
പാരീസ്: ദിവസങ്ങള്‍ മാത്രം അവശേഷിക്കെ സീസണിലെ രണ്ടാം ഗ്രാന്‍ഡ് സ്‌ലാം ടെന്നീസ് ടൂര്‍ണമെന്റ് ഫ്രഞ്ച് ഓപ്പണ്‍ കനത്ത വെല്ലുവിളിയില്‍. മുന്‍നിര താരങ്ങള്‍ പ്രതിഫലം വര്‍ദ്ധിപ്പിക്കാത്തത് ചൂണ്ടിക്കാട്ടിക്കൊണ്ട് പ്രതിഷേധം അറിയിച്ചുകൊണ്ടിരിക്കുന്നതാണ് ടൂര്‍ണമെന്റ് അനിശ്ചിതത്വത്തിലോയെന്ന് സംശയത്തിന് ഇടയാക്കിയിരിക്കുന്നത്.
പ്രതിഫലം വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്നാണ് പ്രധാന താരങ്ങള്‍ നിലപാടെടുത്തിരിക്കുന്നത്. മുന്‍നിര താരങ്ങളില്ലാതായാല്‍ തന്നെ ടൂര്‍ണമെന്റിന്റെ ശോഭ കെടും. ഇത്തരത്തിലൊരു സ്ഥിതി അനിശ്ചിതത്വത്തിന് സമാനമായ സാഹചര്യമാണ് പാരീസിലെ റോളന്‍ഡ് ഗാരോസില്‍ ഉരുണ്ടുകൂടുന്നത്.
ഫ്രഞ്ച് ഓപ്പണിന് ഇത്തവണ നല്‍കുന്ന സമ്മാനത്തുകയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 9.5 ശതമാനം വര്‍ദ്ധിപ്പിച്ചതായി അധികൃതര്‍ പ്രഖ്യാപിച്ചു. അതിന് പിന്നാലെയാണ് പ്രതിഷേധങ്ങളും വിവാദങ്ങളും തലയുയര്‍ത്തിയത്. വര്‍ദ്ധനയ്‌ക്ക് ശേഷമുള്ള ഫ്രഞ്ച് ഓപ്പണിന്റെ സമ്മാനത്തുക 61.7 ദശലക്ഷം യൂറോ ആണ്. ഇതിന് ആനുപാതികമായി താരങ്ങളുടെ വരുമാന വിഹിതം വര്‍ദ്ധിപ്പിച്ചിട്ടില്ലെന്നാണ് വസ്തുത. പുതിയ സാഹചര്യത്തില്‍ പ്രതിഫലം 14.9 ശതമാനമായി ചുരുങ്ങും. സാധാരണായയി വരുമാനത്തിന്റെ 15 ശതമാനം ആണ് താരങ്ങള്‍ക്ക് നല്‍കിവരുന്നത്. ഇക്കുറി വര്‍ദ്ധനയില്ലാത്തതു കാരണമാണ് 14.9 ശതമാനമായി താഴ്ന്നത്. ഇത് ചോദ്യം ചെയ്തുകൊണ്ട് വനിതാ സിംഗിള്‍സ് താരം അരീന സബലെങ്ക ആണ് ആദ്യം രംഗത്തെത്തിയത്. ഈ നിലപാടിനെ പിന്തുണച്ച് നിലവിലെ ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ജേത്രി കൂടിയായ അമേരിക്കന്‍ വനിതാ സിംഗിള്‍സ് താരം കോകോ ഗൗഫും മുന്നോട്ട് വന്നു. പിന്നീട് നോവാക് ദ്യോക്കോവിച്ചും യാനിക് സിന്നറും ഈ തിരുമാനത്തിനുള്ള പിന്തുണ അറിയിച്ചു.
വരുമാനം വര്‍ദ്ധിപ്പിക്കുന്നില്ലെന്നാല്‍ താരങ്ങള്‍ക്ക് അത്രമാത്രം വിലയേ കല്‍പ്പിക്കുന്നുള്ളൂ എന്നാണ് അര്‍ത്ഥം എന്ന് സിന്നര്‍ അഭിപ്രായപ്പെട്ടു.









