
പെര്‍ത്ത്: ട്വന്റി20യെ പോലും വെല്ലുന്ന ശൈലിയില്‍ ബാറ്റ് വീശിയ ട്രാവിസ് ഹെഡ് ആഷസില്‍ ഓസീസ് വിജയം അതിവേഗത്തിലാക്കി. പരമ്പരയിലെ ആദ്യ മത്സരം ആതിഥേയരായ ഓസ്‌ട്രേലിയ സ്വന്തമാക്കിയത് എട്ട് വിക്കറ്റിന്. രണ്ടാം ദിവസം തന്നെ മത്സരം പൂര്‍ത്തിയാകുന്ന അപൂര്‍വ്വ കാഴ്‌ച്ചയ്‌ക്കാണ് പെര്‍ത്ത് സാക്ഷ്യം വഹിച്ചത്. ആഷസ് പരമ്പരയുടെ ചരിത്രത്തില്‍ 100 വര്‍ഷത്തിന് ശേഷമാണ് രണ്ട് ദിവസംകൊണ്ട് ഒരു മത്സരം പൂര്‍ത്തിയാകുന്നത്.
1921ല്‍ നോട്ടിങ്ങാമില്‍ നടന്ന ആഷസ് ടെസ്റ്റ് ആണ് ഇതിന് മുമ്പ് രണ്ട് ദിവസംകൊണ്ട് അവസാനിച്ചിട്ടുള്ളത്. ഇന്നലെ പൂര്‍ത്തിയായ മത്സരത്തിന്റെ ആദ്യ ദിവസം പെര്‍ത്തില്‍ 19 വിക്കറ്റുകള്‍ വീണെങ്കില്‍ രണ്ടാം ദിവസം വീണത് 13 വിക്കറ്റുകള്‍. എങ്കിലും ഇന്നലെ ഉച്ചയോടെ പെര്‍ത്ത് ബാറ്റിങ്ങിനോട് അനുഭാവം കാട്ടി തുടങ്ങി. ഈ അവസരം മുതലെടുത്തായിരുന്നു ഹെഡിന്റെ തട്ടുപൊളിപ്പന്‍ പ്രകടനം.
സ്‌കോര്‍: ഇംഗ്ലണ്ട്- 172, 164 ; ഓസ്‌ട്രേലിയ- 132, രണ്ടിന് 205
രണ്ടാം ഇന്നിങ്‌സില്‍ ഓസീസിന് മുന്നില്‍ വിരുന്നുകാരായ ഇംഗ്ലണ്ട് വച്ചത് 205 റണ്‍സിന്റെ ലക്ഷ്യം. 28.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ആതിഥേയര്‍ ലക്ഷ്യം മറികടന്നു. 36 പന്തുകളില്‍ അര്‍ദ്ധ സെഞ്ച്വറിയും 69 പന്തുകളില്‍ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയ ഹെഡ് 83 പന്തുകളില്‍ നിന്ന് 123 റണ്‍സെടുത്താണ് പുറത്തായത്. ഓസീസ് സ്‌കോര്‍ 192 റണ്‍സിലെത്തിച്ച് വിജയം ഉറപ്പാക്കിയാണ് ഹെഡ് തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്തം പൂര്‍ത്തിയാക്കി മടങ്ങിയത്. ബ്രൈഡന്‍ കാഴ്‌സെയുടെ പന്തില്‍ ഒലീ പോപ്പിന്റെ പിടിയില്‍ പുറത്താകുകയായിരുന്നു.
മാര്‍നസ് ലഭൂഷെയ്‌നും(51) ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും(രണ്ട്) പുറത്താകാതെ നിന്നു. ആദ്യ ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായ പുതുമുഖ ഓപ്പണര്‍ ജെയ്‌ക്ക് വെതറാള്‍ഡ്(23) രണ്ടാം ഇന്നിങ്‌സില്‍ അല്‍പ്പം ഭേദപ്പെട്ടു.
പന്ത് ചുരണ്ടല്‍ ഇല്ലായിരുന്നെങ്കില്‍ ഓസീസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും സ്മിത്തിന് മാറ്റമുണ്ടാകില്ലായിരുന്നുവെന്ന് കഴിഞ്ഞ ദിവസം കൂടി ആവര്‍ത്തിക്കപ്പെട്ടിരുന്നു. അത് ശരിവയ്‌ക്കുന്ന സര്‍ജിക്കല്‍ തീരുമാനവുമായണ് രണ്ടാം ഇന്നിങ്‌സില്‍ സ്മിത്ത് ട്രാവിസ് ഹെഡിനെ ഓപ്പണറായി ഇറക്കിയത്. പേസ് ബൗളിങ്ങിനെ അകമഴിഞ്ഞ് പിന്തുണച്ച പെര്‍ത്തിലെ പിച്ചില്‍ ചെറിയ സാധ്യതകളില്‍ പോലും പരമാവധി സ്‌കോര്‍ ചെയ്യാനായിരുന്നു ഓസീസ് പദ്ധതി. ക്യാപ്റ്റന്റെ തീരുമാനം ശരിവച്ചുകൊണ്ടായിരുന്നു ഹെഡിന്റെ വേഗ ബാറ്റിങ്.
രാവിലെ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 123 എന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഓസീസ് ഒമ്പത് റണ്‍സ് കൂടി ചേര്‍ക്കുമ്പോഴേക്കും ഓള്‍ ഔട്ടായി. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സ് 164 റണ്‍സില്‍ ഒടുങ്ങി. രണ്ടാം ഇന്നിങ്‌സിലും വിക്കറ്റ് വേട്ടതിയില്‍ മിച്ചല്‍ സ്റ്റാര്‍ക് ആതിഥേയരെ മുന്നില്‍ നിന്ന് നയിച്ചു. നാല് വിക്കറ്റ് പ്രകടനം കാഴ്‌ച്ചവച്ച സ്റ്റാര്‍ക് മത്സരത്തില്‍ ആകെ 11 വിക്കറ്റുകള്‍ നേടി. ആദ്യ ഇന്നിങ്‌സില്‍ സ്റ്റാര്‍കിന്റെ ബൗളിങ് പ്രകടനമാണ് മത്സരത്തെ മൊത്തത്തില്‍ സ്വാധീനിച്ചത്. സ്റ്റാര്‍ക് ആണ് കളിയിലെ താരമായത്. രണ്ടാം ഇന്നിങ്‌സില്‍ ആംഗസ് അറ്റ്കിന്‍സണ്‍(37) ആണ് ഇംഗ്ലണ്ട് നിരയില്‍ ടോപ് സ്‌കോറര്‍ ആയത്.









