
സിപിഎം സംസ്ഥാന സമിതിയിൽ നേതാക്കളുടെ വിവാദ പ്രസ്താവനകൾക്കെതിരെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കർശന മുന്നറിയിപ്പ് നൽകി. പാർട്ടി നിലപാടിന് വിരുദ്ധമായ പരസ്യ പ്രസ്താവനകളിൽ നിന്ന് നേതാക്കൾ വിട്ടുനിൽക്കണമെന്നും, അത്തരം നടപടികളെ പാർട്ടി അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി സജി ചെറിയാൻ, എ.കെ. ബാലൻ എന്നിവരുടെ സമീപകാല പ്രസ്താവനകൾ പാർട്ടിയെ പ്രതിരോധത്തിലാക്കിയ പശ്ചാത്തലത്തിലായിരുന്നു ഈ താക്കീത്. കാസർകോട്, മലപ്പുറം തദ്ദേശ സ്ഥാപനങ്ങളിലെ വിജയികളുടെ പേര് പരാമർശിച്ച് സജി ചെറിയാൻ നടത്തിയ വർഗീയ ധ്രുവീകരണ പ്രസ്താവന പാർട്ടിയുടെ മതേതര പ്രതിച്ഛായയ്ക്ക് വലിയ തോതിൽ ക്ഷീണമുണ്ടാക്കിയെന്നാണ് വിലയിരുത്തൽ.
സജി ചെറിയാന്റെ വാക്കുകൾക്കെതിരെ മുസ്ലിം ലീഗും കോൺഗ്രസും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വർഗീയത ആളിക്കത്തിക്കാൻ മന്ത്രി ശ്രമിക്കുന്നുവെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണവും മതേതര വോട്ടുകളിൽ വിള്ളലുണ്ടാകുമെന്ന പാർട്ടി വിലയിരുത്തലുമാണ് നേതൃത്വത്തെ കർശന നിലപാടിലേക്ക് നയിച്ചത്. വിവാദമായതിനെത്തുടർന്ന് സജി ചെറിയാൻ പ്രസ്താവന പിൻവലിച്ച് ഖേദപ്രകടനം നടത്തിയെങ്കിലും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത വേണമെന്ന് എം.വി. ഗോവിന്ദൻ നിർദ്ദേശിച്ചു.
The post ‘നേതാക്കൾ വാക്കുകൾ സൂക്ഷിക്കണം’; വിവാദങ്ങളിൽ അതൃപ്തി അറിയിച്ച് സിപിഎം സംസ്ഥാന സമിതി appeared first on Express Kerala.









