
തമിഴ്‌നാട്ടിൽ പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ നടപടികൾ പൂർത്തിയായതിനെത്തുടർന്ന് അന്തിമ വോട്ടർ പട്ടിക പുറത്തിറക്കി. നവംബർ 4 മുതൽ ഡിസംബർ 14 വരെ നീണ്ടുനിന്ന പരിശോധനകൾക്ക് ശേഷം സംസ്ഥാനത്ത് ആകെ 5.67 കോടി വോട്ടർമാരുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അർച്ചന പട്‌നായിക് അറിയിച്ചു. ഏകദേശം 74.07 ലക്ഷം വോട്ടർമാരെ വിവിധ കാരണങ്ങളാൽ പട്ടികയിൽ നിന്ന് ഒഴിവാക്കിയ ശേഷമുള്ള കണക്കാണിത്.
പുതിയ പട്ടികയനുസരിച്ച് സ്ത്രീ വോട്ടർമാരുടെ എണ്ണമാണ് സംസ്ഥാനത്ത് കൂടുതൽ. ആകെ വോട്ടർമാരിൽ 2,89,60,838 സ്ത്രീകളും 2,77,38,925 പുരുഷന്മാരും ഉൾപ്പെടുന്നു. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ നിന്ന് 7,671 വോട്ടർമാരും പട്ടികയിലുണ്ട്. ഒക്ടോബറിൽ 6.41 കോടിയായിരുന്ന വോട്ടർമാരുടെ എണ്ണം കരട് പട്ടികയിലെ കർശനമായ പരിശോധനകൾക്ക് ശേഷമാണ് 5.43 കോടിയായി കുറഞ്ഞത്. എന്നാൽ ഡിസംബർ 19 മുതൽ ജനുവരി 30 വരെയുള്ള കാലയളവിൽ ഏകദേശം 27.5 ലക്ഷം പുതിയ വോട്ടർമാരെ പട്ടികയിൽ ചേർക്കുകയും ചെയ്തു.
യുവ വോട്ടർമാരുടെ പങ്കാളിത്തത്തിലും വലിയ വർധനവുണ്ട്. 18-19 വയസ് പ്രായപരിധിയിലുള്ള 12.51 ലക്ഷം പേർ പുതിയ പട്ടികയിലുണ്ട്. 85 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാർ 3.99 ലക്ഷമാണ്. മണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ നോക്കിയാൽ 5.36 ലക്ഷം വോട്ടർമാരുള്ള ചെങ്കൽപേട്ട് ജില്ലയിലെ ഷോളിംഗനല്ലൂർ നിയമസഭാ മണ്ഡലമാണ് വോട്ടർമാരുടെ എണ്ണത്തിൽ മുന്നിൽ. ചെന്നൈയിലെ ഹാർബർ മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടർമാരുള്ളത്.
The post സ്ത്രീ വോട്ടർമാർ മുന്നിൽ; തമിഴ്‌നാട്ടിൽ വോട്ടർ പട്ടിക പുതുക്കൽ നടപടികൾ പൂർത്തിയായി appeared first on Express Kerala.






