
പയ്യോളിയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നിന്നാണ് ഇവരെ പയ്യോളി പോലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ ഒന്നാം പ്രതിയായ വടകര സ്വദേശിയും വ്യവസായ പ്രമുഖനുമായ ചങ്ങരോത്ത് അബ്ദുൾ റഫീഖിനെ (48) പിടികൂടാനുള്ള നടപടികൾ പോലീസ് ഊർജിതമാക്കി. ഇയാൾ ജനുവരി ആദ്യവാരം വിദേശത്തേക്ക് കടന്നതായാണ് വിവരം. പ്രതിയെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്.
സ്‌കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് കുട്ടി അനുഭവിച്ച ക്രൂരമായ പീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്. കഴിഞ്ഞ രണ്ടര വർഷത്തോളമായി മാതാവിന്റെ സുഹൃത്തായ അബ്ദുൾ റഫീഖ് പീഡിപ്പിക്കുകയായിരുന്നുവെന്ന് കുട്ടി മൊഴി നൽകി. കുട്ടിയുടെ പിതാവ് വിദേശത്തായിരുന്ന സമയത്താണ് പീഡനം നടന്നത്. ഇതിനെല്ലാം മാതാവ് കൂട്ടുനിന്നതായും പയ്യോളി പോലീസ് ഇൻസ്പെക്ടർ ജിതേഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
Also Read: മാരാരിക്കുളം സ്‌കൂളിൽ മുണ്ടിനീര് സ്ഥിരീകരിച്ചു; 21 ദിവസത്തെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ!
കുട്ടി വിവരങ്ങൾ വെളിപ്പെടുത്തിയതോടെ ജനുവരി 17-ന് സ്‌കൂൾ അധികൃതർ പോലീസിനെ സമീപിച്ചു. തുടർന്ന് ചൈൽഡ് ലൈൻ വിവരങ്ങൾ ശേഖരിച്ച് പോലീസിന് കൈമാറുകയായിരുന്നു. കേസെടുത്തതിന് പിന്നാലെ മാതാവും അബ്ദുൾ റഫീഖും ഒളിവിൽ പോയി. രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ അമ്മയെ പോലീസ് വലയിലാക്കിയത്. നിലവിൽ പതിമൂന്നുകാരി ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലാണ്.
The post പയ്യോളി പീഡനം! ഒളിവിൽ പോയ മാതാവ് പോലീസ് വലയിൽ; ഒന്നാം പ്രതിക്കായി തിരച്ചിൽ ഊർജിതം appeared first on Express Kerala.









