
ദുബായി: ഐസിസി ടെസ്റ്റ് ബൗളിങ് റാങ്കിങ്ങില്‍ ഇപ്പോഴും ഭാരതത്തിന്റെ ജസ്പ്രത് ബുംറയാണ് മുന്നില്‍. തൊട്ടു താഴെയുള്ള മിച്ചല്‍ സ്റ്റാര്‍ക്കിനെക്കാള്‍ 41 റേറ്റിങ് പോയിന്റ് വ്യത്യാസത്തിലാണ് ബുംറ ഒന്നാമനായി തുടരുന്നത്. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി) ഏറ്റവും പുതിയ റാങ്ക് പട്ടിക ഇന്നലെ പ്രസിദ്ധപ്പെടുത്തി.
കഴിഞ്ഞ നവംബറിന് ശേഷം ഭാരതം ടെസ്റ്റ് ക്രിക്കറ്റുകളൊന്നും കളിച്ചിട്ടില്ല. ഇത്രയും മാസം നീണ്ട ഇടവേളയ്‌ക്ക് ശേഷവും ബുംറ ഒന്നാം സ്ഥാനത്ത് തുടരുന്നത് വലിയ പ്രത്യേകതയാണ്. ടീം എന്ന നിലയില്‍ പരിമിത ഓവര്‍ ഫോര്‍മാറ്റിന്റെ രണ്ടിലും ഭാരതം ആണ് മൂന്നില്‍. അതേസമയം ടെസ്റ്റില്‍ വലിയ തിരിച്ചടി നേരിട്ട ഭാരതം മൂന്നാം സ്ഥാനത്താണ്.
ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ യശസ്വി ജയ്‌സ്വാളും ശുഭ്മാന്‍ ഗില്ലിനും യഥാക്രമം എട്ട്, ഒമ്പത് സ്ഥാനങ്ങളിലേക്ക് മുന്നേറിയിട്ടുണ്ട്. ജയ്‌സ്വാളിന് 750 റേറ്റിങ് ഉള്ളപ്പോള്‍ ഗില്ലിന്റേത് 730 ആണ്. ബാറ്റിങ്ങില്‍ ഒന്നാമന്‍ ജോ റൂട്ട്(880) ആണ്. ഹാരി ബ്രൂക്ക്, ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്ല്യംസണ്‍ എന്നിവര്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ തുടരുന്നു.
ബുംറ 879 പോയിന്റോടെ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ ടെസ്റ്റ് ബൗളര്‍മാരില്‍ രണ്ടാമതായുള്ള ഭാരത താരം മുഹമ്മദ് സിറാജ് ആണ്. റാങ്ക് ലിസ്റ്റില്‍ 12-ാമനാണ് സിറാജ്. രവീന്ദ്ര ജേഡജയും കുല്‍ദീപ് യാദവും 14, 15 സ്ഥാനങ്ങളിലുണ്ട്.








