
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 23-ാം തീയതി കേരളത്തിൽ സന്ദർശനം നടത്തും. രാവിലെ 10.30-ഓടെ തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം ഏകദേശം രണ്ട് മണിക്കൂറോളം നഗരത്തിൽ ചെലവഴിക്കുമെന്നാണ് നിലവിലുള്ള വിവരം. വിമാനത്താവളത്തിൽ നിന്ന് നേരിട്ട് പരിപാടി നടക്കുന്ന കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തേക്കാകും അദ്ദേഹം എത്തുക.
പുത്തരിക്കണ്ടം മൈതാനത്ത് റെയിൽവേയും ബിജെപിയും സംയുക്തമായി ഒരുക്കുന്ന രണ്ട് പ്രധാന ചടങ്ങുകളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. രാവിലെ 10.45 മുതൽ 11.20 വരെയുള്ള സമയത്ത് റെയിൽവേയുടെ വിവിധ വികസന പദ്ധതികളുടെയും നാല് പുതിയ ട്രെയിനുകളുടെയും ഉദ്ഘാടനം അദ്ദേഹം നിർവ്വഹിക്കും. കേന്ദ്ര സർക്കാരിന്റെ റെയിൽവേ വികസന പദ്ധതികൾക്ക് വേഗം കൂട്ടുന്ന പ്രഖ്യാപനങ്ങൾ ഈ ചടങ്ങിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read: ശബരിമലയിൽ സ്വർണ്ണക്കടത്ത് നടന്നതായി സ്ഥിരീകരണം; ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് നാളെ ഹൈക്കോടതിയിൽ
റെയിൽവേയുടെ ചടങ്ങിന് ശേഷം അതേ വേദിയിൽ വെച്ചുതന്നെ ബിജെപി സംഘടിപ്പിക്കുന്ന പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ബിജെപി ഭരണത്തിലുള്ള തിരുവനന്തപുരം കോർപ്പറേഷനായി വിഭാവനം ചെയ്തിട്ടുള്ള വിപുലമായ തലസ്ഥാന വികസന പദ്ധതിയുടെ പ്രഖ്യാപനം ഈ വേദിയിൽ വെച്ച് അദ്ദേഹം നടത്തും. ചടങ്ങുകൾ പൂർത്തിയാക്കി ഉച്ചയ്ക്ക് 12.40-ഓടെ അദ്ദേഹം ചെന്നൈയിലേക്ക് തിരിക്കും.
The post തലസ്ഥാനത്തിന് കൈനിറയെ പദ്ധതികൾ; നരേന്ദ്ര മോദിയുടെ സന്ദർശനം ഈ മാസം 23-ന് appeared first on Express Kerala.









