
ബെംഗളൂരു: ഐപിഎൽ മത്സരത്തിന് തൊട്ടുമുമ്പ് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ വൻ സുരക്ഷാവീഴ്ച. റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള പോരാട്ടത്തിന് തൊട്ടുമുമ്പായി സ്റ്റേഡിയത്തിലെ ഇരുനൂറിലേറെ സിസിടിവി ക്യാമറകൾ വിച്ഛേദിക്കപ്പെട്ടു. സംഭവത്തിൽ ഐവിഎസ് ഡിജിറ്റൽ സൊല്യൂഷൻസിലെ ജീവനക്കാരായ മഞ്ജുനാഥ് (ചിത്രദുർഗ), അബ്ദുൾ കലാം (ഉത്തർപ്രദേശ്) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കമ്പനി ശമ്പളം തടഞ്ഞുവെച്ചതിലുള്ള പക തീർക്കാനാണ് തങ്ങൾ ഈ പ്രവൃത്തി ചെയ്തതെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു. കാലാവധി കഴിഞ്ഞ ആക്‌സസ് കാർഡുകൾ ഉപയോഗിച്ചാണ് പ്രതികൾ അതിസുരക്ഷാ മേഖലയായ സെർവർ റൂമിൽ കടന്നുകൂടിയത്. അകത്തുകടന്ന യുവാക്കൾ എൻവിആർ, ഫൈബർ കണക്ഷനുകൾ എന്നിവ വിച്ഛേദിച്ചു. ഇതോടെ സ്റ്റേഡിയത്തിലെ പ്രവേശന കവാടങ്ങൾ ഉൾപ്പെടെയുള്ള പ്രധാന ഇടങ്ങളിലെ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുന്നത് തടസ്സപ്പെട്ടു. ക്യാമറകൾ പ്രവർത്തനരഹിതമായത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ബാക്കപ്പ് സംവിധാനങ്ങൾ ഉപയോഗിച്ച് റിയൽ ടൈം മോണിറ്ററിങ് പുനഃസ്ഥാപിക്കാൻ അധികൃതർക്ക് കഴിഞ്ഞു. നിലവിൽ കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
The post ശമ്പളം നൽകിയില്ല! ചിന്നസ്വാമി സ്റ്റേഡിയത്തിലെ 240 സിസിടിവികൾ വിച്ഛേദിച്ചു; പ്രതികൾ പിടിയിൽ appeared first on Express Kerala.






