
റേഷൻ കടകളുടെ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി അടിസ്ഥാന സൗകര്യങ്ങളുള്ള എല്ലാ റേഷൻ കടകളെയും ഘട്ടം ഘട്ടമായി കെ-സ്റ്റോറുകളാക്കി (K-Store) മാറ്റുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. റേഷൻ കടകൾ വഴി കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി അവയെ ജനസൗഹൃദ കേന്ദ്രങ്ങളാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. നിലവിൽ സംസ്ഥാനത്തുടനീളം 2188 കെ-സ്റ്റോറുകൾ വിജയകരമായി പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം താലൂക്കിലെ എഫ്.പി.എസ് 141-ാം നമ്പർ കെ-സ്റ്റോറിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണ റേഷൻ സാധനങ്ങൾക്ക് പുറമെ എം.എസ്.എം.ഇ ഉത്പന്നങ്ങൾ, മിൽമ, കശുവണ്ടി വികസന കോർപ്പറേഷൻ ഉത്പന്നങ്ങൾ എന്നിവയും കെ-സ്റ്റോറുകൾ വഴി ലഭിക്കും. കൂടാതെ ചോട്ടു ഗ്യാസ്, സി.എസ്.സി (CSC) സേവനങ്ങൾ, ബാങ്കിംഗ് സേവനങ്ങൾ എന്നിവയും ഈ കേന്ദ്രങ്ങൾ വഴി ജനങ്ങൾക്ക് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ഒരാളെയും അഴിമതി ചെയ്യാന്‍ അനുവദിക്കില്ല: വി വി രാജേഷ്
കെ-സ്റ്റോറുകൾ വഴി ലഭ്യമാകുന്ന വിപുലമായ സേവനങ്ങൾ പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ചടങ്ങിൽ അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡന്റ് അർച്ചന, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാർത്തിക തുടങ്ങിയ പ്രമുഖരും സപ്ലൈ ഓഫീസർമാരും പങ്കെടുത്തു. റേഷൻ വിതരണത്തിന് പുറമെ ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ നഗരതുല്യമായ സേവനങ്ങൾ എത്തിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
The post സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും കെ-സ്റ്റോറുകളാക്കും: മന്ത്രി ജി.ആർ. അനിൽ appeared first on Express Kerala.









