
കാഞ്ഞങ്ങാട്: സംസ്ഥാന യൂത്ത് ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കലാശപ്പോരാട്ടങ്ങളിലേക്ക്. പെണ്‍കുട്ടികളുടെ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ കോഴിക്കോട് ആലപ്പുഴയെ നേരിടും. കാഞ്ഞങ്ങാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആവേശകരമായി തുടരുന്ന ചാമ്പ്യന്‍ഷിപ്പിന്റെ 42-ാം പതിപ്പ് കേരള ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്റെയും കാസര്‍കോട് ജില്ലാ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്റെയും ആഭിമുഖ്യത്തിലാണ് സംഘടിപ്പിക്കുന്നത്.
പെണ്‍ വിഭാഗം സെമിഫൈനലില്‍ കൊല്ലത്തെ 68-3ന് പരാജയപ്പെടുത്തിയാണ് കോഴിക്കോട് ഫൈനലില്‍ കടന്നത്. പകുതി സമയത്ത് 27-14 ന് മുന്നിലായിരുന്ന കോഴിക്കോടിനായി അക്ഷര കെ 31 പോയിന്റുകള്‍ നേടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു. അന്ന മറിയം രതീഷ് 14 പോയിന്റുകള്‍ നേടി. കൊല്ലത്തിനായി ബ്രീസ ബിനു 12 പോയിന്റും ജുവാന റോയ്, അപര്‍ണ എം.എസ് എന്നിവര്‍ 10 പോയിന്റ് വീതവും നേടി. തിരുവനന്തപുരത്തെ 66-54ന് പരാജയപ്പെടുത്തിയാണ് ആലപ്പുഴ ഫൈനല്‍ ഉറപ്പിച്ചത്. സുഭദ്ര ജയകുമാര്‍ (17), അനീഷ ഷിബു (15) എന്നിവരാണ് ആലപ്പുഴയുടെ വിജയം എളുപ്പമാക്കിയത്. തിരുവനന്തപുരത്തിനായി തേജസ്വിനി വി 20 പോയിന്റും സാദിയ ഖാന്‍ 15 പോയിന്റും നേടി.








