
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ വിമത പ്രവർത്തനങ്ങളുടെ പേരിൽ കോഴിക്കോട് ജില്ലയിലെ ഒൻപത് നേതാക്കളെ ബിജെപി പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. വടകര, നാദാപുരം മണ്ഡലങ്ങളിൽ പാർട്ടി സ്ഥാനാർത്ഥികൾക്കെതിരെ പ്രവർത്തിച്ചവർക്കും വിമതരായി പത്രിക നൽകിയവർക്കും എതിരെയാണ് അച്ചടക്ക നടപടി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന്റെ ഉത്തരവ് കോഴിക്കോട് നോർത്ത് ജില്ലാ അധ്യക്ഷൻ സി.ആർ. പ്രഫുൽ കൃഷ്ണനാണ് പുറത്തുവിട്ടത്.
പി. ശ്യാംരാജ് കുരിയാടി വടകര മണ്ഡലം ജനറൽ സെക്രട്ടറി (വടകരയിൽ വിമത സ്ഥാനാർത്ഥിയായി പത്രിക നൽകിയിരുന്നു). പത്മകുമാർ നാദാപുരം മണ്ഡലം സെക്രട്ടറി (നാദാപുരത്ത് വിമതനായി മത്സരിക്കാൻ പത്രിക നൽകി). വടകരയിൽ നിന്നും വി.ടി വിനീഷ്, എ.വി ഗണേശൻ എന്നിവരെയും നാദാപുരത്ത് നിന്ന് രവി വെള്ളൂർ, പി.പി രാജൻ, പി.കെ ബിജീഷ്, നാണു മഞ്ചക്കൽ, ഇ.കെ ബാബു എന്നിവരെയുമാണ് പുറത്താക്കിയത്. വടകരയിൽ ശ്യാംരാജിന്റെ പത്രിക സാങ്കേതിക കാരണങ്ങളാൽ തള്ളിയിരുന്നു. ബിജെപി ഏറെ പ്രതീക്ഷ വെച്ചുപുലർത്തിയിരുന്ന ഈ മണ്ഡലങ്ങളിൽ പാർട്ടിക്കുള്ളിലെ ഭിന്നത തിരിച്ചടിയായെന്ന വിലയിരുത്തലിനെത്തുടർന്നാണ് കർശന നടപടി. വിമത സ്ഥാനാർത്ഥികളായവർക്കും അവർക്ക് പിന്തുണ നൽകിയവർക്കുമാണ് ഇപ്പോൾ പുറത്തേക്കുള്ള വഴി തെളിഞ്ഞത്.
The post കോഴിക്കോട് ബിജെപിയിൽ അച്ചടക്കനടപടി; വിമത നീക്കം നടത്തിയ 9 നേതാക്കളെ പുറത്താക്കി appeared first on Express Kerala.







