
കാസർക്കോട്: തൃക്കരിപ്പൂരിൽ ഭക്ഷണം നൽകാൻ വൈകിയെന്നാരോപിച്ച് യുവാക്കളുടെ സംഘം ഹോട്ടൽ അടിച്ചുതകർത്തു. തൃക്കരിപ്പൂരിലെ ഒരു ഹോട്ടലിന് നേരെയാണ് ഡിസംബർ 31 ന് രാത്രിയോടെ ആക്രമണമുണ്ടായത്. ഹോട്ടലിലെ ചില്ലുകളും ഉപകരണങ്ങളും തകർത്ത അക്രമിസംഘം ഇതരസംസ്ഥാനക്കാരായ ജീവനക്കാരെ ക്രൂരമായി മർദ്ദിച്ചു. മർദ്ദനമേറ്റ ഒരു ജീവനക്കാരന്റെ മൂക്കിന് സാരമായ പരിക്കുണ്ട്. ആക്രമണം ഭയന്ന് ഹോട്ടലിലുണ്ടായിരുന്ന ഉപഭോക്താക്കൾ ഇറങ്ങിയോടി. പയ്യന്നൂർ സ്വദേശികളായ യുവാക്കളാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
രാത്രി 11 മണിയോടെ ഹോട്ടലിലെത്തിയ നാലംഗ സംഘമാണ് ആദ്യം പ്രശ്നങ്ങൾ തുടങ്ങിയതെന്ന് ഹോട്ടൽ ഉടമ പറഞ്ഞു. മന്തിയും ഗ്രിൽ ചിക്കനും ഓർഡർ ചെയ്ത യുവാക്കളോട് 15 മിനിറ്റ് സമയം ജീവനക്കാർ ആവശ്യപ്പെട്ടിരുന്നു, എന്നാൽ അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ഭക്ഷണം വൈകിയെന്നാരോപിച്ച് യുവാക്കൾ അക്രമാസക്തരാകുകയായിരുന്നു. പാത്രങ്ങളും ഗ്ലാസുകളും എറിഞ്ഞുടച്ച സംഘത്തെ, ഉടമ വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ ചന്തേര പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.
എന്നാൽ, ഇവരെ സ്റ്റേഷനിൽ നിന്നും വിട്ടയച്ചതിന് പിന്നാലെ ഇരുപത്തഞ്ചോളം വരുന്ന സംഘം വീണ്ടും ഹോട്ടലിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഹോട്ടലിന്റെ ഗ്ലാസുകളും ഫർണിച്ചറുകളും തകർത്ത അക്രമികൾ പുറത്ത് നിർത്തിയിട്ടിരുന്ന ഡെലിവറി വാഹനങ്ങളും നശിപ്പിച്ചു. ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച ശേഷമാണ് സംഘം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. അക്രമികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇത്തരം അതിക്രമങ്ങൾ തടയാൻ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
The post മന്തി വരാൻ വൈകിയതിന് ഹോട്ടൽ ‘അടിച്ചു നിരത്തി’; കാസർക്കോട് നടന്നത് സിനിമാ സ്റ്റൈൽ ഗുണ്ടാവിളയാട്ടം! appeared first on Express Kerala.









