
ഇടുക്കി: നടുമറ്റത്ത് പട്ടാപ്പകൽ വീട്ടിൽ കയറി വയോധികയെ കെട്ടിയിട്ട് പണവും സ്വർണവും കവർന്ന സംഭവത്തിൽ രണ്ടുപേരെ കൂടി രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പന്നിയാർകൂട്ടി കൊല്ലപ്പിള്ളിൽ സൈബു തങ്കച്ചൻ (33), സുഹൃത്ത് കാഞ്ഞിരപ്പള്ളി സ്വദേശിനി അനിലാ ജോസ് (31) എന്നിവരാണ് പിടിയിലായത്. പ്രതിയായ സൈബു വയോധികയുടെ മകളുടെ മകനാണെന്ന് പൊലീസ് അറിയിച്ചു.
ഇയാൾ മുമ്പ് കഞ്ചാവ് കേസിൽ പ്രതിയായിരുന്നുവെന്നും, ആ കേസിനിടെയാണ് ഒളിവിലുള്ള പ്രധാനപ്രതി അൽത്താഫിനെ പരിചയപ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കി. അൽത്താഫിനായുള്ള തിരച്ചിൽ തുടരുകയാണ്. ഒളിവിലായിരുന്ന പ്രതികളെ പാലക്കാട്ടുനിന്നാണ് രാജാക്കാട് എസ്‌എച്ച്‌ഒ വി. വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ സരോജ (സോണിയ)യെ മണർകാട് പ്രദേശത്തുനിന്ന് മുമ്പേ പൊലീസ് പിടികൂടിയിരുന്നു.
Also Read: ഡിവോഴ്‌സ് നോട്ടീസ് അയച്ചു; ഭാര്യയെ വെടിവെച്ച് കൊന്ന് ഭര്‍ത്താവ്
നടുമറ്റം പാലക്കുന്നേൽ ടോമിയുടെ വീട്ടിൽ ഡിസംബർ 16-നാണ് കവർച്ച നടന്നത്. അന്നേദിവസം വീട്ടിൽ ടോമിയുടെ മാതാവ് മറിയക്കുട്ടി (80) മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇവരെ തുണി ഉപയോഗിച്ച് ഊൺമേശയിൽ കെട്ടിയിട്ട ശേഷമാണ് പ്രതികൾ മോഷണം നടത്തിയത്. അറസ്റ്റിലായ പ്രതികളെ അടിമാലി കോടതി റിമാൻഡ് ചെയ്തു.
The post വയോധികയെ കെട്ടിയിട്ട് കവർച്ച; കൊച്ചുമകൻ ഉൾപ്പെടെ രണ്ടുപേർ കൂടി അറസ്റ്റിൽ appeared first on Express Kerala.








