ശൈത്യകാലത്ത്, പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ തണുപ്പിനെ പ്രതിരോധിക്കാന്‍ കമ്പിളിവസ്ത്രങ്ങള്‍, തൊപ്പികള്‍, കയ്യുറകള്‍, മറ്റ് സംരക്ഷണ വസ്ത്രങ്ങള്‍ എന്നിവ ധരിക്കുന്നത് കാണാം. കാരണം, അവരെ സംബന്ധിച്ച് തണുപ്പ് കൂടുതലായി അനുഭവപ്പെടുന്നു. ഇങ്ങനെ സംഭവിക്കുന്നതിന്റെ ശാസ്ത്രീയ കാരണങ്ങള്‍ തിരിച്ചറിയാം.
ശരീര താപനിലയും തണുപ്പും
ശരീര താപനിലയെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട് – കഴിക്കുന്ന മരുന്നുകള്‍ മുതല്‍ ഭക്ഷണം, മാനസിക സമ്മര്‍ദ്ദം തുടങ്ങിയവ വരെ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, പ്രായത്തിനും ലിംഗഭേദത്തിനും അനുസരിച്ചും ശരീരത്തിന്റെ താപനിലയില്‍ വ്യത്യാസങ്ങളുണ്ടാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പുരുഷന്മാരും സ്ത്രീകളും തമ്മില്‍ ജൈവികമായ ചില വ്യത്യാസങ്ങളുണ്ട്. ഇത് ചൂട് അനുഭവപ്പെടുന്നതിലെ വ്യത്യാസത്തിന് കാരണമാകുന്നു.
- ഹോര്‍മോണ്‍ അളവുകളിലെ വ്യതിയാനം
- ഉപാപചയ പ്രവര്‍ത്തനങ്ങളിലെ മാറ്റം
- പേശികളുടെ അളവ്
- ശരീരത്തിലെ കൊഴുപ്പിന്റെ വിതരണം
- ശരീരത്തിന്റെ ഉപരിതല വിസ്തീര്‍ണം
വിദഗ്ധരുടെ അഭിപ്രായത്തില്‍, നിങ്ങള്‍ക്ക് എത്രത്തോളം തണുപ്പ് അനുഭവപ്പെടുന്നു എന്നത് പ്രധാനമായും ശരീരത്തിലെ പേശികളുടെയും കൊഴുപ്പിന്റെയും അളവിനെയും ആശ്രയിച്ചിരിക്കുന്നു.
ഹോര്‍മോണുകളുടെ അളവ് നിങ്ങളുടെ ശരീരതാപനിലയെ സ്വാധീനിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. ഇത് പുരുഷന്മാരിലും സ്ത്രീകളിലും തണുപ്പ് അനുഭവപ്പെടുന്നതിന്റെ അളവില്‍ വ്യത്യാസമുണ്ടാക്കുന്നു.
സ്ത്രീകള്‍ക്ക് പുരുഷന്മാരെ അപേക്ഷിച്ച് ശരീരത്തില്‍ ചൂട് കൂടുതലായിരിക്കും. അതിനാല്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ കൂടുതല്‍ ചൂട് അനുഭവപ്പെടും. എന്നാല്‍ ഇതിന് വിപരീത ഫലവും ഉണ്ടാകും. നിങ്ങളുടെ ശരീരത്തിന് ചൂട് നിലനിര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ തണുത്ത കാറ്റ് കൂടുതല്‍ തണുപ്പുള്ളതായി അനുഭവപ്പെടാനിടയുണ്ട്.
ഈസ്ട്രജന്റെ അളവും തണുപ്പും
ഹോര്‍മോണ്‍ ഗുളികകള്‍ കഴിക്കുന്ന സ്ത്രീകളില്‍ തണുപ്പ് കൂടുതല്‍ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ഹോര്‍മോണ്‍ ഗുളികകളില്‍ ഈസ്ട്രജന്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തം കട്ടപിടിക്കാന്‍ കാരണമാവുകയും കൈകളിലേക്കും കാല്‍വിരലുകളിലേക്കും രക്തം എത്തിക്കുന്ന ചെറിയ രക്തക്കുഴലുകളിലേക്കുള്ള പ്രവാഹം കുറയ്ക്കുകയും ചെയ്യുന്നു.
കൂടാതെ, ഗര്‍ഭനിരോധന ഗുളികകള്‍ ശരീരത്തിന്റെ താപനില വര്‍ദ്ധിപ്പിക്കുന്നു. ഇത് സ്ത്രീകളില്‍ കൂടുതല്‍ ചൂട് അനുഭവപ്പെടുന്നതിന് കാരണമാകും.
