
മൊബൈൽ കവറേജ് കുറവുള്ള ഇടങ്ങളിലും തടസ്സമില്ലാത്ത സംഭാഷണം ഉറപ്പാക്കാൻ ബിഎസ്എൻഎൽ വോയ്‌സ് ഓവർ വൈ-ഫൈ (VoWiFi) സേവനം രാജ്യവ്യാപകമായി ആരംഭിച്ചു. 2026 പുതുവത്സര ദിനത്തിലാണ് ഈ സേവനം ഇന്ത്യയിലെ എല്ലാ ടെലികോം സർക്കിളുകളിലും ലഭ്യമാക്കി തുടങ്ങിയത്. മുൻപ് ചില പ്രത്യേക സർക്കിളുകളിൽ മാത്രമുണ്ടായിരുന്ന ഈ സൗകര്യം ഇനിമുതൽ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ഇന്ത്യയിൽ എവിടെയും പ്രയോജനപ്പെടുത്താം. റിലയന്‍സ് ജിയോ, ഭാരതി എയർടെൽ, വോഡാഫോണ്‍ ഐഡിയ (VI) തുടങ്ങിയ സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർ വളരെക്കാലമായി ഉപയോക്താക്കള്‍ക്ക് വോയ്‌സ് വൈഫൈ ആക്‌സസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്.
എന്താണ് വൈ-ഫൈ കോളിംഗ്
മൊബൈൽ ടവറിൽ നിന്നുള്ള സിഗ്നൽ ദുർബലമാകുമ്പോൾ, ലഭ്യമായ വൈ-ഫൈ നെറ്റ്‌വർക്ക് ഉപയോഗിച്ച് കോളുകൾ വിളിക്കാനും സ്വീകരിക്കാനും സാധിക്കുന്ന സാങ്കേതികവിദ്യയാണിത്. ഇതിലൂടെ ഇൻഡോർ കവറേജ് പ്രശ്നങ്ങൾ പരിഹരിക്കാനും ഉയർന്ന വ്യക്തതയുള്ള വോയ്‌സ് കോളുകൾ ഉറപ്പാക്കാനും സാധിക്കും. റേഞ്ച് കുറഞ്ഞ സ്ഥലങ്ങളിലും മികച്ച രീതിയിലുള്ള സംസാര സൗകര്യം ഉറപ്പാക്കാൻ വൈ-ഫൈ കോളിംഗ് വഴി സാധിക്കുമെന്ന് ടെലികോം മന്ത്രാലയം വ്യക്തമാക്കി. വൈ-ഫൈ നെറ്റ്‌വർക്കുമായി ബന്ധിപ്പിക്കുന്നതിലൂടെ വ്യക്തമായ വോയ്‌സ് കോളുകൾ വിളിക്കാനും സ്വീകരിക്കാനും മാത്രമല്ല, എസ്എംഎസ് സന്ദേശങ്ങൾ അയക്കാനും സ്വീകരിക്കാനും ഈ സംവിധാനം വഴി സാധിക്കും.
Also Read: ചൈനയുടെ ‘സൂപ്പർ ഫിഷ്’; ഇനി മുള്ളുപേടിക്കാതെ മീൻ കഴിക്കാം!
കെട്ടിടങ്ങൾക്കുള്ളിലോ ഭൂഗർഭ നിലകളിലോ സിഗ്നൽ കുറവാണെങ്കിലും വൈ-ഫൈ ഉണ്ടെങ്കിൽ തടസ്സമില്ലാതെ സംസാരിക്കാം. നിലവിലുള്ള പ്ലാനുകൾക്ക് പുറമെ ഇതിനായി പ്രത്യേക ചാർജുകൾ നൽകേണ്ടതില്ല. വാട്സാപ്പ് കോളുകൾ പോലെ പ്രത്യേക ആപ്ലിക്കേഷനുകളുടെ സഹായമില്ലാതെ തന്നെ ഫോണിലെ സാധാരണ ഡയലർ വഴി കോളുകൾ ചെയ്യാം. വൈ-ഫൈ നെറ്റ്‌വർക്ക് വഴി കോളുകൾക്ക് പുറമെ സന്ദേശങ്ങൾ അയക്കാനും സ്വീകരിക്കാനും സാധിക്കും.
നിലവിൽ റിലയൻസ് ജിയോ, എയർടെൽ, വി എന്നീ സ്വകാര്യ കമ്പനികൾ നൽകിവരുന്ന ഈ സേവനം ബിഎസ്എൻഎൽ കൂടി വിപുലമാക്കിയതോടെ ഉൾനാടൻ പ്രദേശങ്ങളിലും ദുർഘടമായ ഇടങ്ങളിലും കണക്റ്റിവിറ്റി മെച്ചപ്പെടും. സാധാരണയായി വൈ-ഫൈ കോളിംഗ് സേവനത്തിന് ടെലികോം കമ്പനികൾ അധിക നിരക്കുകളൊന്നും ഈടാക്കാറില്ല. നിലവിലുള്ള ഫോൺ നമ്പർ ഉപയോഗിച്ച് തന്നെ ഇത് പ്രവർത്തിക്കും. ഇതിനായി വാട്സാപ്പ് പോലുള്ള മറ്റ് തേഡ് പാർട്ടി ആപ്പുകളുടെ ആവശ്യമില്ലാതെ തന്നെ ഫോണിലെ സാധാരണ ഡയലർ വഴി നേരിട്ട് കോളുകൾ വിളിക്കാൻ സാധിക്കും. ഭാരത് ഫൈബർ ഉപയോക്താക്കൾക്കും മറ്റ് ബ്രോഡ്‌ബാൻഡ് സേവനങ്ങൾ ഉപയോഗിക്കുന്നവർക്കും ഈ ഫീച്ചർ ഏറെ ഗുണകരമാകും.
The post ബിഎസ്എൻഎല്ലിൽ ഇനി ‘റേഞ്ച്’ പ്രശ്നമില്ല; വൈ-ഫൈ കോളിംഗ് സേവനം ഇനി രാജ്യമെമ്പാടും! appeared first on Express Kerala.









