
പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യാപേക്ഷയും അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടുള്ള ഉപഹർജിയും തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയത് കോൺഗ്രസിലെയും യു.ഡി.എഫിലെയും രാഹുൽ അനുകൂലികൾക്കാണ് വലിയ തിരിച്ചടിയായിരിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിനെ കോടതി വിധി വരും വരെ പാർട്ടിയിൽ നിന്നും പുറത്താക്കാതിരുന്ന നേതൃത്വത്തിന്, വിധി വന്നതോടെ പുറത്താക്കേണ്ടി വന്നതും നാണക്കേടായിട്ടുണ്ട്. ഒന്നിന് പുറകെ ഒന്നായി മാങ്കൂട്ടത്തിലിന് എതിരെ പരാതികൾ വന്നതും, മറ്റൊരു എഫ്.ഐ.ആർ കൂടി രജിസ്റ്റർ ചെയ്യപ്പെട്ടതും ഉൾപ്പെടെ പരിഗണിച്ചാണ് കോടതിയുടെ നടപടി ഉണ്ടായിരിക്കുന്നത്.
ഇക്കാര്യത്തിൽ പ്രോസിക്യൂഷൻ്റെ ഭാഗത്ത് നിന്നുണ്ടായ ഇടപെടലും ശ്രദ്ധേയമാണ്. മാങ്കൂട്ടത്തിലിന് എതിരായ തെളിവുകൾ കൃത്യമായി കോടതി മുൻപാകെ അവതരിപ്പിച്ചത് ജില്ലാ ഗവൺമെൻ്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടറായ ടി ഗീനാകുമാരിയാണ്.
തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അടച്ചിട്ട മുറിയിലായിരുന്നു ചൂടുപിടിച്ച വാദ പ്രതിവാദങ്ങൾ നടന്നിരുന്നത്. പ്രതിഭാഗം ഹാജരാക്കിയ എല്ലാ തെളിവുകളെയും അപ്രസക്തമാക്കുന്ന തെളിവുകളും വാദമുഖങ്ങളുമാണ് പൊലീസിന് വേണ്ടി ഗീനാകുമാരി നിരത്തിയിരുന്നത്.
ഇതോടെയാണ് പ്രതിഭാഗം ഉന്നയിച്ച എല്ലാ വാദങ്ങളും കോടതി തള്ളിക്കളഞ്ഞിരുന്നത്. മാങ്കൂട്ടത്തിലിനെതിരെ പ്രഥമദൃഷ്ട്യാ ബലാത്സംഗക്കുറ്റം നിലനിൽക്കും എന്നാണ് കോടതി നിരീക്ഷിച്ചിരിക്കുന്നത്. മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാൻ, കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് ഇനി ധൈര്യമായി മുന്നോട്ട് പോകാം.
നിർബന്ധിത ഗർഭഛിദ്രത്തിന് തെളിവുണ്ടെന്നും പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിക്കുന്നത് തെളിവ് നശിപ്പിക്കാൻ കാരണമാകുമെന്നുമാണ് പ്രോസിക്യൂഷൻ്റെ ഭാഗമായി ഗീനാകുമാരി വാദിച്ചിരുന്നത്. പൊലീസ് റിപ്പോർട്ടിലും പ്രതിക്കെതിരെ ഗുരുതര പരാമർശങ്ങളാണുള്ളത്. ഇതും അവർ ചൂണ്ടിക്കാട്ടുകയുണ്ടായി. കൂടാതെ, മെഡിക്കൽ തെളിവുകളും ഡിജിറ്റൽ തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കുകയുണ്ടായി. യുവതിയെ മാങ്കൂട്ടത്തിൽ ക്രൂരമായി ഉപദ്രവിച്ചു എന്നും, ഇത് അവരെ കടുത്ത മാനസിക സമ്മർദത്തിലേക്ക് തള്ളിവിട്ടതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ഈ വാദങ്ങൾക്ക് മുന്നിൽ പ്രതിഭാഗം പതറി നിൽക്കുമ്പോഴാണ്, ചെറിയ ഇടവേളക്ക് ശേഷം കോടതി തീരുമാനവും പ്രഖ്യാപിച്ചിരിക്കുന്നത്. ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സകല പ്രതീക്ഷകളും തല്ലിക്കെടുത്തുന്ന വിധി തന്നെയാണ് ഇതെന്നതിൽ സംശയം വേണ്ട.
