിക്കും വാരിയേഴ്സ് ഇറങ്ങുക. അവസാനം വാരിയേഴ്സ് കളിച്ച മത്സരത്തില്‍ ആദ്യം പരിന്നിലായ ശേഷം മലപ്പുറം എഫ്സിയെ സമനിലയില്‍ പിടിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസമുണ്ട്. അതോടൊപ്പം മുന്നേറ്റത്തില്‍ മുഹമ്മദ് സിനാനിലാണ് ടീമിന്റെ പ്രതീക്ഷ.
രണ്ട് മത്സരങ്ങളില്‍ ആദ്യ ഇലവനില്‍ സ്ഥാനം ലഭിച്ച സിനാന്‍ രണ്ട് ഗോളും നേടി. ഇത്തവണയും സിനാന്‍ ടീമിന്റെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കും. ചുവപ്പ് കാര്‍ഡ് കണ്ട് കഴിഞ്ഞ മത്സരത്തില്‍ പുറത്തിരിക്കേണ്ടിവന്ന ക്യാപ്റ്റന്‍ അഡ്രിയാന്‍ സര്‍ഡിനേറോ കൊച്ചിക്കെതിരെ ടീമിനൊപ്പം തിരിച്ചെത്തുന്നത് ഗുണം ചെയ്യും.









