മസ്കത്ത്: ദേശീയ ദിനാഘോഷ അവധിയും വാരാന്ത്യ അവധിയും ഒത്തുചേർന്നതോടെ നാടുമുഴുവൻ അവധി മൂഡിൽ. അവധിയാഘോഷിക്കാൻ പല മാർഗങ്ങൾ തേടുകയാണ് ജനം. പ്രവാസികൾ മിക്കവരും യാത്രയാണ് തിരഞ്ഞെടുക്കുന്നത്. ജോലിത്തിരക്കുകളിൽനിന്നൊഴിഞ്ഞ് കുടുംബമൊത്തും സുഹൃത്തുക്കൾക്കൊപ്പവും ഡെസ്റ്റിനേഷൻ തേടി പോകുന്നവരും ഒറ്റക്ക് സഞ്ചരിക്കുന്നവരുമുണ്ട്. തണുത്ത താപനില, തെളിഞ്ഞ ആകാശം, സുഖകരമായ കാറ്റ് എന്നിങ്ങനെ, ഒമാന്റെ വൈവിധ്യമാഅർന്ന പ്രകൃതിദൃശ്യങ്ങളിലേക്ക് യാത്രചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയങ്ങളിലൊന്നാണിപ്പോൾ. സുൽത്താനേറ്റിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ബുധനാഴ്ച തിരക്ക് അനുഭവപ്പെട്ടുതുടങ്ങി.

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും ഇതു തുടരും. വാരാന്ത്യ അവധി കഴിഞ്ഞ് ഞായറാഴ്ച ഓഫിസുകളുടെ പ്രവർത്തനം പുനരാരംഭിക്കും. മസ്കത്ത് നഗരത്തിൽ മാത്രം യാത്ര ലക്ഷ്യമിടുന്നവർക്ക് സുല്‍ത്താന്‍ ഖാബൂസ് ഗ്രാന്‍ഡ് മസ്ജിദ്, റോയല്‍ ഓപറ ഹൗസ്, മത്ര കോര്‍ണിഷ്, മത്രയിലെ പാരമ്പര്യ സൂഖ് , നാഷനൽ മ്യൂസിയം, പഴയ മസ്‌കത്ത് നഗരപ്രദേശം, അല്‍ ആലം കൊട്ടാരം, ഖുറം പാര്‍ക്ക്, ഖുറം ബീച്ച് തുടങ്ങിയവയും മസ്കത്തിന് സമീപത്തെ വാദികളും പലരുടെയും സഞ്ചാര ലക്ഷ്യമാണ്. പൈതൃകഭംഗിയാർന്ന നിരവധി കോട്ടകളാണ് ഒമാന്റെ മറ്റൊരു സവിശേഷത.
മുസന്ദമിൽ മഴക്ക് സാധ്യത:
ദേശീയദിനങ്ങളോടനുബന്ധിച്ചുള്ള ദിവസങ്ങളിലെ കാലാവസ്ഥ പ്രവചനം സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കി. ഒമാനിലെ ഭൂരിഭാഗം ഗവർണറേറ്റുകളിലും ആകാശം തെളിഞ്ഞിരിക്കുെമന്നാണ് അറിയിപ്പ്. എന്നാൽ മുസന്ദം, വടക്കൻ ബാത്തിന മേഖലകളിലൂടെ മേഘങ്ങൾ സഞ്ചരിക്കുന്നതിനാൽ ചിലയിടങ്ങളിൽ ചെറിയ തോതിൽ മഴ ലഭിക്കാനിടയുണ്ട്. പകൽസമയത്ത് താപനില സാമാന്യം മിതമായിരിക്കും.

മിക്ക പ്രദേശങ്ങളിലും പരമാവധി താപനില 25 മുതൽ 29 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. മലനിരകളിൽ 10 മുതൽ 15 ഡിഗ്രി സെൽഷ്യസ് വരെ തണുപ്പ് അനുഭവപ്പെട്ടേക്കമെന്നും അവധി ദിവസങ്ങളിൽ സഞ്ചാരികളും നാട്ടുകാരും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മൾട്ടി ഹസാഡ് നാഷനൽ എർലി വാണിങ് സെന്റർ നിർദേശിച്ചു.
കാറ്റിൻ വഴിയിൽ കടൽത്തീരത്തേക്ക്:
വിശാലമായ കടൽത്തീരമുള്ള ഒമാനിൽ നിരവധി ബീച്ച് ഡെസ്റ്റിനേഷനുകളുണ്ട്. മസ്‌കത്തിനു ചുറ്റുമുള്ള കടലോരങ്ങള്‍ തന്നെ വലിയ അനുഭവമാണ് നൽകുക. തലസ്ഥാനത്തിന് പുറത്തേക്ക് യാത്ര ചെയ്താല്‍ ഒമാന്റെ സുന്ദരമായ മറ്റൊരു മുഖം കാണാനാവും. സന്ദർശകരുടെ മനം നിറക്കുന്ന മസീറ ദ്വീപാണ് അതിൽ പ്രധാനം. വർഷം മുഴുവനും വിനോദസഞ്ചാര കേന്ദ്രമായി നിലകൊള്ളുന്ന ദ്വീപ് സാഹസിക വിനോദ സഞ്ചാരികളെയാണ് കൂടുതലും ആകർഷിക്കാറുള്ളത്.
കടലാമകളുടെ പ്രജനന കേന്ദ്രം, ശാന്തമായ ബീച്ചുകൾ, സാഹസിക കായിക ഇനങ്ങൾക്ക് ഏറെ അനുയോജ്യമായ പ്രദേശം ഇങ്ങനെ ഒട്ടനവധി വിശേഷണങ്ങളുണ്ട് മസീറാ ദ്വീപിന്. പ്രതിവർഷം ആയിരക്കണക്കിന് ലോഗർഹെഡ് കടലാമകൾ കരയിൽ മുട്ടയിടാൻ എത്തുന്ന ഈ ദ്വീപ് ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ആമ പ്രജനന കേന്ദ്രങ്ങളിൽ ഒന്നാണ്. മസീറയുടെ സ്വാഭാവിക പരിസ്ഥിതി ഈ ജീവിവർഗങ്ങൾക്ക് സുരക്ഷിതമായ ആവാസവ്യവസ്ഥയാണ് ഒരുക്കുന്നത്.

