
ഗോഹട്ടി: ഭാരതം-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ഗോഹട്ടിയില്‍ തുടങ്ങും. രാവിലെ ഒമ്പതിനാണ് മത്സരം ആരംഭിക്കുക. രണ്ട് മത്സര പരമ്പരയില്‍ കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടെസ്റ്റ് വിജയിച്ച് വിരുന്നുകാരായ ദക്ഷിണാഫ്രിക്ക 1-0ന് മുന്നിലാണ്. ഇന്ന് തുടങ്ങുന്ന ടെസ്റ്റ് ജയിച്ച് പരമ്പര സമനിലയിലാക്കാനായിരിക്കും ഋഷഭ് പന്തിന് കീഴിലുള്ള ഭാരതം കളിക്കിറങ്ങുക.
ഇന്നത്തെ ടെസ്റ്റില്‍ ഭാരത ടീമിനൊപ്പം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ കളിക്കാനിറങ്ങില്ല. കഴുത്ത് വേദന കാരണം വിശ്രമത്തില്‍ കഴിയുന്ന ഗില്ലിന് പകരം വൈസ് ക്യാപ്റ്റന്‍ ഋഷഭ് പന്ത് ടീമിനെ നയിക്കും. ആദ്യ ടെസ്റ്റില്‍ ഭാരതത്തിന്റെ ആദ്യ ഇന്നിങ്‌സ് ബാറ്റ് ചെയ്യാനിറങ്ങ് മൂന്ന് പന്ത് നേരിടുമ്പോഴേക്കും കടുത്ത വേദനയെ തുടര്‍ന്ന് ഗില്‍ കളം വിടുകയായിരുന്നു. പേശി വലിവിന് ചികിത്സ തേടി ഭേദമായതാണ്. എന്നാല്‍ കൃത്യമായ വിശ്രമം ലഭിച്ചില്ലെങ്കില്‍ വീണ്ടും വേദനയുണ്ടാകുമെന്നാണ് മെഡിക്കല്‍ അധികൃതരുടെ നിര്‍ദേശം. രണ്ടാം ടെസ്റ്റിനായി ഭാരത ടീം ഗോഹട്ടിയിലേക്ക് സഞ്ചരിച്ച അന്നു തന്നെ ഗില്ലും ഇവിടെയെത്തി. എന്നാല്‍ സഹതാരങ്ങള്‍ക്കൊപ്പം പരിശീലനത്തിന് ഇറങ്ങിയില്ല.
ഭാരത നിരയില്‍ മറ്റ് മാറ്റങ്ങളൊന്നും ഉണ്ടാവാനിടയില്ല. അന്തിമ ഇലവനെ ഇന്ന് മത്സരത്തിന്റെ ടോസ് നിര്‍ണയത്തിന് തൊട്ടുമുമ്പായിരിക്കും പ്രഖ്യാപിക്കുക. കഴിഞ്ഞ മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചതിനാല്‍ ദക്ഷിണാഫ്രിക്ക അതേ ഇലവനെ തന്നെ നിലനിര്‍ത്തിയേക്കും.
ഗോഹട്ടിയിലെ ബാര്‍സ്പര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്‌ട്ര ടെസ്റ്റ് മത്സരമാണിത്. മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ഈ ഭാഗത്ത് നേരത്തെ സൂര്യന്‍ അസ്തമിക്കുന്ന പ്രവണത കണ്ടുവരാറുണ്ട്. അതിനാല്‍ മറ്റ് പിച്ചുകളില്‍ നിന്ന് വ്യത്യസ്തമായി രാവിലെ ഒമ്പതിന് മത്സരം ആരംഭിക്കാനാണ് തീരുമാനം. വൈകീട്ട് ചിലപ്പോള്‍ 4.30ന് ശേഷം ആവശ്യത്തിന് വെളിച്ചം ലഭിച്ചെന്ന് വരില്ല. കാലാവസ്ഥാ നിരീക്ഷകരുടെ കണക്ക് കൂട്ടല്‍ പ്രകാരം ആദ്യ രണ്ട് ദിവസങ്ങളിലേ ഈ ബുദ്ധിമുട്ട് പ്രശ്‌നമാകൂ എന്നാണ് അറിയിച്ചിരിക്കുന്നത്.









