
തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന അയ്യന്‍കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂളില്‍ പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തില്‍ കായിക മേഖലയില്‍ മുന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കായി 2026-27 അധ്യയന വര്‍ഷത്തില്‍ 5, 11 ക്ലാസുകളിലേയ്‌ക്കും, നിലവില്‍ ഒഴിവുളള 6, 7, 8, 9 ക്ലാസുകളിലേക്കുമുളള സെലക്ഷന്‍ ട്രയല്‍ ഫെബ്രുവരി 2 മുതല്‍ 26 വരെ കേരളത്തിലെ 14 ജില്ലകളിലായി നടക്കും. അത്ലറ്റിക്സ്, ഫുട്ബോള്‍, ജൂഡോ, റസലിംഗ്, ജിംനാസ്റ്റിക്സ് (ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും) എന്നീ ഇനങ്ങളിലായാണ് സെലക്ഷന്‍. നിലവില്‍ 4, 10 ക്ലാസുകളില്‍ പഠിയ്‌ക്കുന്ന കുട്ടികള്‍ സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപത്രം, 3 ഫോട്ടോ, ജാതി, ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ എന്നിവയുടെ പകര്‍പ്പ് ഉള്‍പ്പെടെ താഴെ പറയുന്ന വേദികളില്‍ അതാത് ജില്ലയിലുളളവര്‍ എത്തിച്ചേരണം. ഇപ്പോള്‍ 5, 6, 7, 8 ക്ലാസ്സുകളില്‍ പഠിയ്‌ക്കുന്ന കുട്ടികള്‍ക്ക് അടുത്ത അധ്യയന വര്‍ഷത്തില്‍ 6, 7, 8, 9 ക്ലാസ്സുകളിലേയ്‌ക്ക് പ്രവേശനം നല്‍കും. 8, 9, 11 ക്ലാസുകളിലെ പ്രവേശനം ഫിസിക്കല്‍ ടെസ്റ്റ്, സ്‌കില്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലും, 5, 6, 7 ക്ലാസുകളിലേയ്‌ക്ക് ഫിസിക്കല്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലുമാണ് സെലക്ഷന്‍. കാസര്‍ഗോഡ് മുന്‍സിപ്പല്‍ സറ്റേഡിയത്തില്‍ ഫെബ്രുവരി 2 നും കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഗ്രൗണ്ടില്‍ 3 നും കോഴിക്കോട് ഗവ. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജില്‍ 4 നും വയനാട് ഡബ്ല്യൂ.എം.ഒ കോളേജില്‍ 5 നും മലപ്പുറം വണ്ടൂര്‍ വി.എം.സി.എച്ച്.എസ്.എസില്‍ 6 നും, പാലക്കാട് വിക്ടോറിയ കോളേജില്‍ 7 നും തൃശൂര്‍ തോപ്പ് സെന്റ് തോമസ് കോളേജ് സ്റ്റേഡിയത്തില്‍ 9 നും എറണാകുളം തേവര സേക്രട്ട് ഹാര്‍ട്ട് കോളേജില്‍ 10 നും ഇടുക്കി, മൂലമറ്റം സെന്റ് തോമസ് കോളേജില്‍ 11 നും കോട്ടയം പാല മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ 13 നും ആലപ്പുഴ പുന്നപ്ര എം.ആര്‍.എസില്‍ 14 നും പത്തനംതിട്ട കൊടുമണ്‍ ഇ.എം.എസ് സ്റ്റേഡിയത്തില്‍ 24 നും കൊല്ലം, കൊട്ടാരക്കര ഗവ. ബോയ്‌സ് എച്ച്.എസ്.എസില്‍ 25 നും തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജ് ഗ്രൗണ്ടില്‍ 26 നും രാവിലെ 8 മുതലാണ് സെലക്ഷന്‍ ട്രയല്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് : 7356075313, 9744786578.









