
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ രാജ്യത്തെ ചെറുകിട വ്യാപാരികൾക്കും കർഷകർക്കും വൻ നേട്ടമാകുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു. ഈ കരാറിലൂടെ ഏകദേശം 30 ട്രില്യൺ ഡോളറിന്റെ അമേരിക്കൻ വിപണിയാണ് ഇന്ത്യൻ കയറ്റുമതിക്കാർക്കായി തുറക്കപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഈ ചട്ടക്കൂട് ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ അമേരിക്ക സഹകരണത്തിലെ സുവർണ അധ്യായമാണ് ഇപ്പോൾ തുറന്നിരിക്കുന്നത് എന്ന് പിയൂഷ് ഗോയൽ കൂട്ടിച്ചേർത്തു.
ഇന്ത്യ–അമേരിക്ക വ്യാപാരക്കരാറിന്‍റെ രൂപരേഖ സംബന്ധിച്ച വാർത്താസമ്മേളനത്തിൽ, കരാർ ഇന്ത്യൻ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കുന്നതാണെന്ന് വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ വ്യക്തമാക്കി. കരാറിലൂടെ അമേരിക്കയ്ക്ക് മാത്രമായി പ്രത്യേക നേട്ടങ്ങളില്ലെന്നും ആത്മനിർഭർ ഭാരത് പദ്ധതിയുടെ പരിധിയിലുള്ള ഒരു ഉൽപ്പന്നത്തെയും കരാർ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചുവന്ന ചോളം, നട്സ്, വൈൻ, മദ്യം തുടങ്ങിയ നിശ്ചിത ഉൽപ്പന്നങ്ങൾക്ക് മാത്രമാണ് ഇന്ത്യ വിപണി തുറന്നുകൊടുക്കുന്നത്. അതേസമയം, തേയില, കാപ്പിപ്പൊടി, വെളിച്ചെണ്ണ എന്നിവയ്ക്ക് പുറമെ മാങ്ങ, നേന്ത്രപ്പഴം, പപ്പായ, കൈതച്ചക്ക ഉൾപ്പെടെയുള്ള ഒട്ടേറെ കാർഷിക-ബേക്കറി ഉൽപ്പന്നങ്ങളെ അമേരിക്ക ഇറക്കുമതി തീരുവയിൽ നിന്ന് ഒഴിവാക്കിയത് ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് വലിയ കരുത്താകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൂടാതെ, ജനറിക് മരുന്നുകൾ, രത്നങ്ങൾ, വജ്രം, വിമാന ഭാഗങ്ങൾ എന്നിവയുടെ ഇറക്കുമതി തീരുവ പൂജ്യമായി കുറയ്ക്കാനും തീരുമാനമായിട്ടുണ്ട്. ഇത് ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിക്കും ആഗോള വിപണിയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ മത്സരശേഷി വർദ്ധിപ്പിക്കാനും സഹായിക്കും.
അതേസമയം, ഇന്ത്യൻ കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി വ്യക്തമാക്കി. ചോളം, ഗോതമ്പ്, അരി, പാൽ, ചീസ്, മാംസം തുടങ്ങിയ തന്ത്രപ്രധാനമായ കാർഷിക-പാലുൽപ്പന്നങ്ങളെ കരാറിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കി സംരക്ഷിച്ചിട്ടുണ്ട്. ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങളെ ബാധിക്കാത്ത വിധത്തിലാണ് കരാർ രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
The post ഇന്ത്യ-അമേരിക്ക വ്യാപാര കരാർ! 30 ട്രില്യൺ ഡോളറിന്റെ അമേരിക്ക വിപണി തുറക്കുന്നു; കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടമെന്ന് പീയൂഷ് ഗോയൽ appeared first on Express Kerala.









