
കുവൈത്ത്: രാജ്യത്തെ വിവിധ മേഖലകളിൽ ഇലക്ട്രിക് സ്കൂട്ടറുകളുടെയും സൈക്കിളുകളുടെയും ഉപയോഗം ക്രമീകരിക്കുന്നതിന്റെ ഭാഗമായി കുവൈത്ത് സർക്കാർ പുതിയ നിയമാവലി രൂപീകരിക്കുന്നു. പൊതുനിരത്തുകളിൽ സ്കൂട്ടറുകൾ ഓടിക്കുന്നത് അപകടങ്ങൾക്കും ഗതാഗത തടസ്സങ്ങൾക്കും കാരണമാകുന്നുവെന്ന പരാതികൾ വർദ്ധിച്ച സാഹചര്യത്തിലാണ് ഈ നീക്കം.
ഇതുസംബന്ധിച്ച നടപടികൾക്കായി കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എഞ്ചിനീയർ മനാൽ അൽ അസ്ഫൂർ പ്രത്യേക സമിതി രൂപീകരിച്ച് ഉത്തരവിറക്കി. വിവിധ സർക്കാർ വകുപ്പുകളിലെ പ്രതിനിധികൾ ഉൾപ്പെടുന്ന ഈ സമിതി, അയൽരാജ്യങ്ങളിലും മറ്റ് വിദേശ രാജ്യങ്ങളിലും നിലവിലുള്ള സ്കൂട്ടർ-സൈക്കിൾ നിയമങ്ങൾ പഠിച്ച ശേഷമാകും കുവൈത്തിനായുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കുക.
Also Read: വേദന കൊണ്ട് പുളഞ്ഞ എട്ട് മണിക്കൂർ; കാനഡയിൽ ചികിത്സ വൈകിയതിനെത്തുടർന്ന് ഇന്ത്യക്കാരന് ദാരുണാന്ത്യം
പുതിയ നിയമാവലി പ്രകാരം സ്കൂട്ടറുകളുടെയും സൈക്കിളുകളുടെയും വേഗത, വലിപ്പം, ലൈസൻസിംഗ് എന്നിവയിൽ കർശനമായ മാനദണ്ഡങ്ങൾ കൊണ്ടുവരും. വാഹനങ്ങൾക്കും അവ ഉപയോഗിക്കുന്നവർക്കും ലൈസൻസ് നിർബന്ധമാക്കുന്ന കാര്യവും അധികൃതരുടെ പരിഗണനയിലുണ്ട്. കൂടാതെ, ഇവ ഉപയോഗിക്കാൻ അനുയോജ്യമായ പ്രത്യേക റൂട്ടുകൾ നിശ്ചയിക്കാനും നീക്കമുണ്ട്. നിലവിൽ പ്രധാന ഹൈവേകളിലും നടപ്പാതകളിലും ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും, പുതിയ നിയമം വരുന്നതോടെ ഇവയുടെ ഉപയോഗം കൂടുതൽ വ്യവസ്ഥാപിതമാകും. വാണിജ്യ-വ്യവസായ മന്ത്രാലയം, പൊതുമരാമത്ത് മന്ത്രാലയം, ധനമന്ത്രാലയം, ടൂറിസം പ്രോജക്ട് കമ്പനി തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയാണ് സമിതി ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
The post കുവൈത്തിൽ ഇലക്ട്രിക് സ്കൂട്ടറുകൾക്കും സൈക്കിളുകൾക്കും കടുത്ത നിയന്ത്രണം വരുന്നു appeared first on Express Kerala.









