
കൊല്ലം: വ്യാജ ഓൺലൈൻ ട്രേഡിങ് വഴി പുത്തൂർ സ്വദേശിയുടെ 1.83 കോടി രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി പിടിയിൽ. റാഞ്ചി ജംതാര സ്വദേശി ജിതേന്ദ്ര കുമാർ പപ്പുവിനെയാണ് കൊല്ലം റൂറൽ സൈബർ ക്രൈം വിഭാഗം പിടികൂടിയത്. വൻ ലാഭം വാഗ്ദാനം ചെയ്ത് വിവിധ ഘട്ടങ്ങളിലായാണ് ഇയാൾ പണം തട്ടിയെടുത്തത്.
പ്രതിയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ കണ്ടെത്തി. ഈ പണം പിന്നീട് മറ്റ് പല അക്കൗണ്ടുകളിലേക്കും മാറ്റിയതായും പോലീസ് സ്ഥിരീകരിച്ചു. ജംതാര സൈബർ സിഐഡിയുടെ സഹായത്തോടെയാണ് കൊല്ലം പോലീസ് പ്രതിയെ വലയിലാക്കിയത്. ജിതേന്ദ്ര കുമാർ പപ്പുവിനെതിരെ മലപ്പുറം ഉൾപ്പെടെ കേരളത്തിലെ വിവിധ ജില്ലകളിലും മറ്റു സംസ്ഥാനങ്ങളിലും സമാനമായ നിരവധി സൈബർ തട്ടിപ്പ് കേസുകൾ നിലവിലുണ്ട്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും അവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയെന്നും പോലീസ് അറിയിച്ചു. കൊട്ടാരക്കര ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
The post ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; 1.83 കോടി തട്ടിയെടുത്ത റാഞ്ചി സ്വദേശി കൊല്ലം പോലീസിന്റെ പിടിയിൽ appeared first on Express Kerala.






