
ചെന്നൈ: കള്ളക്കുറിച്ചിയിൽ മകന്റെ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മായിയമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ശങ്കരാപുരം വിരിയൂർ ഗ്രാമത്തിലെ മരിയ റൊസാരിയോയുടെ ഭാര്യ നന്ദിനി (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മരിയ റൊസാരിയോയുടെ അമ്മ മേരി (55) അറസ്റ്റിലായി. ഇവരെ സഹായിച്ച രണ്ട് ബന്ധുക്കളും പോലീസ് കസ്റ്റഡിയിലാണ്.
ഇതര ജാതിയിൽപ്പെട്ട നന്ദിനിയെ മകൻ വിവാഹം കഴിച്ചതിൽ മേരിക്ക് കടുത്ത എതിർപ്പുണ്ടായിരുന്നു. എട്ടുവർഷം മുൻപ് ആദ്യ ഭർത്താവിന്റെ മരണശേഷമാണ് നന്ദിനി മരിയ റൊസാരിയോയെ വിവാഹം കഴിച്ചത്. ഇവർക്ക് അഞ്ചുവയസ്സുള്ള ഒരു മകനുണ്ട്. ദമ്പതികളുടെ ജീവിതത്തിൽ നിരന്തരം പ്രശ്നങ്ങളുണ്ടാക്കാൻ മേരി ശ്രമിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഒരു മതപരമായ ചടങ്ങിനു പോകാനെന്ന വ്യാജേന മേരി നന്ദിനിയെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയി. രണ്ടു ദിവസം കഴിഞ്ഞിട്ടും നന്ദിനി തിരിച്ചെത്താത്തതിനെത്തുടർന്ന് മരിയ റൊസാരിയോ പോലീസിൽ പരാതി നൽകുകയായിരുന്നു.
Also Read: കാർ ഇടിച്ചതിനെച്ചൊല്ലി തർക്കം; കോന്നിയിൽ അയ്യപ്പഭക്തർക്ക് മർദ്ദനമേറ്റു
മേരിയെ ചോദ്യം ചെയ്തതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. നന്ദിനിയെ പുഴക്കരയിൽ കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം അവിടെത്തന്നെ കുഴിച്ചിട്ടതായി മേരി മൊഴി നൽകി. പോലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി കള്ളക്കുറിച്ചി സർക്കാർ ആശുപത്രിയിലേക്കുമാറ്റി.
The post ജാതി മാറി വിവാഹം; മകന്റെ ഭാര്യയെ കഴുത്തറുത്ത് കൊന്ന് അമ്മ appeared first on Express Kerala.