മുഖം രക്ഷിക്കാൻ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് ഇപ്പോൾ പുറത്താക്കിയിട്ടുണ്ടെങ്കിലും, കേസിൻ്റെ ഗതി മാറുമോ എന്ന ആശങ്ക യു.ഡി.എഫ് നേതൃത്വത്തിനുണ്ട്. പ്രത്യേകിച്ച് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്വഭാവം സംബന്ധിച്ച പരാതി ഷാഫി പറമ്പിലിനോട് പറഞ്ഞിട്ടും അത് അവഗണിച്ചതായി, കോൺഗ്രസിലെ തന്നെ യുവതികൾ പരസ്യമായി പറയുന്ന സാഹചര്യം, മറ്റൊരു പ്രതിസന്ധിയിലേക്കാണ് കോൺഗ്രസിനെ കൊണ്ടുപോകുന്നത്.

ഷാഫി പറമ്പിലിന് എതിരായി ഏതെങ്കിലും തരത്തിലുള്ള മൊഴികൾ ലഭിച്ചാൽ, അദ്ദേഹത്തെയും അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്ന കാര്യവും ഉറപ്പാണ്. ഇതാണ് ഇപ്പോൾ കോൺഗ്രസ്സിൻ്റെ ഉറക്കം കെടുത്തുന്നത്. ഷാഫി പറമ്പിലിൻ്റെ മൊബൈൽ ഫോൺ പരിശോധിക്കണമെന്ന്, സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി തന്നെ ആവശ്യപ്പെട്ടതും, ഗൗരവമായാണ് കോൺഗ്രസ് നേതൃത്വം നോക്കിക്കാണുന്നത്.
കർണാടകയിൽ ഒളിവിൽ കഴിയാൻ, അവിടുത്തെ കോൺഗ്രസ് നേതാക്കളാണ് മാങ്കൂട്ടത്തിലിനെ സഹായിക്കുന്നതെന്നും സംസ്ഥാനത്തെ ഒരു നേതാവാണ് ഇതിനെ ഏകോപിപ്പിക്കുന്നതെന്നുമുള്ള വിവരവും ഇതിനകം പുറത്ത് വന്നുകഴിഞ്ഞിട്ടുണ്ട്. ഇതിനും കേരളത്തിലെ കോൺഗ്രസ് നേതാക്കളാണ് ഇപ്പോൾ മറുപടി പറയേണ്ടി വന്നിരിക്കുന്നത്.
കോൺഗ്രസ്സിലെ മാങ്കൂട്ടത്തിൽ – ഷാഫി വിഭാഗത്തെ തകർക്കാനുള്ള നീക്കമായി, ഇപ്പോഴത്തെ കേസിനെയും വിവാദത്തെയും മറുവിഭാഗം ഉപയോഗപ്പെടുത്തുന്ന കാഴ്ചയും വേറിട്ട കാഴ്ച തന്നെയാണ്. കോൺഗ്രസ് നേതാക്കൾ തന്നെ, പല ചേരികളായി തിരിയുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.
ഇടതുപക്ഷത്തെ സംബന്ധിച്ചാകട്ടെ, ഇപ്പോൾ ലഭിച്ചിരിക്കുന്നത് ഒരു സുവർണ്ണാവസരമാണ്. സ്ത്രീപീഡകർക്ക് എതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുന്ന സർക്കാരെന്നെ വാദം ഉയർത്തിയാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ അവരിപ്പോൾ വോട്ട് പിടിക്കുന്നത്. ജില്ലാ കോടതി ജാമ്യം തള്ളിയത്, സർക്കാരിൻ്റെ നടപടികളുടെ വിജയം കൂടിയാണെന്നാണ് സി.പി.എം കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ജില്ലാ പ്രോസിക്യൂട്ടറായ ടി ഗീനാകുമാരിക്കും വലിയ അഭിനന്ദനങ്ങളാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.
