
ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ മത്സരം പാകിസ്ഥാൻ ബഹിഷ്കരിക്കുമെന്ന സർക്കാർ തീരുമാനത്തിൽ ആദ്യമായി പ്രതികരിച്ച് പാക് ക്യാപ്റ്റൻ സൽമാൻ അലി ആഗ. ഇന്ത്യയുമായി കളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് കളിക്കാരല്ലെന്നും, സർക്കാരും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും (പിസിബി) കൈക്കൊള്ളുന്ന നിലപാടുകൾ പിന്തുടരുക മാത്രമാണ് തങ്ങളുടെ ചുമതലയെന്നും അദ്ദേഹം വ്യക്തമാക്കി. ലാഹോറിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പര വിജയത്തിന് പിന്നാലെയായിരുന്നു ക്യാപ്റ്റന്റെ ഈ തുറന്നുപറച്ചിൽ.
ലോകകപ്പിൽ നിന്ന് ബംഗ്ലാദേശിനെ പുറത്താക്കിയ നടപടിയിൽ പ്രതിഷേധിച്ചാണ് ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട ഇന്ത്യ-പാക് പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കാൻ പാകിസ്താൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ, മറ്റ് രാജ്യങ്ങൾക്കെതിരായ മത്സരങ്ങളിൽ പാകിസ്ഥാൻ പങ്കെടുക്കും. അതേസമയം, ടൂർണമെന്റിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരത്തിൽ നിന്നുള്ള ഈ പിന്മാറ്റം കരാർ ലംഘനമാണെന്നും ഇത് പാകിസ്ഥാൻ ക്രിക്കറ്റിന് വൻ തിരിച്ചടിയാകുമെന്നും ഐസിസി മുന്നറിയിപ്പ് നൽകി.
Also Read: വെറുമൊരു സെഞ്ച്വറിയല്ല, ഇതൊരു പ്രഖ്യാപനം! ഇഷാൻ കിഷന്റെ തിരിച്ചുവരവിൽ ആവേശം പങ്കുവെച്ച് ആർ. അശ്വിൻ
ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിച്ചാൽ ലോകകപ്പിൽ നിന്ന് പാകിസ്ഥാനെ പൂർണ്ണമായി വിലക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത അച്ചടക്ക നടപടികളിലേക്ക് ഐസിസി നീങ്ങിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. വിഷയത്തിൽ മുൻ താരങ്ങളായ കെവിൻ പീറ്റേഴ്സണും ആർ. അശ്വിനും പാകിസ്താനെ പരിഹസിച്ച് രംഗത്തെത്തിയിട്ടുണ്ട്.
The post ഇന്ത്യയുമായി കളിക്കില്ല എന്നത് ഞങ്ങളുടെ തീരുമാനമല്ല! പാക് ക്യാപ്റ്റൻ സൽമാൻ അലി ആഗ appeared first on Express Kerala.









