
തിരുവനന്തപുരം: കാര്യവട്ടം സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി)യും ലക്ഷ്മിഭായി നാഷണല്‍ കോളജ് ഫോര്‍ ഫിസിക്കല്‍ എഡ്യൂക്കേഷനും(എല്‍എന്‍സിപിഇ) ഭരണ പ്രതിസന്ധിയില്‍. ഉദ്യോഗസ്ഥരും ജീവനക്കാരും രണ്ടുവിഭാഗമായിട്ട് മുന്നോട്ടുപോകുന്നതിനാല്‍ ഭരണ പ്രതിസന്ധിയും. ഒരു ചെറിയ സംഘത്തിന്റെ കൈപ്പിടിയില്‍ കാര്യങ്ങള്‍ ആയതോടെ കായിക താരങ്ങളും ബുദ്ധിമുട്ട് അനുഭവിക്കുന്നു.
ഭരണ പ്രതിസന്ധിയായതോടെ കുട്ടികളുടെ ദൈനംദിന കാര്യങ്ങളും മീറ്റിനുപോകുന്ന കുട്ടികളുടെ ടിഎയിലും ഡിഎയിലും തീരുമാനമെടുക്കാന്‍ പറ്റാത്ത അവസ്ഥയിലായി. കേന്ദ്രസര്‍ക്കാര്‍ സര്‍വീസ് ചട്ടങ്ങള്‍ മറികടന്നുള്ള പ്രവര്‍ത്തനമാണ് ഇവിടെ നടക്കുന്നത്.
നിരവധി ദേശീയ അന്തര്‍ദേശീയ താരങ്ങളെ വളര്‍ത്തിയെടുത്ത സ്ഥാപനമാണ് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതമൂലം തകര്‍ച്ചയിലേക്ക് നീങ്ങുന്നത്. റീജിയണല്‍ ഡയറക്ടറും പ്രിന്‍സിപ്പലും ആയിരുന്ന ജി. കിഷോര്‍കുമാര്‍ പിരിഞ്ഞു പോയശേഷമാണ് ഇവിടെ പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സര്‍വീസ് കാലാവധി നീട്ടിക്കൊടുത്ത് ഒരുവര്‍ഷം കൂടെ ഇവിടെ സേവനം അനുഷ്ഠിച്ച അദ്ദേഹം ഒരു മാസം മുമ്പ് തെലങ്കാനയില്‍ വൈസ് ചാന്‍സലര്‍ ആയി പോവുകയായിരുന്നു.
ജി. കിഷോര്‍കുമാര്‍ റീജിയണല്‍ ഡയറക്ടറായിരിക്കെ അദ്ദേഹവുമായുള്ള പ്രശ്‌നം കാരണം അവധിയില്‍പോയ ഡയറക്ടര്‍ ദണ്ഡപാണി സ്ഥലംമാറ്റം ലഭിച്ച് തിരികെയെത്തി. പഴയ പ്രിന്‍സിപ്പലിന്റെ ബോര്‍ഡും മൊമെന്റോയും എടുത്ത് മാറ്റുന്നതിന്റെ പേരില്‍ ജീവനക്കാര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായി. ഇതിനെ തുടര്‍ന്ന് സ്‌പോര്‍ട്‌സ് സെക്രട്ടറി ഇടപെട്ട് ദണ്ഡപാണിയെ മണിപ്പൂരിലേക്ക് മാറ്റി. ഇപ്പോള്‍ റീജിയണല്‍ ഡയറക്ടറുടെ താല്‍ക്കാലിക ചുമതല അസി. ഡയറക്ടര്‍ ശരത്ചന്ദ്ര യാദവിന് നല്‍കി. ഇദ്ദേഹത്തിന് ഭരണകാര്യങ്ങളില്‍ അനുഭവ സമ്പത്തില്ലെന്നാണ് ആക്ഷേപം. ഡെപ്യൂട്ടി ഡയറക്ടറുടെ മാത്രം ചുമതല വഹിച്ചിരുന്ന അദ്ദേഹത്തിന് ഇവിടത്തെ ഭരണ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്നില്ല. ഭരണകാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ഡെ. ഡയറക്ടര്‍ വര്‍ഷ, അസി. ഡയറക്ടര്‍ സെല്‍വമണി, ഡെ. ഡയറക്ടര്‍ രാംകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ്. രാംകുമാറിന് ആലപ്പുഴയിലാണ് ചുമതല എങ്കിലും അദ്ദേഹം മിക്കപ്പോഴും തിരുവനന്തപു
രത്തു തന്നെയാണ് ഉണ്ടാവുക.
ഒന്നരമാസം കൊണ്ട് ഇവിടത്തെ ജീവനക്കാരും പരിശീലകരും രണ്ട് വിഭാഗമായിട്ടാണ് പെരുമാറുന്നത്. ഇതിനിടെ ഒരു അസോ. പ്രൊഫസര്‍ക്ക് യാത്ര ചെയ്യാന്‍ വാഹനം അനുവദിച്ചതുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ തമ്മില്‍ അസഭ്യവിളിയും കൈയാങ്കളിയിലും വരെയെത്തി. ഉദ്യോഗസ്ഥരുടെ താന്‍പോരിമ കാരണം സായിയുടെയും എല്‍എന്‍സിപിഇയുടെയും ഭരണപരമായ കാര്യങ്ങളും പരിശീലനം നേടുന്ന കുട്ടികളുടെ ഭാവിയും അവതാളത്തിലായി. ഒരുമാസക്കാലമായി ഇവിടെ അനിശ്ചിതാവസ്ഥയാണ്. മെസ്സിന്റെ കാര്യമായാലും കുട്ടികളുടെ ഇന്‍ഷുറന്‍സിന്റെ കാര്യമായാലും മീറ്റിനുപോകുന്നവരുടെ ടിഎ യും ഡിഎയും എല്ലാം തടസപ്പെട്ടു. ദൈനംദിന കാര്യങ്ങള്‍ക്ക് കൃത്യസമയത്ത് ചെക്ക് ഒപ്പിട്ടു കൊടുക്കുന്നില്ലെന്നും പരാതിയുണ്ട്.
സായിയുടെ റീജിയണല്‍ ഡയറക്ടര്‍ ഓഫീസ് ഇവിടെ നിന്ന് മാറ്റിക്കൊണ്ടുപോകാനുള്ള ശ്രമമാണ് ഇതിനു പിന്നില്‍ നടക്കുന്നതെന്നാണ് പറയപ്പെടുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് ലഭിക്കുന്ന സായിയുടെ കൂടെയാണ് എല്‍എന്‍സിപിഇയുടെ നിലനില്‍പ്പ്. സായിയെ ഇവിടെനിന്ന് മാറ്റുന്നതിലൂടെ എല്‍എന്‍സിപിഇയില്‍ പരിശീലനം തേടുന്ന കുട്ടികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലാകുന്നത്. ഇവിടെയുള്ള 300 ഓളം ജീവനക്കാരുടെ ഭാവിയെയും ദോഷകരമായി ബാധിക്കുമോയെന്ന ഭയത്തിലാണ് ജീവനക്കാര്‍.









