
സൈപ്രസ് : അനുജനും ലോകപ്രശസ്തനുമായ ചെസ് താരം പ്രജ്ഞാനന്ദ സൈപ്രസില്‍ നടക്കുന്ന കാന്‍ഡിഡേറ്റ് ചെസ്സില്‍ തോറ്റുപോയെങ്കിലും വനിതാവിഭാഗത്തില്‍ ഇന്ത്യയുടെ അന്തസ്സുയര്‍ത്തി കിരീടവുമായി ചേച്ചിയായ വൈശാലി. ചരിത്രത്തില്‍ കാന്‍ഡിഡേറ്റ് ടൂര്‍ണ്ണമെന്‍റില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് തമിഴ്നാട്ടുകാരിയായ വൈശാലി. ഇനി വനിതാവിഭാഗം ലോക ചെസ് കിരീടത്തിന് വൈശാലി ചൈനയുടെ ജു വെന്‍ജുവിനെ നേരിടും. പുരുഷ വനിതാ വിഭാഗത്തിലെ ലോക ചെസ് ചാമ്പ്യന്മാരെ നേരിടാനുള്ള ടൂര്‍ണ്ണമെന്‍റായതിനാല്‍ കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റിന് ചെസ്സില്‍ ഏറെ പ്രാധാന്യം നല്‍കുന്നു.
14 റൗണ്ടുള്ള മത്സരത്തില്‍ ഉക്രൈന്‍-റഷ്യന്‍ ചെസ് താരമായ കതറിന ലഗ്നോയെ തോല്‍പിച്ചതോടെയാണ് അര പോയിന്‍റിന്റെ മികവില്‍ വൈശാലി കാന്‍ഡിഡേറ്റ് ചെസ് കിരീടം നേടിയത്.ഇതോടെ 14 റൗണ്ടുകളില്‍ നിന്നായി എട്ടരപോയിന്‍റോടെയാണ് വൈശാലി കാന്‍ഡിഡേറ്റ് കിരീടം സ്വന്തമാക്കിയത്. വൈശാലിക്ക് 30. 8 ലക്ഷം രൂപ (28000 യൂറോ) സമ്മാനത്തുകയായി ലഭിയ്‌ക്കും. തന്റെ ചെസ് ജീവിതത്തില്‍ 24 കാരിയായ വൈശാലിക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.
സൈപ്രസില്‍ കാന്‍ഡിഡേറ്റ് ചെസ് മത്സരം തുടങ്ങുമ്പോള്‍ തീരെ കിരീട സാധ്യതയില്ലാത്ത താരമായി കണക്കാക്കിയിരുന്നത് വൈശാലിയെയാണ്. പകരം ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് കാന്‍ഡിഡേറ്റ് നേടിയേക്കുമെന്നും കരുതിയിരുന്നു. പക്ഷെ എല്ലാവരുടേയും പ്രതീക്ഷ തെറ്റിച്ച് വൈശാലി തുടര്‍ച്ചയായി വിജയം നേടി കിരീടത്തിലേക്ക് കുതിക്കുകയായിരുന്നു. 2024ലെ കാന്‍ഡിഡേറ്റ് ടൂര്‍ണ്ണമെന്‍റില്‍ ഇന്ത്യയുടെ ഗുകേഷ് പുരുഷവിഭാഗത്തില്‍ നടത്തിയ കുതിപ്പിനോടാണ് വൈശാലിയുടെ വിജയത്തെ താരതമ്യം ചെയ്യുന്നത്.
ദിവ്യ ദേശ് മുഖ് വനിതകളുടെ വിഭാഗത്തിലും പ്രജ്ഞാനന്ദ പുരുഷവിഭാഗത്തിലും നിരാശപ്പെടുത്തിയ കാന്‍ഡിഡേറ്റ് ടൂര്‍ണ്ണമന്‍റില്‍ ഇന്ത്യയുടെ വൈശാലി കിരീടം നേടുകയായിരുന്നു. 14ാം റൗണ്ടിലെ മത്സരത്തില്‍ കാതറിന ലാംഗോയ്‌ക്കെതിരെ തുടക്കം മുതലേ വൈശാലി മുന്‍പന്തിയിലായിരുന്നു. അത് കളിയുടെ അവസാനം വരെ തുടര്‍ന്നു. വിജയം കൊയ്യുകയും ചെയ്തു.
അതേ സമയം കാന്‍ഡിഡേറ്റ്സ് പുരുഷവിഭാഗത്തില്‍ വൈശാലിയുടെ അനുജന്‍ പ്രജ്ഞാനന്ദ തുടര്‍ച്ചയായി തോല്‍ക്കുകയായിരുന്നു. ഇതോടെ കിരീടസാധ്യത നഷ്ടപ്പെട്ടു. ഉസ്ബെക്ക് താരം ജവോഖിര്‍ സിന്‍ഡൊറോവാണ് പുരുഷവിഭാഗം ചാമ്പ്യന്‍.








