
ന്യൂസിലാൻഡ് ടി20 പരമ്പരയ്ക്ക് നാളെ തുടക്കമാകാനിരിക്കെ, ബാറ്റിംഗ് നിരയിൽ നിർണായക മാറ്റം പ്രഖ്യാപിച്ച് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. പരിക്കേറ്റ തിലക് വർമയ്ക്ക് പകരം ശ്രേയസ് അയ്യരെ ടീമിലെടുത്തിരുന്നെങ്കിലും, നാളത്തെ മത്സരത്തിൽ ഇഷാൻ കിഷനായിരിക്കും മൂന്നാം നമ്പറിൽ ഇറങ്ങുകയെന്ന് ക്യാപ്റ്റൻ സ്ഥിരീകരിച്ചു. നാഗ്പൂരിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് സൂര്യകുമാർ യാദവ് ഇക്കാര്യം അറിയിച്ചത്.
ലോകകപ്പ് ടീമിലേക്ക് ആദ്യം പരിഗണിച്ച താരമെന്ന നിലയിൽ ഇഷാൻ കിഷന് അവസരം നൽകുക എന്നത് സ്വാഭാവികമായ നീതിയാണെന്ന് സൂര്യകുമാർ യാദവ് വ്യക്തമാക്കി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ജാർഖണ്ഡിനെ കിരീടത്തിലേക്ക് നയിച്ച തകർപ്പൻ പ്രകടനമാണ് ഇഷാന് വീണ്ടും ദേശീയ ടീമിലേക്ക് വഴിതുറന്നത്. വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കി ലോകകപ്പ് ടീമിൽ ഇഷാനെ ഉൾപ്പെടുത്തിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
Also Read: സഞ്ജു ഓപ്പണർ, ബുമ്ര നയിക്കുന്ന പേസ് നിര; ന്യൂസിലൻഡിനെതിരെ ഇന്ത്യയുടെ സാധ്യത ഇലവൻ ഇങ്ങനെ
2023 നവംബറിന് ശേഷം ആദ്യമായാണ് ഇഷാൻ കിഷൻ ഇന്ത്യൻ ജേഴ്സിയിൽ കളിക്കാനിറങ്ങുന്നത്. വരാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായുള്ള അവസാനവട്ട ഒരുക്കമെന്ന നിലയിൽ ഈ പരമ്പര ഇഷാന് അതീവ നിർണായകമാണ്. നിലവിൽ മലയാളി താരം സഞ്ജു സാംസണാണ് ടീമിലെ വിക്കറ്റ് കീപ്പർ. എന്നാൽ ഇഷാൻ കൂടി എത്തുന്നതോടെ പ്ലേയിംഗ് ഇലവനിലെ സ്ഥാനങ്ങൾക്കായി മത്സരം മുറുകും.
The post ശ്രേയസ് അയ്യർ പുറത്ത്! ഇഷാൻ കിഷൻ മൂന്നാം നമ്പറിൽ ഇറങ്ങും; കിവീസിനെതിരെ നിർണ്ണായക മാറ്റം പ്രഖ്യാപിച്ച് സൂര്യകുമാർ യാദവ് appeared first on Express Kerala.









