
“അഴിമതിമുക്ത കേരളം” എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാന സർക്കാർ ചുവടുവെക്കുമ്പോൾ, 2025 വർഷം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് ചരിത്രപരമായ നേട്ടങ്ങളുടെ കാലമായി മാറി. കഴിഞ്ഞ വർഷം സംസ്ഥാനത്ത് അഴിമതി വിരുദ്ധ പ്രവർത്തനങ്ങളിൽ വൻ മുന്നേറ്റമാണ് ഉണ്ടായതെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐ.പി.എസ് അറിയിച്ചു. കേന്ദ്ര-സംസ്ഥാന വ്യത്യാസമില്ലാതെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ വലയിലാക്കാൻ വിജിലൻസിന് കഴിഞ്ഞു. ഇതിന്റെ ഭാഗമായി 2025-ൽ മാത്രം 57 ട്രാപ്പ് കേസുകളിലായി 76 പേരെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. വിജിലൻസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന കണക്കാണിത്. ഇതിൽ 20 കേസുകളുമായി റവന്യൂ വകുപ്പാണ് മുന്നിൽ. തദ്ദേശ സ്വയംഭരണ വകുപ്പ് (12 കേസുകൾ), പോലീസ് (6 കേസുകൾ) എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്.
അഴിമതി തുടച്ചുനീക്കുന്നതിന്റെ ഭാഗമായി എല്ലാ സർക്കാർ വകുപ്പുകളിലും ഇന്റേണൽ വിജിലൻസ് സംവിധാനം കൊണ്ടുവരാൻ സാധിച്ചത് വലിയൊരു മാറ്റത്തിന് തുടക്കം കുറിച്ചു. ഓരോ വകുപ്പിലുമുള്ള ഇന്റേണൽ വിജിലൻസ് ഉദ്യോഗസ്ഥർ തങ്ങളുടെ വകുപ്പിലെ അഴിമതി വിരുദ്ധ നടപടികൾ നേരിട്ട് വിജിലൻസ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന സംവിധാനം നിലവിൽ വന്നു. ഈ സംവിധാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ച മുഖ്യമന്ത്രി, ഉദ്യോഗസ്ഥർ അഴിമതിക്കെതിരെ സന്ധിയില്ലാസമരം ചെയ്യണമെന്ന് കർശന നിർദ്ദേശം നൽകിയിരുന്നു. മധ്യമേഖലയിൽ (എറണാകുളം) നിന്നാണ് ഏറ്റവും കൂടുതൽ ട്രാപ്പ് കേസുകൾ (28 എണ്ണം) റിപ്പോർട്ട് ചെയ്തത്. കൂടാതെ 1152 മിന്നൽ പരിശോധനകളും 9193 പരാതികളിൽ നടപടികളും കഴിഞ്ഞ വർഷം വിജിലൻസ് സ്വീകരിച്ചു.
അഴിമതിയുടെ രീതികളിലും തുകയിലും വലിയ മാറ്റങ്ങൾ വന്ന വർഷം കൂടിയായിരുന്നു 2025. മുൻകാലങ്ങളിൽ ചെറിയ തുകകൾ കൈക്കൂലിയായി വാങ്ങിയിരുന്നിടത്ത് ഇപ്പോൾ ലക്ഷങ്ങളാണ് കൈമാറുന്നത്. ഈ വർഷം 14. ലക്ഷത്തോളം രൂപയാണ് വിജിലൻസ് കൈക്കൂലി പണമായി പിടിച്ചെടുത്തത്. ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ മൂന്ന് കേസുകളും ഇതിൽ ഉൾപ്പെടുന്നു. ‘ഓപ്പറേഷൻ അധിഗ്രഹൺ’, ‘ഓപ്പറേഷൻ ഹരിതകവചം’, ‘ഓപ്പറേഷൻ ക്ലീൻ വീൽസ്’ തുടങ്ങി വിവിധ വകുപ്പുകളിലെ ക്രമക്കേടുകൾ കണ്ടെത്താൻ പ്രത്യേക മിന്നൽ പരിശോധനകളും നടത്തി. കോടതി ശിക്ഷിച്ചിട്ടും ഒളിവിൽ കഴിഞ്ഞിരുന്ന 12 പ്രതികളെ പിടികൂടി ജയിലിലടയ്ക്കാനും വിജിലൻസിന് കഴിഞ്ഞു.
ഭരണപരമായ രംഗത്തും വലിയ പുരോഗതിയാണ് വിജിലൻസ് കൈവരിച്ചത്. കാലഹരണപ്പെട്ട വിജിലൻസ് മാനുവൽ പരിഷ്കരിക്കുകയും വിജിലൻസ് കോടതികളിലെ കേസുകളുടെ ബാഹുല്യം കണക്കിലെടുത്ത് കൊല്ലത്ത് പുതിയ വിജിലൻസ് കോടതി സ്ഥാപിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് മുട്ടത്തറയിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ ഓഫീസ് സമുച്ചയത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ നമ്പറായ 1064, വാട്ട്‌സ്ആപ്പ് സംവിധാനം എന്നിവ വഴി പൊതുജനങ്ങൾക്ക് അഴിമതി വിവരങ്ങൾ അറിയിക്കാം. അഴിമതിയില്ലാത്ത ഒരു പുതുവർഷത്തിനായി പൊതുജനങ്ങളുടെ സഹകരണം തേടുന്നതായി വിജിലൻസ് ഡയറക്ടർ അറിയിച്ചു.
The post ചരിത്ര നേട്ടവുമായി വിജിലൻസ്, അഴിമതിക്കാരെ കുരുക്കാൻ പ്രത്യേക സംഘം റെഡി ! appeared first on Express Kerala.









