ചെന്നൈ നഗരം ചുറ്റി, കാഴ്ചകള്‍ ആസ്വദിക്കാന്‍ വിന്റേജ് ബസുകള്‍ അവതരിപ്പിച്ച് മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ (MTC). നഗരവാസികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും നഗരത്തിലെ സുപ്രധാന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനായാണ് ഈ വേറിട്ട മാതൃക.
9 വര്‍ഷം പഴക്കമുള്ള അഞ്ച് ബസ്സുകളാണ് എംടിസി അധികൃതര്‍ വിന്റേജ് മോഡലുകളാക്കി രൂപാന്തരം വരുത്തിയിരിക്കുന്നത്. 30 കിലോമീറ്റര്‍ ദൂരത്തില്‍ ചരിത്ര സാംസ്‌കാരിക പ്രാധാന്യമുള്ള 18 സ്ഥലങ്ങളിലൂടെ ബസ് കടന്നുപോകും.
‘ഹോപ് ഓണ്‍ ഹോപ് ഓഫ്’ സ്റ്റോപ്പുകള്‍ ഇവ
പാര്‍ക്ക് റെയില്‍വേ സ്റ്റേഷന്‍, എഗ്മൂര്‍ റെയില്‍വേ സ്റ്റേഷന്‍, എഗ്മൂര്‍ മ്യൂസിയം, വള്ളുവര്‍കോട്ടം, സാന്തോം പള്ളി, ലൈറ്റ് ഹൗസ്, അണ്ണാ മേല്‍പ്പാലം, ലസ് കോര്‍ണര്‍, വിവേകാനന്ദ ഹൗസ്, കണ്ണകി സ്റ്റാച്യു, മറീന ബീച്ച്, വാര്‍ മെമ്മോറിയല്‍, മദ്രാസ് ഹൈക്കോടതി, സെക്രട്ടേറിയറ്റ്, പല്ലവന്‍ ഹൗസ്.
‘ചെന്നൈ ഉലാ’ എന്ന് പേരിട്ടിരിക്കുന്ന Hop-On Hop-Off സര്‍വീസിന്റെ ഉദ്ഘാടനം ബുധനാഴ്ച നടന്നു. ഗതാഗത മന്ത്രി എസ്.എസ്. ശിവശങ്കര്‍ അണ്ണാ സ്‌ക്വയറില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വിന്റേജ് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു.
വിന്റേജ് ശൈലിയില്‍ രൂപകല്‍പ്പന
50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെന്നൈ നഗരത്തില്‍ ഓടിയിരുന്ന ബസ്സുകളുടേതിന് സമാനമായ രീതിയില്‍ 5 ബസ്സുകളും വിന്റേജ് ശൈലിയില്‍ പുനര്‍നിര്‍മ്മിച്ചിരിക്കുകയാണെന്ന് എംടിസി മാനേജിങ് ഡയറക്ടര്‍ ടി പ്രഭുശങ്കര്‍ പറഞ്ഞു.
‘ഓരോ 30 മിനിട്ടിലും നിശ്ചിത പോയിന്റുകളില്‍ നിന്ന് ബസ്സുകള്‍ പുറപ്പെടും. വാഹനങ്ങളില്‍ ജിപിഎസ്, പബ്ലിക് അനൗണ്‍സ്മെന്റ് സിസ്റ്റം എന്നീ സംവിധാനങ്ങളുമുണ്ട്.
ജനങ്ങളില്‍ നിന്നുള്ള പ്രതികരണങ്ങള്‍ പരിഗണിച്ച്, കൂടുതല്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ഗൈഡഡ് ടൂറുകളും കോംബോ ടിക്കറ്റുകളും ഭാവിയില്‍ ആരംഭിക്കാന്‍ പദ്ധതിയുമുണ്ട്’ – എംടിസി മാനേജിങ് ഡയറക്ടര്‍ ടി. പ്രഭുശങ്കര്‍ പറഞ്ഞു.






