
കേരളത്തിന്റെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ ക്രൈസ്തവ മിഷണറിമാർ നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അറിവിന്റെ വെളിച്ചം സാധാരണക്കാരിലേക്ക് എത്തിക്കുന്നതിൽ ക്രൈസ്തവ സഭകൾ വലിയ പങ്കുവഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ചിങ്ങവനത്ത് നടന്ന ക്നാനായ യാക്കോബായ സഭ വിശ്വാസ സംഗമത്തിലും സമുദായ ദിനാഘോഷത്തിലും സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്ന സാഹചര്യത്തിൽ കേരളം പ്രത്യാശയുടെ തുരുത്തായി നിലനിൽക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മണിപ്പൂരിലെ വംശീയ കലാപവും സഭകൾക്കും വിശ്വാസികൾക്കും എതിരെയുള്ള അക്രമങ്ങളും ചൂണ്ടിക്കാട്ടിയ അദ്ദേഹം, വർഗീയ ശക്തികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും ആവശ്യപ്പെട്ടു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്ക് റേഷൻ നിഷേധിക്കുന്നതും ആരാധനാലയങ്ങൾ ആക്രമിക്കപ്പെടുന്നതും ഗൗരവകരമായ സാഹചര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: വെള്ളാപ്പള്ളിയുടെ മുദ്രാവാക്യം ബിജെപിയുടെ ആശയം; എൽഡിഎഫിന് ഗുണമാകില്ലെന്ന് വി. മുരളീധരൻ
കഴിഞ്ഞ പത്ത് വർഷമായി കേരളത്തിൽ വർഗീയ സംഘർഷങ്ങളില്ലാത്തത് സർക്കാരിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് മൂലമാണെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന സമീപനമാണ് ഇവിടെയുള്ളത്. വർഗീയ സംഘടനകൾക്ക് കേരളത്തിൽ തലപൊക്കാൻ കഴിയാത്തത് സർക്കാർ സ്വീകരിക്കുന്ന മതനിരപേക്ഷ നിലപാടുകൾ കൊണ്ടാണ്. ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയതകൾ ഒരുപോലെ ആപത്താണെന്നും, കേരളത്തിന്റെ മണ്ണിൽ ഏത് തരത്തിലുള്ള വർഗീയതയോടും സന്ധിയില്ലാത്ത പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
The post കേരളത്തിന്റെ ആരോഗ്യ-വിദ്യാഭ്യാസ നേട്ടങ്ങൾക്ക് പിന്നിൽ ക്രൈസ്തവ മിഷണറിമാർ; മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Express Kerala.









