
വന്ധ്യതയെന്നു കേൾക്കുമ്പോൾ ആദ്യം വിരൽചൂണ്ടിയിരുന്നത് സ്ത്രീകളിലേക്കായിരുന്നു. എന്നാൽ കാലം മാറിയതോടെ വന്ധ്യതയിൽ പുരുഷന്മാരുടെ പങ്കും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു കഴിഞ്ഞു. വന്ധ്യത ഇന്ന് ലോകവ്യാപകമായ ഒരു വെല്ലുവിളിയായി മാറുകയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന നാലിൽ ഒരു ദമ്പതികൾക്ക് ഒരു വർഷത്തിന് ശേഷവും ഗർഭം ധരിക്കാൻ കഴിയുന്നില്ല. ഇതിൽ നിർണ്ണായക പങ്കുവഹിക്കുന്നത് നമ്മൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന മാരകമായ രാസവസ്തുക്കളാണെന്ന ഞെട്ടിക്കുന്ന വിവരമാണ് പുതിയ പഠനങ്ങൾ പങ്കുവെക്കുന്നത്.
2050-ൽ മനുഷ്യവർഗം പ്രതിസന്ധിയിലാകുമോ?
ന്യൂയോർക്കിലെ മൗണ്ട് സീനായ് സ്‌കൂൾ ഓഫ് മെഡിക്കൽ സയൻസിലെ പ്രൊഫസറായ ഷന്ന സ്വാൻ നടത്തിയ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പഠനങ്ങൾ ഭയാനകമായ ചില സൂചനകളാണ് നൽകുന്നത്. 1973-നും 2011-നും ഇടയിൽ പുരുഷന്മാരിലെ ബീജത്തിന്റെ അളവിൽ (Sperm count) ഏകദേശം 52 ശതമാനത്തോളം കുറവുണ്ടായതായി ഇവരുടെ ഗവേഷണം ചൂണ്ടിക്കാട്ടുന്നു. ഈ പോക്ക് തുടരുകയാണെങ്കിൽ 2050 ആകുമ്പോഴേക്കും മനുഷ്യർക്ക് സ്വാഭാവികമായി പ്രത്യുത്പാദനം നടത്താൻ കഴിയാതെ വരുമെന്നും, ഭൂരിഭാഗം ദമ്പതികൾക്കും ഐവിഎഫ് (IVF) പോലുള്ള കൃത്രിമ മാർഗങ്ങളെ ആശ്രയിക്കേണ്ടി വരുമെന്നും ഷന്ന സ്വാൻ തന്റെ ‘കൗണ്ട്ഡൗൺ’ എന്ന പുസ്തകത്തിലൂടെ മുന്നറിയിപ്പ് നൽകുന്നു.
Also Read: ദിവസവും കാപ്പി കുടിച്ചാൽ പ്രായം കുറയുമോ? വാർദ്ധക്യത്തെ ചെറുക്കാൻ കാപ്പി സഹായിക്കുമെന്ന് പഠനങ്ങൾ
വില്ലനാകുന്ന രാസവസ്തുക്കൾ
നമ്മുടെ ജീവിതത്തെ നിശബ്ദമായി ബാധിക്കുന്നത് എൻഡോക്രൈൻ ഡിസ്‌റപ്റ്റിങ് കെമിക്കലുകളാണ്. പെയിന്റ് മുതൽ കീടനാശിനികൾ വരെ എണ്ണൂറോളം അപകടകാരികളായ രാസവസ്തുക്കൾ ഇതിൽ ഉൾപ്പെടുന്നു. ഇവ ശരീരത്തിലെ ഹോർമോൺ വ്യവസ്ഥയിൽ ഇടപെടുകയും, ഈസ്ട്രജൻ, ടെസ്റ്റോസ്റ്റെറോൺ തുടങ്ങിയ പ്രത്യുത്പാദന ഹോർമോണുകളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ആവശ്യത്തിന് ഹോർമോൺ ശരീരത്തിലുണ്ടെന്ന് ഈ കെമിക്കലുകൾ തലച്ചോറിനെ തെറ്റിദ്ധരിപ്പിക്കുന്നു, തൽഫലമായി സ്വാഭാവിക ഹോർമോൺ ഉൽപ്പാദനം കുറയുകയും വന്ധ്യതയിലേക്ക് നയിക്കുകയും ചെയ്യുന്നു.
എവിടെയെല്ലാമാണ് ഈ വിഷാംശങ്ങൾ?
സൗന്ദര്യവർധക വസ്തുക്കൾ: ഷാംപൂ, സൺസ്‌ക്രീൻ, ടൂത്ത് പേസ്റ്റ് എന്നിവയിലെ പാരബെൻസ് (Parabens), ട്രൈക്ലോസാൻ എന്നിവ.
ഗൃഹോപകരണങ്ങൾ: നോൺ-സ്റ്റിക്ക് പാത്രങ്ങൾ, ഫ്ലെയിം റിട്ടാർഡന്റുകൾ.
പ്ലാസ്റ്റിക്: പ്ലാസ്റ്റിക് പാത്രങ്ങളിലെ താലേറ്റുകൾ (Phthalates), ബിസ്ഫെനോൾ എ (BPA).
ഭക്ഷണം: പാക്ക് ചെയ്ത ഭക്ഷണങ്ങൾ, കീടനാശിനി പ്രയോഗിച്ച വിളകൾ.
നമുക്ക് എങ്ങനെ പ്രതിരോധിക്കാം?
വന്ധ്യതയെ പ്രതിരോധിക്കാനുള്ള ആദ്യ ചുവടുവെപ്പ് നമ്മുടെ അടുക്കളയിൽ നിന്നാകണം. താഴെ പറയുന്ന ശീലങ്ങൾ മാറ്റിയെടുക്കുന്നത് ഗുണകരമാകും.
പ്ലാസ്റ്റിക് ഒഴിവാക്കുക: മൈക്രോവേവ് അവ്നുകളിൽ പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കരുത്. ഭക്ഷണങ്ങൾ സൂക്ഷിക്കാൻ ഗ്ലാസ്, സ്റ്റെയിൻലെസ് സ്റ്റീൽ, അല്ലെങ്കിൽ സെറാമിക് പാത്രങ്ങൾ ഉപയോഗിക്കുക.
പാചക പാത്രങ്ങളിൽ മാറ്റം: ഇഡിസി അടങ്ങിയ നോൺ-സ്റ്റിക്ക് പാത്രങ്ങൾക്ക് പകരം കാസ്റ്റ് അയൺ അല്ലെങ്കിൽ സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കുക.
ഭക്ഷണ രീതി: പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കി പ്രകൃതിദത്തമായ ആഹാരം കഴിക്കുക.
ലേബലുകൾ ശ്രദ്ധിക്കുക: ഷാംപൂ, സൺസ്‌ക്രീൻ, ടൂത്ത് പേസ്റ്റ് എന്നിവ വാങ്ങുമ്പോൾ പാരബെൻ, താലേറ്റ് എന്നിവ അടങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തുക. ‘അപകടം’ അല്ലെങ്കിൽ ‘വിഷം’ എന്ന ലേബലുകളുള്ള ക്ലീനിങ് ഉൽപ്പന്നങ്ങളിൽ നിന്ന് അകലം പാലിക്കുക.
The post പുരുഷന്മാരേ സൂക്ഷിക്കുക! ബീജത്തിന്റെ അളവ് പകുതിയായി കുറഞ്ഞു; ഞെട്ടിക്കുന്ന റിപ്പോർട്ട് appeared first on Express Kerala.