ആര്‍ത്തവ ചക്രത്തിലെ ഓവുലേഷന്‍ സമയത്ത് ശരീരത്തില്‍ ഈസ്ട്രജന്റെ അളവ് വര്‍ധിക്കും. ഇത് സ്ത്രീകളില്‍ തണുപ്പിനോടുള്ള സംവേദനക്ഷമതയെ കാര്യമായി ബാധിക്കും. ഈസ്ട്രജന്‍ രക്തക്കുഴലുകളെ വികസിപ്പിക്കുകയും ചര്‍മ്മത്തിലൂടെ കൂടുതല്‍ ചൂട് പുറത്തുപോകാന്‍ കാരണമാവുകയും ചെയ്യും.
ശരീര വലിപ്പവും ഉപാപചയ പ്രവര്‍ത്തനവും
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് പൊതുവെ ഉയരം കുറവായിരിക്കും. അതുകൊണ്ടുതന്നെ അവരുടെ ശരീരത്തിന്റെ ഉപരിതല വിസ്തീര്‍ണം കുറവാണ്. ഇത് ചൂട് പുറത്തേക്ക് പോകുന്നത് കുറയ്ക്കുന്നു. ചൂട് ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്ന പേശികളുടെ അളവും സ്ത്രീകളില്‍ കുറവായിരിക്കും.
എന്നിരുന്നാലും, പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ കൊഴുപ്പിന്റെ അളവ് കൂടുതലാണ്. ആരോഗ്യകരമായ കൊഴുപ്പിന്റെ അളവ് 21 മുതല്‍ 32 ശതമാനം വരെയാണ്. അതേസമയം പുരുഷന്മാരില്‍ ഇത് 8 മുതല്‍ 19 ശതമാനം വരെയാണ്.
പേശികളേക്കാള്‍ കൊഴുപ്പ്, ശരീരത്തെ ചൂടാക്കി നിലനിര്‍ത്തുന്നില്ലെന്ന് പഠനങ്ങള്‍ പറയുന്നു. സ്ത്രീകളില്‍ പേശി അളവ് താരതമ്യേന കുറവായതിനാല്‍ പുരുഷന്മാരെ അപേക്ഷിച്ച് കൂടുതല്‍ തണുപ്പ് അനുഭവിക്കാന്‍ കാരണമാകുന്നു.
അതായത്, പേശികള്‍ ക്ഷയിക്കുന്നതിനാലാണ് പ്രായമായ ആളുകളില്‍ തണുപ്പ് കൂടുതലായി അനുഭവപ്പെടാന്‍ കാരണം.
എപ്പോഴാണ് തണുപ്പ് ആശങ്കയാവുക ?
വിദഗ്ധാഭിപ്രായത്തില്‍, അമിതമായി തണുപ്പ് തോന്നുന്നത് രക്തയോട്ടം കുറയുന്നതിന്റെ ലക്ഷണമാകാം. ഇത് ശരീര ഊര്‍ജത്തില്‍ കുറവുണ്ടാക്കുന്നു. അത് ചൂട് നിലനിര്‍ത്തുന്നതില്‍ കുറവ് വരുത്തും. റെയ്‌നോഡ്‌സ് രോഗം സ്ത്രീകളില്‍ സാധാരണമാണ്.
ഈ അവസ്ഥയില്‍ രക്തചംക്രമണം ശരിയായ രീതിയില്‍ നടക്കാതെ വരികയും അസ്വസ്ഥതകള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഇത് ചികിത്സയിലൂടെ മാറ്റിയെടുക്കാവുന്നതാണ്.
റെയ്‌നോഡ്‌സ് രോഗം ഉണ്ടാകുമ്പോള്‍ കൈവിരലുകളിലേക്കും കാല്‍വിരലുകളിലേക്കുമുള്ള രക്തയോട്ടം തടസപ്പെടുന്നു. തണുപ്പ്, ഉത്കണ്ഠ, സമ്മര്‍ദം എന്നിവ അനുഭവപ്പെടുമ്പോള്‍ ഇത് ആരംഭിക്കുന്നു. റെയ്‌നോഡ്‌സ് രോഗത്തിന്റെ ലക്ഷണങ്ങളില്‍ മരവിപ്പ്, വേദന, ഇക്കിളി എന്നിവയും ഉള്‍പ്പെടുന്നു.









