
വരാനിരിക്കുന്ന അധ്യയനവർഷം പൊതുവിദ്യാലയങ്ങളിൽ പ്രവേശനം തേടിയെത്തുന്ന കുട്ടികൾക്ക് രേഖകളില്ലെന്ന കാരണത്താൽ അഡ്മിഷൻ നിഷേധിക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. ജനന സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖകൾ തുടങ്ങിയവ ലഭിക്കാൻ കാലതാമസം നേരിടുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെയും പ്രവാസികളുടെയും കുട്ടികൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും.
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് സ്കൂളുകളിൽ മേയ് രണ്ടിന് പ്രവേശന നടപടികൾ ആരംഭിക്കും. രേഖകൾ ലഭിക്കുന്നതുവരെ ഇവർക്ക് താത്കാലിക പ്രവേശനം നൽകാനാണ് നിർദ്ദേശം. സ്കൂൾ പ്രവേശനത്തിനായി കുട്ടികളെ പരീക്ഷയ്ക്ക് വിധേയരാക്കാൻ പാടില്ല. വിദേശത്തോ മറ്റു സംസ്ഥാനങ്ങളിലോ ആയതിനാലോ അസുഖം മൂലമോ വാർഷിക പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് സ്കൂൾ തലത്തിൽ പ്രത്യേക പരീക്ഷ നടത്തി ക്ലാസുകയറ്റം നൽകും.
Also Read: CUET അണ്ടർ ഗ്രാജുവേറ്റ് സിറ്റി ഇന്റിമേഷൻ സ്ലിപ്പ് 2026 ഉടൻ പുറത്തിറങ്ങും
രേഖകൾ ഹാജരാക്കുന്നത് വരെ കുട്ടികളുടെ പ്രവേശനം തടഞ്ഞുവെക്കരുത്.
രേഖകളില്ലാതെ പ്രവേശനം നൽകാമെങ്കിലും, സ്കൂൾ തുറന്ന് ആറാം ദിവസം നടക്കുന്ന കുട്ടികളുടെ കണക്കെടുപ്പിൽ കൃത്യമായ രേഖകൾ ഹാജരാക്കിയില്ലെങ്കിൽ ഇവരെ ഉൾപ്പെടുത്തില്ല. കഴിഞ്ഞ വർഷം തിരിച്ചറിയൽ രേഖകൾ കൃത്യസമയത്ത് അപ്‌ലോഡ് ചെയ്യാത്തത് തസ്തിക നിർണ്ണയത്തെ ബാധിക്കുകയും പിന്നീട് സർക്കാർ സമയം നീട്ടി നൽകുകയുമായിരുന്നു.
The post രേഖകളില്ലെങ്കിലും സ്കൂൾ പ്രവേശനം ഉറപ്പ്; പ്രവാസികൾക്കും ഇതരസംസ്ഥാനക്കാർക്കും ഇളവ് appeared first on Express Kerala.






