
‘ആവാസവ്യൂഹം’, ‘പുരുഷപ്രേതം’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ കൃഷാന്തിന്റെ പുതിയ ചിത്രം “മസ്തിഷ്ക മരണം: സൈമൺസ് മെമ്മറീസ്” ടീസർ പുറത്തിറങ്ങി. 2046-ലെ കൊച്ചി നഗരത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഒരു സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡി ചിത്രമാണിത്. ഫ്യൂച്ചറിസ്റ്റിക് നിയോ-നോയിർ മൂഡ് നിലനിർത്തുന്ന ചിത്രം, അന്താരാഷ്ട്ര നിലവാരമുള്ള ദൃശ്യഭാഷയും വ്യത്യസ്തമായ കഥപറച്ചിൽ രീതിയും വാഗ്ദാനം ചെയ്യുന്നു. വിഎഫ്എക്‌സിന് (VFX) വലിയ പ്രാധാന്യമുള്ള ചിത്രത്തിന്റെ മേക്കിങ് ശൈലി ഏറെ സവിശേഷമാണ്.
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ഈ ചിത്രം, ‘ഗഗനചാരി’ എന്ന സിനിമയ്ക്ക് ശേഷം നിർമ്മാതാക്കളും സംവിധായകനും വീണ്ടും ഒന്നിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രം കൂടിയാണ്. “മസ്തിഷ്ക മരണം- എ ഫ്രാങ്കെൻബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്” എന്നാണ് സിനിമയുടെ പൂർണ്ണരൂപം. തദ്ദേശീയമായ അന്തരീക്ഷത്തിൽ സയൻസ് ഫിക്ഷന്റെ സാധ്യതകൾ പരീക്ഷിക്കുന്ന കൃഷാന്തിന്റെ ഈ പരീക്ഷണ ചിത്രം ഇതിനോടകം തന്നെ സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.
Also Read: ആക്ഷൻ ആവേശം നിറച്ച് പെപ്പെയുടെ ‘കാട്ടാളൻ’; ടീസർ പുറത്തിറങ്ങി
ചിത്രത്തിലെ “കോമള താമര” എന്ന ഗാനം നേരത്തെ തന്നെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടി രജിഷ വിജയൻ ആദ്യമായി നൃത്തം ചെയ്ത ഈ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ബ്ലേഡ് റണ്ണർ പോലുള്ള വിദേശ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ഒരു പ്രത്യേക കഥാലോകമാണ് ഇതിലൂടെ സംവിധായകൻ ഒരുക്കുന്നത്.
The post കൃഷാന്തിന്റെ സയൻസ് ഫിക്ഷൻ വിരുന്ന്; ‘മസ്തിഷ്ക മരണം’ ടീസർ പുറത്തിറങ്ങി appeared first on Express Kerala.









