
ടോൾ കുടിശ്ശികയുള്ള വാഹനങ്ങൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര സർക്കാർ മോട്ടോർ വാഹന ചട്ടങ്ങളിൽ ഭേദഗതി വരുത്തി. കുടിശ്ശികയുണ്ടെങ്കിൽ വാഹനം വിൽക്കാനോ ഉടമസ്ഥാവകാശം മാറ്റാനോ വാണിജ്യ വാഹനങ്ങളുടെ പെർമിറ്റ് പുതുക്കാനോ ഇനി സാധിക്കില്ല. ഈ വർഷം അവസാനത്തോടെ നടപ്പിലാക്കാൻ പോകുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ടോൾ ശേഖരണത്തിന് മുന്നോടിയായാണ് 1989-ലെ കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിൽ ഈ മാറ്റം വരുത്തി വിജ്ഞാപനം പുറപ്പെടുവിച്ചത്.
പുതിയ മൾട്ടി ലെയ്ൻ ഫ്രീ ഫ്ലോ ടോൾ സിസ്റ്റം വരുന്നതോടെ ടോൾ ഗേറ്റുകളിൽ വാഹനങ്ങൾ നിർത്തേണ്ട ആവശ്യമില്ല. മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ പോകുന്ന വാഹനങ്ങളിൽ നിന്ന് പോലും തത്സമയം ടോൾ ഈടാക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കുന്നതിനൊപ്പം ടോൾ വെട്ടിപ്പ് തടയുക എന്ന ലക്ഷ്യവും ഈ പരിഷ്കാരത്തിനുണ്ട്. നാഷണൽ പെർമിറ്റ് ലഭിക്കണമെങ്കിൽ വാണിജ്യ വാഹനങ്ങൾ ഇനി മുതൽ ടോൾ കുടിശിക ഇല്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും.
Also Read: 21 കോടി വെള്ളത്തിൽ; ഗുജറാത്തിൽ കൂറ്റൻ ജലസംഭരണി വെള്ളം നിറച്ചപ്പോൾ തകർന്നു വീണു
ഭേദഗതിയുടെ ഭാഗമായി വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറുന്നതിന് ഉപയോഗിക്കുന്ന ഫോം 28-ലും സർക്കാർ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വാഹനത്തിന് നികുതി കുടിശികയോ, ട്രാഫിക് ചലാനുകളോ, മറ്റ് നിയമപ്രശ്നങ്ങളോ ഇല്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന എൻ.ഒ.സി ലഭിക്കുന്നതിനാണ് ഈ ഫോം നൽകുന്നത്. പുതിയ മാറ്റങ്ങൾ പ്രകാരം ടോൾ കുടിശികയും ഇതിന്റെ പരിധിയിൽ വരും. ഈ നടപടികൾ ഡിജിറ്റലായി പൂർത്തിയാക്കാനുള്ള സൗകര്യവും പുതിയ വിജ്ഞാപനത്തിലൂടെ ഒരുക്കിയിട്ടുണ്ട്.
The post വാഹന ഉടമകൾ ശ്രദ്ധിക്കുക! ടോൾ അടയ്ക്കാതെ വാഹനം വിൽക്കാനാവില്ല; മോട്ടോർ വാഹന ചട്ടങ്ങളിൽ മാറ്റം വരുത്തി കേന്ദ്രം appeared first on Express Kerala.









