
കൊച്ചി: വടക്കൻ പറവൂർ ഡോൺ ബോസ്‌കോ ആശുപത്രിയിൽ പ്രസവത്തെത്തുടർന്ന് യുവതി മരിച്ച സംഭവത്തിൽ വിശദീകരണവുമായി ആശുപത്രി അധികൃതർ രംഗത്തെത്തി. പട്ടണം പള്ളിയിൽ കാവ്യമോളാണ് (30) ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
പ്രസവത്തിന് പിന്നാലെ യുവതിക്ക് രക്തസ്രാവം സംഭവിച്ചതിനെ തുടർന്ന് ഗർഭപാത്രം നീക്കം ചെയ്‌തു. ഓപ്പറേഷൻ തിയേറ്ററിൽ വച്ച് ഹൃദയസ്തംഭനം ഉണ്ടായതായും ആശുപത്രി അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ വീഴ്ച ഉണ്ടായിട്ടിലെന്നും ആവശ്യമായ രക്തം ആശുപത്രിയിൽ തന്നെ ഉണ്ടായിരുന്നുവെന്നും, ബന്ധുക്കളുടെ അപേക്ഷയിൽ ആശുപത്രി ചികിത്സാ മാറ്റത്തിന് സമ്മതം നൽകിയെന്നും മെഡിക്കല്‍ സൂപ്രണ്ട് ഡോ. പി കെ കുഞ്ചറിയ പറഞ്ഞു.
യുവതിയുടെ ബന്ധുക്കൾ ചികിത്സാ പിഴവാണ് മരണകാരണം എന്നാണ് ആരോപിച്ചത്. ഡിസംബർ 24നായിരുന്നു ഡോൺബോസ്കോ ആശുപത്രിയിൽ യുവതിയുടെ രണ്ടാമത്തെ പ്രസവം നടന്നത്. പകൽ 12:50ന് പെൺകുഞ്ഞ് ജനിക്കുകയും ചെയ്തു. രക്തസ്രാവം കൂടിയതിനാൽ യുവതിയുടെ യൂട്രസ് നീക്കം ചെയ്യുകയും, ഇതോടെ യുവതിയുടെ നില ഗുരുതമാവുകയായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിൽ ആദ്യഘട്ടത്തിൽ അധികൃതർ വിസമ്മതിച്ചതായും ആരോപണമുണ്ട്. വൈകുന്നേരം നാല് മണിയോടെ ഹൃദയാഘാതം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. പിന്നീട് കൊച്ചിയിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസ് ആശുപത്രി അധികൃതർ തന്നെ ഏർപ്പാടാക്കി 9.30ന് അവിടെയെത്തിക്കുകയായിരുന്നു. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം തകരാറിലായതോടെ യുവതി ഗുരുതരാവസ്ഥയിലായി, ബുധനാഴ്ച വൈകീട്ട് 5:45-ന് മസ്തിഷ്‌ക മരണം സംഭവിക്കുകയും ചെയ്തു. എറണാകുളം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തിയാണ് സംസ്കാരം നടത്തിയത്. അസ്വഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചികിത്സാ പിഴവ് ഉണ്ടായെന്ന ആരോപണം ആശുപത്രി നിഷേധിക്കുകയാണ്.
The post പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ, നിഷേധിച്ച് ആശുപത്രി അധികൃതർ appeared first on Express Kerala.