എസ്.എഫ്.ഐ മുൻ സംസ്ഥാന ജോ. സെക്രട്ടറിയും കേരള സർവ്വകലാശാലാ യൂണിയൻ ചെയർ പേഴ്സണുമായിരുന്ന ടി ഗീനാകുമാരി, രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് അവധി നൽകിയാണ് അഭിഭാഷക കുപ്പായമണിഞ്ഞിരുന്നത്. അവരെ തന്നെ ജില്ലാ ഗവൺമെൻ്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടറാക്കിയ നടപടി ശരിയായിരുന്നു എന്ന് സർക്കാരിനെയും ബോധ്യപ്പെടുത്തുന്ന ഇടപെടലാണ്, ഗീനാകുമാരി കോടതിയിൽ നടത്തിയിരിക്കുന്നത്.
വിദ്യാർത്ഥി ജീവിത കാലത്തിനിടയിൽ, ചോര പുരണ്ട ഒരു പോരാട്ട ചരിത്രം തന്നെയുണ്ട് ഈ വനിതാ പോരാളിക്ക് എന്നതും ഈ ഘട്ടത്തിൽ നാം ഓർക്കേണ്ടതുണ്ട്.

1994-95 കാലത്ത്, എസ്.എഫ്.ഐ നേതൃത്വത്തിൽ കേരള സർവ്വകലാശാലയിൽ നടത്തിയ വിളനിലം സമരത്തിനിടയിലും കൂത്തുപറമ്പ് സമരത്തിനിടയിലും, പൊലീസ് അതിഭീകരമായാണ് ഗീനാകുമാരിയെ തല്ലിച്ചതച്ചിരുന്നത്.
ഗീനാകുമാരിയുടെ തലതല്ലി പൊളിച്ചും നിലത്തിട്ട് ചവിട്ടിയരച്ചും പൊലീസ് നടത്തിയ ആക്രമണങ്ങൾ അതിക്രൂരമായിരുന്നു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഒഴുകിയ ചോരപ്പുഴയുടെ മറ്റൊരു അധ്യായമായിരുന്നു ഈ സംഭവങ്ങൾ. അക്കാലത്ത് തന്നെയാണ് പൊലീസ് വാഹനങ്ങളും തെരുവിൽ നിന്നു കത്തിയിരുന്നത്. വിദ്യാർത്ഥികളും പൊലീസും നേർക്കുനേർ ഏറ്റുമുട്ടി നടത്തിയ രക്തരൂക്ഷിതമായ ആ പോരാട്ട ചരിത്രം, വല്ലാത്തൊരു ചരിത്രം തന്നെയാണ്. എം.എൽ.എ ആയും മന്ത്രി ആയും ഒക്കെ ഗീനാകുമാരി പൊതുരംഗത്തുണ്ടാവുമെന്ന് കരുതിയ രാഷ്ട്രീയ കേരളത്തിന് മുന്നിലാണ് അവരിപ്പോൾ, മറ്റൊരു വേഷത്തിൽ തിളങ്ങിക്കൊണ്ടിരിക്കുന്നത്. ഏത് മേഖലയിലായാലും നീതിക്കൊപ്പം നിൽക്കുക, അതിനുവേണ്ടി പോരാടുക എന്ന ചുവപ്പ് പ്രത്യയശാസ്ത്ര ബോധം തന്നെയാണ് ഗീനാകുമാരിയെ ഇപ്പോഴും നയിക്കുന്നത്. അതുതന്നെയാണ്, രാഹുൽ മാങ്കൂട്ടത്തിൽ കേസിലും പ്രകടമായിരിക്കുന്നത്.
EXPRESS KERALA
The post മാങ്കൂട്ടത്തിലിൻ്റെ ജാമ്യം തള്ളിയതിന് പിന്നിൽ നിർണ്ണായകമായത് മുൻ എസ്.എഫ്.ഐ നേതാവ് ഗീനാകുമാരിയുടെ വാദം, പ്രതിഭാഗത്തെ പൊളിച്ചടുക്കി appeared first on Express Kerala.