40 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന തീരപ്രദേശവും ശക്തമായ കടൽക്കാറ്റും കാരണം മസീറ മിഡിൽ ഈസ്റ്റിലെ പ്രമുഖ കൈറ്റ് സർഫിങ് കേന്ദ്രമായി മാറിയിട്ടുണ്ട്. കൂടാതെ പക്ഷിനിരീക്ഷണം, കയാക്കിങ്, ബീച്ച് ക്യാമ്പിങ് തുടങ്ങിയ സംവിധാനങ്ങൾ ദ്വീപിനെ യാത്രാസ്‌നേഹികളുടെ ഡ്രീം ഡെസ്റ്റിനേഷനാക്കി മാറ്റുന്നു. അൽ അഷ്‌കറ മേഖലയോട് ചേർന്നുള്ള ഷന്ന തുറമുഖത്ത് നിന്ന് ഫെറി സർവിസ് വഴി ദ്വീപിലെത്താം. ഏകദേശം രണ്ട് മണിക്കൂറോളം നീളുന്ന ഈ യാത്ര വിനോദസഞ്ചാരികൾക്ക് മനോഹരമായ കടൽദൃശ്യങ്ങളാണ് സമ്മാനിക്കുന്നത്. ദൈമാനിയത് ദ്വീപുകളില്‍ സ്നോര്‍ക്കലിങ്, മറീന ബന്ദര്‍ അല്‍ റൗദയില്‍ നിന്നുള്ള ബോട്ട് യാത്രയും ഡോള്‍ഫിന്‍ കാഴ്ചകളും ഗംഭീരമാണ്. സൂര്‍ തീരപ്രദേശവും മികച്ച ഡെസ്റ്റിനേഷനാണ്.
വാദികൾ താണ്ടി പർവത മുകളിലേക്ക്:
പ്രകൃതിദത്തമായ ജലാശയങ്ങളും പർവതപാതകളുംകൊണ്ട് അനഗൃഹീതമാണ് ഒമാൻ. വാദി ബനീ ഖാലിദ്, വാദി ഷാബ്, വാദി അൽ അർബഈൻ, വാദി ഹാവർ, വാദി തിവി, വാദി മിബാം തുടങ്ങിയവ മസ്‌കത്തിലും പരിസരങ്ങളിലുമായി എത്തിച്ചേരാവുന്ന ഇടങ്ങളാണ്. ജബല്‍ ശംസ്, ജബല്‍ അഖ്ദര്‍ തുടങ്ങി പർവതങ്ങളിലേക്കുള്ള ട്രക്കിങ്ങുകളും സാഹസപ്രേമികൾക്കായി കാത്തിരിക്കുന്നുണ്ട്.

ദാഖിലിയ്യ ഗവർണറേറ്റിലും തെക്കൻ ശർഖിയ്യ, വടക്കൻ ശർഖിയ്യ ഗവർണറേറ്റുകളിലും നിരവധി മികച്ച ഡെസ്റ്റിനേഷനുകളാണുള്ളത്. മരുഭൂ പ്രദേശങ്ങളിലെ ക്യാമ്പിങ്ങും ഏറെ പേർ തിഞ്ഞെടുക്കുന്നുണ്ട്. ഒട്ടകസവാരി, ഡ്യൂണ്‍ ബഗ്ഗി, കാർ സാഹസ അനുഭവങ്ങള്‍ തുടങ്ങിയവ പകരുന്ന ബിദിയപോലെയുള്ള ഇടങ്ങൾ സഞ്ചാരികൾക്ക് പ്രിയപ്പെട്ടവയാണ്. ബിദിയ കാർണിവൽ, ഖസബ് ഫെസ്റ്റിവൽ എന്നിവയും സഞ്ചാരികൾക്കായി വിരുന്നൊരുക്കുന്നു.









